വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ്; ഇഷാന് പകരം രാഹുൽ ടീമിൽ
text_fieldsഅഹ്മദാബാദ്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബൗളിങ് തെരഞ്ഞെടുത്തു. ഇഷാൻ കിഷന് പകരം കെ.എൽ. രാഹുൽ ഇന്ത്യൻ ടീമിൽ മടങ്ങിയെത്തി. കീറൺ പൊള്ളാർഡിന് പകരം നികോളസ് പുരാനാണ് വിൻഡീസിനെ നയിക്കുന്നത്. സ്വന്തം മണ്ണിൽ ഇന്ത്യയുടെ മുൻ നായകൻ വിരാട് കോഹ്ലിയുടെ 100ാം ഏകദിനമാണിന്ന്.
ഏകദിന പരമ്പര ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ കളിയിൽ ആധികാരിക ജയം സ്വന്തമാക്കിയ രോഹിത് ശർമക്കും കൂട്ടർക്കും ഇന്നുകൂടി ജയിക്കാനായാൽ മൂന്നു മത്സര പരമ്പര സ്വന്തമാക്കാം.
ആദ്യ കളിയിൽ ബൗളിങ്ങിലും ബാറ്റിങ്ങിലും ആധിപത്യം പുലർത്തിയാണ് ഇന്ത്യ ജയിച്ചുകയറിയത്. അത് ഇന്നും തുടരാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ബൗളിങ്ങിൽ സ്പിന്നർമാരായ യുസ്വേന്ദ്ര ചഹലിന്റെയും വാഷിങ്ടൺ സുന്ദറിന്റെയും ഫോമാണ് ടീമിന്റെ പ്ലസ് പോയന്റ്. ബാറ്റിങ്ങിൽ നായകൻ രോഹിതും ഫോമിലാണ്. ആദ്യ കളിക്കില്ലാതിരുന്ന ലോകേഷ് രാഹുൽ കൂടി തിരിച്ചെത്തുന്നത് ടീമിന് കരുത്താകും.

