വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരത്തിനെതിരെ ലൈംഗിക പീഡന പരാതി; നിലവിൽ ടീമിലെ അംഗം, പരാതി നൽകിയത് 11 യുവതികൾ
text_fieldsബാർബഡോസ്: വെസ്റ്റിൻഡീസ് ക്രിക്കറ്റ് സൂപ്പർ താരത്തിനെതിരെ ലൈംഗിക പീഡന പരാതി. താരത്തിന്‍റെ പേര് പുറത്തുവന്നിട്ടില്ലെങ്കിലും നിലവിൽ നാട്ടിൽ ആസ്ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പര കളിക്കുന്ന വിൻഡീസ് ടീമിലെ അംഗത്തിനെതിരെയാണ് പരാതി. ഗയാനയിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും 10 യുവതികളുമാണ് പരാതിയുമായി രംഗത്തെത്തിയത്.
ബാർബഡോസിലെ കെൻസിങ്ടൺ ഓവലിൽ ഓസീസിനെതിരായ പരമ്പരയിലെ ഒന്നാം ടെസ്റ്റ് നടക്കുന്നതിനിടെയാണ് ടീമിലെ പ്രധാന താരത്തിനെതിരെ ഗുരുതരമായ ലൈംഗിക പീഡന പരാതി ഉയർന്നിരിക്കുന്നത്. ഗയാനയിലെ ബെർബീസിലുള്ള യുവതിയാണ് താരത്തിനെതിരെ ആദ്യം പരാതി നൽകിയത്. 2023 മാർച്ച് മൂന്നിന് ബെർബീസിലെ ന്യൂ ആംസ്റ്റർഡാമിലുള്ള വീട്ടിൽ വെച്ച് താരം പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്.
സംഭവം നടക്കുമ്പോൽ 18 വയസ്സായിരുന്നു പരാതിക്കാരിയുടെ പ്രായം. കുടുംബവുമായി താരത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇത് മുതലെടുത്താണ് മകളെ ജോലി സ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് പരാതിക്കാരിയുടെ മാതാവ് വെളിപ്പെടുത്തി. ന്യൂ ആംസ്റ്റർഡാമിലെ വീട്ടിലെത്തിച്ചശേഷം ബലമായി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഈസമയം വീട്ടിൽ താരത്തിന്‍റെ സഹൃത്തുക്കളും ഉണ്ടായിരുന്നു.
ഒരു യുവതി രണ്ടു വർഷം മുമ്പു തന്നെ താരത്തിനെതിരെ ആരോപണം ഉന്നയിച്ചിരുന്നതായി അഭിഭാഷകൻ വ്യക്തമാക്കി. അന്ന് വിശദമായ അന്വേഷണം നടന്നെങ്കിലും പിന്നീട് എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, ഇത്തരമൊരു സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വിശദമായി അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നുമാണ് ക്രിക്കറ്റ് വെസ്റ്റിൻഡീസ് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

