‘ഈ പോരാട്ടം തോറ്റു, പക്ഷേ യുദ്ധം കഴിഞ്ഞിട്ടില്ല’; മറക്കാനാകാത്ത ദിനമെന്ന് പഞ്ചാബ് നായകൻ
text_fieldsമുല്ലൻപുർ: ഐ.പി.എൽ സീസണിലെ മികച്ച പ്രകടനവുമായി മുന്നേറിയ പഞ്ചാബ് കിങ്സിന് ഒന്നാം ക്വാളിഫയറിൽ നേരിടേണ്ടിവന്നത് അപ്രതീക്ഷിത തോൽവിയാണ്. സ്വന്തം തട്ടകത്തിൽ ജയിച്ചുകയറി ഫൈനലുറപ്പിക്കാമെന്ന കണക്കുകൂട്ടലിൽ കളത്തിലിറങ്ങിയ പഞ്ചാബിനെ 101 റൺസിൽ എറിഞ്ഞൊതുക്കിയ ആർ.സി.ബി, എട്ട് വിക്കറ്റിന് വിജയം സ്വന്തമാക്കുകയും ചെയ്തു. തോറ്റെങ്കിലും രണ്ടാം ക്വാളിഫയർ കളിച്ച് ജയിച്ചാൽ ഫൈനലിൽ എത്താമെന്ന പ്രതീക്ഷയിലാണ് പഞ്ചാബ് ‘രാജാക്കന്മാർ’. മത്സരശേഷം നായകൻ ശ്രേയസ് അയ്യരുടെ പ്രതികരണവും അതുതന്നെയായിരുന്നു.
“‘ഈ പോരാട്ടത്തിൽ ഞങ്ങൾ തോറ്റു, പക്ഷേ യുദ്ധം കഴിഞ്ഞിട്ടില്ല. ഫീൽഡിൽ സ്വീകരിച്ച തീരുമാനങ്ങൾ പിഴച്ചെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ ഇത്തരം വിക്കറ്റിൽ ബാറ്റ് ചെയ്യാനുള്ള തയാറെടുപ്പ് വേണ്ടിയിരുന്നു. ഇവിടെ കളിച്ച എല്ലാ മത്സരത്തിലും ബാൾ ബൗൺസ് ചെയ്യുന്നതിൽ വ്യതിയാനങ്ങളുണ്ടായിരുന്നു. എന്നാൽ പ്രഫഷനലുകളെന്ന നിലയിൽ ഇത്തരം കാരണങ്ങൾ പറയുന്നത് ശരിയല്ല.
ഇന്നത്തെ സാഹചര്യം അതിജീവിക്കുന്നതിൽ ബാറ്റിങ് ഡിപാർട്ട്മെന്‍റ് പരാജയപ്പെട്ടു എന്നതാണ് യാഥാർഥ്യം. നേരത്തെ തയാറാക്കിയ പദ്ധതികളൊന്നും ഗ്രൗണ്ടിൽ നടപ്പായില്ല. ഇത്രയും ചെറിയ സ്കോർ പ്രതിരോധിക്കുക എന്നത് ബൗളർമാക്ക് എളുപ്പമല്ല, അതിനാൽ അവരെ കുറ്റപ്പെടുത്താനാകില്ല. മറക്കാനാകാത്ത ഒരു ദിനമാണിത്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കി തിരിച്ചുവരണം” -ശ്രേയസ് അയ്യർ പറഞ്ഞു.
ഒന്നാം ക്വാളിഫയറിൽ എട്ട് വിക്കറ്റിനാണ് റോയൽ ചാലഞ്ചേഴ്സ് ജയം പിടിച്ചത്. മൂന്ന് വീതം വിക്കറ്റുകൾ പിഴുത സുയാഷ് ശർമയും ജോഷ് ഹെയ്സൽവുഡുമാണ് പഞ്ചാബ് ബാറ്റിങ് നിരയെ കടപുഴക്കിയത്. 102 റൺസിന്‍റെ വിജയലക്ഷ്യം പത്തോവറിൽ ആർ.സി.ബി മറികടന്നു. അർധ സെഞ്ച്വറി നേടിയ ഫിൽ സാൾട്ട് (56*) ടോപ് സ്കോററായി.
ഇന്ന് നടക്കുന്ന എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസ് മുംബൈ ഇന്ത്യൻസിനെ നേരിടും. ഈ മത്സരത്തിൽ ജയിക്കുന്ന ടീം ഞായറാഴ്ച രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സുമായി ഏറ്റുമുട്ടും. ഇതിൽ വിജയിച്ചാൽ കലാശപ്പോരിൽ വീണ്ടും ആർ.സി.ബിയുമായി ഏറ്റുമുട്ടാനുള്ള അവസരം കിങ്സിനു ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

