ചില താരങ്ങളുടെ കുറവ് അനുഭവപ്പെടുന്നു; ടീം ബാലൻസ് അല്ല- ചെന്നൈ സൂപ്പർ കിങ്സ് കോച്ച്
text_fieldsഐ.പി.എല്ലിൽ തുടർച്ചയായ രണ്ടു മത്സരങ്ങളിൽ തോറ്റതോടെ ടീമിലെ 'ചില കുഴപ്പങ്ങൾ' ചൂണ്ടിക്കാണിച്ച് ചെന്നൈ സൂപ്പർ കിങ്സ് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്. ചില താരങ്ങളുടെ കുറവ് ടീമിൽ നന്നായി അനുഭവപ്പെടുന്നുണ്ടെന്നും മുൻ ന്യൂസിലൻറ് താരം കൂടിയായ ഫ്ലെമിങ് പറഞ്ഞു. ഡൽഹി ക്യാപിറ്റൽസിനോട് തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെയായിരുന്നു കോച്ചിൻെറ പ്രതികരണം.
'' ചില പ്രശ്നങ്ങൾ ടീമിലുണ്ട്. ഒന്നുരണ്ടു താരങ്ങളുടെ കുറവ് അനുഭവപ്പെടുന്നു. ടീമിൽ സന്തുലിതാവസ്ഥ കണ്ടെത്താനാണ് നിലവിൽ ശ്രമിക്കുന്നത്. റായുഡുവും റെയ്നയുമില്ലാത്തത് പ്രശ്നമാവുന്നുണ്ട്. ലഭ്യമായ താരങ്ങളെ എങ്ങനെ അനുയോജ്യമായ രീതിയിൽ ഉപയോഗപ്പെടുത്താമെന്നാണ് ഞങ്ങൾ ശ്രമിക്കുന്നത്. ടോപ് ബാറ്റ്സ്മാൻമാർക്ക് കൂടുതൽ റൺസ് കണ്ടെത്താൻ കഴിയാത്തതും പ്രശ്നമാണ്''- ഫ്ലെമിങ് പറഞ്ഞു.
ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി തുടങ്ങിയ മുൻ ചാമ്പ്യന്മാർക്ക് പക്ഷേ, അടുത്ത രണ്ടു മത്സരത്തിലും തോൽക്കാനായിരുന്നു വിധി. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 16 റൺസിനും ഡൽഹി ക്യാപിറ്റൽസിനോട് 44 റൺസിനും ചെന്നൈ തോറ്റിരുന്നു.

