Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെലക്ടർമാരുടെ മോശം പെരുമാറ്റമാണ് കോഹ്‌ലിയുടെ ടെസ്റ്റ് പടിയിറക്കത്തിന് കാരണമെന്ന് വസീം ജാഫർ

text_fields
bookmark_border
സെലക്ടർമാരുടെ മോശം പെരുമാറ്റമാണ് കോഹ്‌ലിയുടെ ടെസ്റ്റ് പടിയിറക്കത്തിന് കാരണമെന്ന് വസീം ജാഫർ
cancel

ന്യൂഡൽഹി: വിരാട് കോഹ്‌ലിയുടെ അപ്രതീക്ഷിത ടെസ്റ്റ് വിരമിക്കലിന് പിന്നിൽ അന്നത്തെ ബി.സി.സി.ഐ ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ മോശം പെരുമാറ്റമാണെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. സെലക്ടർമാരുടെ നീതികേടും അവഗണനയുമാണ് കോഹ്‌ലിയെ റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് വിടപറയാൻ പ്രേരിപ്പിച്ചതെന്നാണ് ജാഫറിന്റെ തുറന്നടി.

കഴിഞ്ഞ വർഷം ഐ.പി.എൽ സീസണിന് പിന്നാലെ രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഒരാഴ്ചയുടെ വ്യത്യാസത്തിലാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിന് ടീം ഒരുങ്ങുന്നതിനിടെയുണ്ടായ ഈ തീരുമാനം ആരാധകരെയും ക്രിക്കറ്റ് ലോകത്തെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. സ്വന്തം യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് ജാഫർ ഈ ഗുരുതര ആരോപണം ഉന്നയിച്ചത്.

"കോഹ്‌ലിക്ക് ഇനിയും ഒട്ടേറെ ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ കഴിയുമായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനായി അദ്ദേഹം തയാറെടുപ്പുകൾ നടത്തിവരികയും ചെയ്തിരുന്നു. എന്നാൽ, തന്നോട് പെരുമാറിയ രീതിയിൽ കോഹ്‌ലിക്ക് കടുത്ത അമർഷമുണ്ടായിരുന്നു. സ്വന്തം വായ്കൊണ്ട് ഇക്കാര്യം പറയുന്നതുവരെ നമുക്ക് യഥാർത്ഥ കാരണം പൂർണ്ണമായി അറിയാൻ കഴിയില്ലെങ്കിലും, സെലക്ടർമാരുടെ അസംതൃപ്തമായ സമീപനമാണ് അദ്ദേഹത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചത്"— ജാഫർ വ്യക്തമാക്കി.

കരിയറിന്റെ അവസാന ഘട്ടത്തിൽ പല സുപ്രധാന നാഴികക്കല്ലുകളിലും എത്തുന്നതിന് തൊട്ടുമുമ്പാണ് കോലി പടിയിറങ്ങിയത്. 125 ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കാൻ വെറും രണ്ട് മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെയായിരുന്നു വിരമിക്കൽ. ഇത് സാധ്യമായിരുന്നെങ്കിൽ ഇതിഹാസ താരം സുനിൽ ഗാവസ്കറുടെ റെക്കോർഡിനൊപ്പമെത്താൻ അദ്ദേഹത്തിന് കഴിയുമായിരുന്നു.

കൂടാതെ, ടെസ്റ്റിൽ 10,000 റൺസ് ക്ലബ്ബിൽ ഇടംനേടാൻ 770 റൺസും, 35 സെഞ്ചുറികൾ തികയ്ക്കാൻ അഞ്ച് ശതകങ്ങളും കൂടി മാത്രമാണ് കോലിക്ക് വേണ്ടിയിരുന്നത്. ഇത് സാധ്യമായാൽ ടെസ്റ്റിൽ ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ താരമായി കോലി മാറുമായിരുന്നു.

2025-ന്റെ തുടക്കത്തിൽ നടന്ന ഓസ്ട്രേലിയൻ പര്യടനമായിരുന്നു കോലിയുടെ കരിയറിലെ അവസാന ടെസ്റ്റ് പരമ്പര. പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിൽ നിന്നായി 23.75 ശരാശരിയിൽ 190 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഈ മോശം ഫോമും സെലക്ഷൻ കമ്മിറ്റിയുടെ ഭാഗത്തുനിന്നുള്ള കടുത്ത സമ്മർദ്ദവും പെട്ടെന്നുള്ള വിരമിക്കലിന് കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wasim Jaffer Blames Ajit Agarkar For Virat Kohli's Test Retirement
Next Story