‘അവന് ക്രിക്കറ്റിൽ മികച്ച ഭാവിയുണ്ട്...’; സി.എസ്.കെ സ്റ്റാറിനെ പുകഴ്ത്തി പാക് ഇതിഹാസം
text_fieldsചെന്നൈ സൂപ്പർ കിങ്സ് ഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദിനെ പ്രശംസിച്ച് പാകിസ്താൻ ഇതിഹാസ താരം വാസിം അക്രം. ഇന്ത്യൻ ക്രിക്കറ്റിൽ ഗെയ്‌ക്‌വാദിന് മികച്ച ഭാവിയുണ്ടെന്ന് മുൻ പേസർ പ്രതികരിച്ചു.
അഞ്ചാം ഐ.പി.എൽ കിരീടത്തിലേക്കുള്ള യാത്രയിൽ ചെന്നൈയുടെ ബാറ്റിങ് നിരയെ മുന്നിപദംനിന്ന് നയിച്ചത് ഗെയ്‌ക്‌വാദായിരുന്നു. 590 റൺസാണ് താരം സീസണിൽ നേടിയത്. ഇതിൽ നാലു അർധ സെഞ്ച്വറികളും ഉൾപ്പെടും. 42.14 ആണ് ശരാശരി. ചെന്നൈക്കായി 52 മത്സരങ്ങളിൽനിന്ന് 1797 റൺസാണ് 26കാരനായ താരം ഇതുവരെ നേടിയത്. ഇന്ത്യക്കായി 10 ട്വന്‍റി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
‘സമ്മർദത്തിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. അവൻ ശാരീരികമായി വളരെ ഫിറ്റാണ് എന്നതാണ് അദ്ദേഹത്തിന്റെ പ്ലസ്. മികച്ച ഫീൽഡറാണ്, കൂടാതെ ചെറുപ്പവും. ഇന്ത്യൻ ക്രിക്കറ്റിലും അദ്ദേഹം കളിക്കുന്ന ഫ്രാഞ്ചൈസികളിലും ഗെയ്‌ക്‌വാദിന് നല്ല ഭാവിയുണ്ട്’ -അക്രം പറഞ്ഞു. വിവാഹ ചടങ്ങുകൾ കണക്കിലെടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് ഗെയ്‌ക്‌വാദിനെ ഒഴിവാക്കിയിട്ടുണ്ട്. പകരം യശ്വസി ജെയ്‌സ്വാളിനെയാണ് ടീമിൽ ഉൾപ്പെടുത്തിയത്.