‘ഇന്ത്യയും പാകിസ്താനും തമ്മിൽ ടെസ്റ്റ് കളിക്കണം’; ആരാധകർ കാത്തിരിക്കുന്നുവെന്ന് വസീം അക്രം
text_fieldsവസീം അക്രം
ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് ആരംഭിക്കാനിരിക്കെ, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരകൾ പുനരാരംഭിക്കണമെന്ന അഭിപ്രായവുമായി പാക് മുൻതാരം വസീം അക്രം രംഗത്ത്. ഏഷ്യ കപ്പ് ആഗോളതലത്തിൽ ക്രിക്കറ്റ് ആരാധകർക്കുള്ള വിരുന്നാകും. എന്നാൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങൾ കാണാനായി ആരാധകർ ദീർഘനാളായി കാത്തിരിക്കുകയാണ്. ഏഷ്യ കപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ തന്നെയാണ് ഫേവറിറ്റുകളെന്നും അക്രം ടെലകോം ഏഷ്യ സ്പോർട്ടിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സെപ്റ്റംബർ 14നാണ് ഏഷ്യ കപ്പിൽ ഇന്ത്യ -പാകിസ്താൻ ഗ്രൂപ്പ് ഘട്ട പോരാട്ടം.
“ഏഷ്യ കപ്പ് ഏറെ അകലെയല്ല, രാഷ്ട്രീയ സംഘർഷങ്ങൾക്കതീതമായി ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുകയാണ്. രണ്ട് ടീമുകളും ഫൈനലിലെത്തിയാൽ, രണ്ടാഴ്ചത്തെ ഇടവേളയിൽ മൂന്ന് മത്സരങ്ങളിൽ പരസ്പരം ഏറ്റുമുട്ടും. ഈ മത്സരങ്ങൾ ഏതൊരു ഇന്ത്യ -പാക് മത്സരവും പോലെ ആവേശകരമാകുമെന്നതിൽ തർക്കമില്ല. ഇരുടീമിലെയും കളിക്കാരും ഒപ്പം ആരാധകരും അച്ചടക്കം പാലിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. സ്വന്തം രാജ്യത്തിനായി മികച്ച പ്രകടനം പുറത്തെടുക്കാനാകും ഇരുടീമുകളിലെയും കളിക്കാർ ശ്രമിക്കുക.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ തന്നെയാണ് ടൂർണമെന്‍റിലെ ഫേവറിറ്റുകൾ. എന്നാൽ മത്സരദിവസത്തെ സമ്മർദം അതിജീവിക്കുന്ന ടീമാകും വിജയികളാകുക. ഏഷ്യ കപ്പ് ആഗോളതലത്തിൽ ക്രിക്കറ്റ് ആരാധകർക്കുള്ള വിരുന്നാകും. എന്നാൽ ഇന്ത്യയും പാകിസ്താനും ടെസ്റ്റ് പരമ്പരകൾ പുനരാരംഭിക്കണമെന്നാണ് എന്‍റെ ആഗ്രഹം. ദീർഘനാളായി അത്തരമൊരു മത്സരത്തിന് ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നു. ഇരുരാജ്യത്തെയും ആരാധകർ കാത്തിരിക്കുന്ന ചരിത്ര നിമിഷം കൂടിയാണത്” -അക്രം പറഞ്ഞു.
2013നു ശേഷം ഇന്ത്യയും പാകിസ്താനും തമ്മിൽ പരമ്പരകൾ നടന്നിട്ടില്ല. ലോകകപ്പും ഏഷ്യ കപ്പും ഉൾപ്പെടെയുള്ള വലിയ ടൂർണമെന്‍റുകളിൽ മാത്രമാണ് നിലവിൽ ഇരുടീമുകളും ഏറ്റുമുട്ടുന്നത്. പാകിസ്താൻ ഭീകരതയെ പിന്തുണക്കുന്നുവെന്ന് കാണിച്ച് കേന്ദ്രം അകന്നു നിൽക്കുന്ന പശ്ചാത്തലത്തിലാണ് ക്രിക്കറ്റ് മത്സരങ്ങൾക്കും നിയന്ത്രണം വന്നത്. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഉഭയകക്ഷി ബന്ധത്തിൽ വലിയ വിള്ളൽ വീണതോടെ, അടുത്ത കാലത്തൊന്നും ഇരു ക്രിക്കറ്റ് ബോർഡുകളും തമ്മിൽ ചർച്ച നടക്കാനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഇതിനിടെയാണ് ഇരുടീമുകളും തമ്മിൽ ടെസ്റ്റ് പരമ്പര പുനരാരംഭിക്കണമെന്ന അഭിപ്രായവുമായി അക്രം രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

