‘വിമാനത്തിൽ അവൾ ബോധരഹിതയായി, വിസയില്ലാഞ്ഞിട്ടും ചെന്നൈയിൽ ചികിത്സ ലഭിച്ചു’; ഭാര്യയുടെ മരണത്തിന്റെ ഓർമകൾ പങ്കുവെച്ച് വസീം അക്രം
text_fieldsകറാച്ചി: ഭാര്യയുടെ മരണത്തിന്റെ നീറുന്ന ഓർമകൾ പങ്കുവെച്ച് പാകിസ്താൻ മുൻ ക്യാപ്റ്റനും ഇതിഹാസ പേസ് ബൗളറുമായ വസീം അക്രം. ചെന്നൈയിലെ ആശുപത്രിയിൽ 2009ലായിരുന്നു അക്രമിന്റെ ആദ്യ ഭാര്യ ഹുമയുടെ മരണം. സിംഗപ്പൂരിലേക്ക് ചികിത്സക്ക് കൊണ്ടുപോകുന്നതിനിടെ ഇന്ധനം നിറക്കാൻ ചെന്നെയിലെ വിമാനത്താവളത്തിൽ ഇറക്കിയ എയർ ആംബുലൻസിൽ ഭാര്യ ബോധരഹിതയാകുകയായിരുന്നു. അപ്പോൾ തനിക്കോ ഭാര്യക്കോ ഇന്ത്യൻ വിസ ഉണ്ടായിരുന്നില്ലെന്നും എന്നിട്ടും ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സ ലഭിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. അടുത്തിടെ പുറത്തിറങ്ങിയ 'സുൽത്താൻ: എ മെമോയർ' എന്ന ആത്മകഥയെക്കുറിച്ച് 'സ്‌പോർട്‌സ് സ്റ്റാർ' സംഘടിപ്പിച്ച ചർച്ചയിലാണ് അക്രം ഓർമകൾ പങ്കുവെച്ചത്.
‘‘വൃക്ക-ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സക്കായി ലാഹോറിൽനിന്ന് സിംഗപ്പൂരിലേക്ക് എയർ ആംബുലൻസിൽ കൊണ്ടുപോകുകയായിരുന്നു ഹുമയെ. ഇതിനിടയിൽ ഇന്ധനം നിറക്കാനാണ് ചെന്നൈ വിമാനത്താവളത്തിൽ ഇറക്കിയത്. എന്നാൽ, അവിടെവെച്ച് അവൾ ബോധരഹിതയായി. ഇതുകണ്ട് ഞാൻ കരയുകയായിരുന്നു. വിമാനത്താവളത്തിലുണ്ടായിരുന്നവർ എന്നെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, ഞങ്ങൾക്ക് ഇന്ത്യൻ വിസയുണ്ടായിരുന്നില്ല. പാകിസ്താൻ പാസ്‌പോർട്ടാണ് ഞങ്ങളുടെ അടുത്തുണ്ടായിരുന്നത്.'-അദ്ദേഹം ഓർത്തെടുത്തു. ചെന്നൈ വിമാനത്താവളത്തിലുണ്ടായിരുന്നവരും സുരക്ഷ ഉദ്യോഗസ്ഥരും കസ്റ്റംസ്-എമിഗ്രേഷൻ ജീവനക്കാരും വിസ ആലോചിച്ച് വിഷമിക്കേണ്ടെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. വിസ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഉടൻ ഭാര്യയെ ആശുപത്രിയിലെത്തിച്ചു. ഈ അനുഭവം ക്രിക്കറ്ററെന്ന നിലക്കും മനുഷ്യനെന്ന നിലക്കും താൻ ഒരുകാലത്തും മറക്കില്ലെന്നും അക്രം കൂട്ടിച്ചേർത്തു. ആശുപത്രിയിലെത്തിച്ചെങ്കിലും ഹുമയെ രക്ഷിക്കാനായില്ല. സിംഗപ്പൂരിലേക്ക് ചികിത്സക്ക് തിരിക്കുംമുമ്പ് ചെന്നെയിലെ ആശുപത്രിയിൽ വെച്ച് തന്നെ അവർ മരിക്കുകയായിരുന്നു’’. ഹുമ മരിച്ച് നാലു വർഷത്തിന് ശേഷമാണ് ആസ്‌ട്രേലിയക്കാരിയായ ഷനീറയെ അക്രം വിവാഹം കഴിക്കുന്നത്. ആദ്യ വിവാഹത്തിൽ രണ്ട് മക്കളുണ്ടായിരുന്നു.
ചെന്നൈയിലെ ക്രിക്കറ്റ് ആരാധകരിൽ നിന്നുള്ള മറക്കാനാവാത്ത മറ്റൊരു അനുഭവവും അക്രം പങ്കുവെച്ചു. വർഷങ്ങൾക്കുമുമ്പ് ഇന്ത്യയെ ഒരു ടെസ്റ്റ് മത്സരത്തിൽ പാകിസ്താൻ തോൽപിച്ചപ്പോഴായിരുന്നു അത്. സച്ചിൻ തെണ്ടുൽക്കർ ഇന്ത്യക്കായി സെഞ്ച്വറിയടിച്ചെങ്കിലും ഏറെ നാടകീയത നിറഞ്ഞ മത്സരത്തിൽ പാകിസ്താൻ വിജയം സ്വന്തമാക്കി. ആ സമയം ചെന്നൈയിലെ ഇന്ത്യൻ ആരാധകർ എഴുന്നേറ്റുനിന്ന് കൈയടിക്കുകയായിരുന്നു. താൻ കളിച്ച ഏറ്റവും മികച്ച ടെസ്റ്റ് മത്സരങ്ങളിൽ ഒന്നായിരുന്നു അത്. ചെന്നൈയിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും അക്രം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

