‘എന്‍റെ റെക്കോഡ് തകർന്നിട്ടില്ല’! ജയ്സ്വാളിന്‍റെ ഇരട്ട സെഞ്ച്വറി പ്രകടനത്തോട് പ്രതികരിച്ച് വസീം അക്രം
text_fieldsഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തുടർച്ചയായ ഇരട്ട സെഞ്ച്വറികളുമായി തിളങ്ങി റെക്കോഡ് ബുക്കിൽ ഇടംനേടിയിരിക്കുകയാണ് ഇന്ത്യയുടെ യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ. പരമ്പരയിലെ രണ്ടു ടെസ്റ്റുകളിൽ ഇന്ത്യൻ വിജയത്തിൽ നിർണായകമായത് താരത്തിന്‍റെ തകർപ്പൻ ബാറ്റിങ്ങായിരുന്നു.
രാജ്കോട്ടിലെ മൂന്നാം ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ നേടിയ 214 റൺസിന്‍റെ അപരാജിത ഇരട്ട സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ എക്കാലത്തെയും നാണംകെട്ട ടെസ്റ്റ് തോൽവിയിലേക്ക് തള്ളിയിട്ടത്. ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സർ നേടുന്ന താരമെന്ന പാകിസ്താൻ മുൻ നായകൻ വസീം അക്രമിന്‍റെ റെക്കോഡിനൊപ്പമെത്താനും താരത്തിനായി. ഇംഗ്ലഷ് ബൗളർമാരെ 12 തവണയാണ് താരം നിലംതൊടാതെ അതിർത്തി കടത്തിയത്. 1996ൽ സിംബാബ്‌വെക്കെതിരെയാണ് അക്രം ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ 363 പന്തിൽ 257 റൺസെടുത്ത താരം പുറത്താകാതെ നിന്നു. അത്രയും റൺസെടുക്കുന്നത് അന്ന് എളുപ്പമായിരുന്നില്ലെന്നും താൻ ക്രീസിലെത്തുമ്പോൾ ടീമിന്‍റെ ആറു വിക്കറ്റുകൾ നഷ്ടമായിരുന്നെന്നും അക്രം ഓർത്തെടുത്തു.
‘എന്‍റെ റെക്കോഡ് (ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ) തകർന്നിട്ടില്ല, യശസ്വി ജയ്സ്വാൾ അതിനൊപ്പമെത്തി. എതിരാളികൾ സിംബാബ്‌വെയാണെന്ന് പറഞ്ഞ് ആളുകൾ പരിഹസിച്ചിരുന്നു, പക്ഷേ അത് അത്ര എളുപ്പമായിരുന്നില്ല. ഞാൻ ക്രീസിലെത്തുമ്പോൾ ടീം ആറു വിക്കറ്റ് നഷ്ടത്തിൽ 170 റൺസെന്ന നിലയിലായിരുന്നു’ -അക്രം പറഞ്ഞു.
കരിയറിലെ ആദ്യത്തെ മൂന്നു ടെസ്റ്റ് സെഞ്ച്വറികളിലും 150 പ്ലസ് സ്കോർ നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ജയ്സ്വാൾ. 171, 209, 214 എന്നിങ്ങനെയാണ് താരത്തിന്‍റെ സ്കോർ. ടെസ്റ്റിൽ രണ്ട് ഇരട്ട ശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമതതെ ബാറ്ററായും ജയ്സ്വാൾ മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

