കുരങ്ങുകൾ പോലും ഇങ്ങനെ കഴിക്കില്ല...; പാകിസ്താൻ താരങ്ങളുടെ ഭക്ഷണരീതിയെ വിമർശിച്ച് വസീം അക്രം
text_fieldsദുബൈ: ഇന്ത്യയോട് ആറു വിക്കറ്റിന് തോറ്റതിൽ ആരാധക രോഷം കെട്ടടങ്ങുന്നതിനു മുമ്പാണ് പാകിസ്താൻ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽനിന്ന് പുറത്തായത്. ഗ്രൂപ്പ് റൗണ്ടിൽ ഒരു മത്സരം ബാക്കി നിൽക്കെയാണ് മുൻ ചാമ്പ്യന്മാരുടെ നാണംകെട്ട പുറത്താകൽ.
ടൂർണമെന്‍റിന്‍റെ ആതിഥേയ രാജ്യമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് പാകിസ്താൻ കളിക്കാനിറങ്ങിയത്. എന്നാൽ, കളിച്ച രണ്ടു മത്സരങ്ങളും എട്ടുനിലയിൽ തോറ്റു. താരങ്ങളുടെ പ്രകടനത്തെയും ടീം തെരഞ്ഞെടുപ്പിനെയും വരെ വിമർശിച്ച് ആരാധകരും മുൻ താരങ്ങളും രംഗത്തുവന്നു. ഇപ്പോഴിതാ താരങ്ങളുടെ ഭക്ഷണ രീതിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് മുൻ നായകനും പേസറുമായ വസീം അക്രം. ഇന്ത്യക്കെതിരായ മത്സരത്തിനിടെ പാക് താരങ്ങളുടെ ഭക്ഷണരീതി ചൂണ്ടിക്കാട്ടിയായിരുന്നു അക്രത്തിന്‍റെ വിമർശനം.
‘ഇന്ത്യക്കെതിരായ മത്സരത്തിന്‍റെ ഒന്നാമത്തെയോ രണ്ടാമത്തെയോ ഡ്രിങ്ക്സ് ബ്രേക്കിനിടെ ഞാന്‍ കണ്ടത് പാക് കളിക്കാരുടെ മുമ്പിൽ ഒരു പ്ലേറ്റ് നിറയെ നേന്ത്രപ്പഴം കൊണ്ടുവെച്ചതാണ്. കുരങ്ങുകൾപോലും അത്രയും നേന്ത്രപ്പഴം കഴിക്കില്ല. ഇതാണ് അവരുടെ ഭക്ഷണരീതി. ഇംറാൻ ഖാന്‍ ക്യാപ്റ്റനായിരുന്ന കാലത്തായിരുന്നു ഞങ്ങളൊക്കെ ഇത് ചെയ്തതെങ്കില്‍ അദ്ദേഹം തല്ലുമായിരുന്നു’ -അക്രം ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ പറഞ്ഞു.
കളിയുടെ വേഗത പതിമടങ്ങ് വർധിച്ച ഇക്കാലത്തും പാകിസ്താൻ ടീം പുരാതന കാലത്തെ ക്രിക്കറ്റാണ് കളിക്കുന്നത്. കടുത്ത നടപടികൾ ആവശ്യമാണ്. കൂടുതൽ യുവാക്കളെ ടീമിൽ ഉൾപ്പെടുത്തണം, ഭയമില്ലാതെ ക്രിക്കറ്റ് കളിക്കുന്നവരാകണം, അഞ്ചോ, ആറോ മാറ്റങ്ങൾ വരുത്തണം. ദയവായി അതിനു തയാറാകണം. അടുത്ത ആറ് മാസവും ടീം തോൽക്കുന്നത് തുടർന്നേക്കാം. പക്ഷേ 2026 ട്വന്‍റി20 ലോകകപ്പ് ലക്ഷ്യമിട്ടുള്ള ടീമിനെ ഇപ്പോൾ തന്നെ വളർത്തിക്കൊണ്ടുവരണം. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍നിന്ന് പാകിസ്താൻ ബൗളര്‍മാർ വീഴ്ത്തിയത് 60 വിക്കറ്റാണ്. അതും 60.60 ശരാശരിയില്‍. അഥവാ ഒരു വിക്കറ്റിന് 60 റൺസ് വിട്ടുകൊടുത്തു. ഞെട്ടിക്കുന്ന കണക്കുകളാണിതെന്നും അക്രം വിമർശിച്ചു.
ഒമാൻ, യു.എസ്.എ എന്നീ ടീമുകളുടെ ശരാശരിയേക്കാൾ താഴെയാണ് പാകിസ്താനെന്നും അക്രം കുറ്റപ്പെടുത്തി. 2017 ചാമ്പ്യൻസ് ട്രോഫി കിരീടമാണ് പാകിസ്താന്‍റെ അവസാന സുപ്രധാന കിരീട നേട്ടങ്ങളിലൊന്ന്. അന്ന് ഫൈനലിൽ ഇന്ത്യയെ തോൽപിച്ചാണ് ടീം കിരീടം നേടിയത്. പിന്നീട് ഇന്ത്യയോട് കളിച്ച എല്ലാ മത്സരങ്ങളും ടീം തോറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

