‘ഈ ഇന്ത്യൻ ടീം എവിടെയും ജയിക്കും, പാകിസ്താനിലാണെങ്കിലും’; വിവാദങ്ങളോട് പ്രതികരിച്ച് പാക് ഇതിഹാസം
text_fieldsദുബൈ: ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബൈയിൽ നടത്തുന്നത് ടീമിന് മുൻതൂക്കം നൽകുമെന്ന വാദം ടൂർണമെന്‍റിനു മുമ്പേ പലരും ഉന്നയിച്ചിരുന്നു. രാഷ്ട്രീയ കാരണങ്ങളാൽ പാകിസ്താനിലേക്ക് പോകില്ലെന്ന് നിലപാടെടുത്തതോടെയാണ് ഇന്ത്യയുടെ മത്സരങ്ങൾ ഹൈബ്രിഡ് മോഡലിൽ ദുബൈയിൽ നടത്താൻ തീരുമാനിച്ചത്.
പാകിസ്താൻ ഗ്രൂപ്പ് റൗണ്ടിൽ തന്നെ പുറത്തായി. ഇന്ത്യ ഫൈനലിൽ എത്തിയതോടെ ഫൈനൽവേദി ഉൾപ്പെടെ പാകിസ്താന് നഷ്ടമാകുകയും ചെയ്തു. ഇന്ത്യക്കെതിരെയുള്ള മത്സരങ്ങൾക്കായി മറ്റു ടീമുകൾ പാകിസ്താനിൽനിന്ന് ഏറെ യാത്ര ചെയ്താണ് ദുബൈയിലെത്തിയത്. എന്നാൽ, ഇന്ത്യക്ക് താമസിച്ച ഹോട്ടലിൽനിന്ന് നേരെ സ്റ്റേഡിയത്തിലേക്ക് പോയാൽ മതിയായിരുന്നു. ഒടുവിൽ ഫൈനലിൽ ന്യൂസിലൻഡിനെ തോൽപിച്ച് രോഹിത് ശർമയും സംഘവും കിരീടം നേടുകയും ചെയ്തു. രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയ കീവീസ്, പാകിസ്താനിൽനിന്നാണ് ഫൈനൽ കളിക്കാനായി ദുബൈയിലെത്തിയത്.
ഒരേ പിച്ചിൽ തന്നെ എല്ലാ മത്സരങ്ങളും കളിക്കുന്നതിന്‍റെ മുൻതൂക്കവും ഇന്ത്യക്ക് ലഭിക്കുമെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അതിലൊന്നും കാര്യമില്ലെന്നാണ് മുൻ പാകിസ്താൻ ഇതിഹാസം വസീം അക്രം പറയുന്നത്. ടൂർണമെന്‍റിനായി ഇന്ത്യ പാകിസ്താനിലേക്ക് പോയാലും ഫലത്തിൽ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് അക്രം വ്യക്തമാക്കി. ‘ലോകത്തിൽ എവിടെ കളിച്ചാലും ഈ ഇന്ത്യൻ ടീം ടൂർണമെന്‍റ് ജയിക്കുമായിരുന്നു. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബൈയിൽ നടത്താൻ നിശ്ചയിച്ചത് പലവിധ ചർച്ചകൾക്കും ഇടയാക്കിയിരുന്നു. പാകിസ്താനിൽ പോയി കളിച്ചിരുന്നെങ്കിലും ഈ ടൂർണമെന്‍റിൽ അവർ തന്നെ ജയിക്കുമായിരുന്നു’ -അക്രം ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
2024 ട്വന്‍റി20 ലോകകപ്പിലും ചാമ്പ്യൻസ് ട്രോഫിയിലും ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യ കിരീടം നേടിയത്. ടീമിലെ താരങ്ങളുടെ മികവും നേതൃത്വഗുണവുമാണ് എടുത്തുകാണിക്കുന്നതെന്നും അക്രം പ്രതികരിച്ചു. നാട്ടിൽ ന്യൂസിലൻഡിനു മുന്നിൽ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പര അടിയറവെക്കുകയും ആസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫി കിരീടം കൈവിടുകയും ചെയ്തതോടെ നായകനെയും പരിശീലകനെയും മാറ്റാനുള്ള സമ്മർദം ശക്തമായിരുന്നു. എന്നാൽ, ബി.സി.സി.ഐ അവരെ പിന്തുണക്കുകയാണ് ചെയ്തത്. ഇന്നവർ ചാമ്പ്യന്മാരുടെ ചാമ്പ്യന്മാരാണെന്നും അക്രം കൂട്ടിച്ചേർത്തു.
ഏകദിനത്തിൽ തുടർച്ചയായ എട്ടാം ജയമാണ് ഇന്ത്യ കുറിച്ചത്. നേരത്തെ ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഇന്ത്യ തൂത്തുവാരിയിരുന്നു. ഐ.പി.എല്ലിനുശേഷം ജൂണിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇനി ഇന്ത്യയുടെ മത്സരം. അഞ്ചു ടെസ്റ്റുകളാണ് ഇന്ത്യ ഇംഗ്ലണ്ടിൽ കളിക്കുന്നത്. ദുബൈയിൽ നടന്ന കലാശപ്പോരിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ആറു പന്തും നാലു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ ലക്ഷ്യത്തിലെത്തിയത്.
ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധ സെഞ്ച്വറിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 83 പന്തിൽ ഏഴു ഫോറും മൂന്നു സിക്സുമടക്കം 76 റൺസെടുത്താണ് താരം പുറത്തായത്. ഓപ്പണിങ് വിക്കറ്റിൽ ശുഭ്മൻ ഗില്ലിനൊപ്പം രോഹിത് പടുത്തുയർത്തിയ സെഞ്ച്വറി കൂട്ടുകെട്ടും ഇന്ത്യൻ വിജയം അനായാസമാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.