‘മറ്റു താരങ്ങളോടും ഇതേ സമീപനമാണോ?’; ബി.സി.സി.ഐ സെലക്ടർമാർക്കെതിരെ ആഞ്ഞടിച്ച് വാഷിങ്ടണിന്‍റെ പിതാവ്
text_fieldsമുംബൈ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യക്ക് സമനില സമ്മാനിക്കുന്നതിൽ ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദർ നിർണായക പങ്കുവഹിച്ചിരുന്നു. ഒന്നാം ഇന്നിങ്സിൽ 311 റൺസിന്‍റെ കൂറ്റൻ ലീഡ് വഴങ്ങിയ ഇന്ത്യ തോൽവിയെ തുറിച്ചുനോക്കുന്നതിനിടെ നായകൻ ശുഭ്മൻ ഗില്ലും (103 റൺസ്) രവീന്ദ്ര ജദേജയും (107*) വാഷിങ്ടണും (101*) കെ.എൽ. രാഹുലും (90) കാഴ്ചവെച്ച ബാറ്റിങ്ങാണ് സന്ദർശകരുടെ രക്ഷക്കെത്തിയത്. പരമ്പരയിൽ ഒരു ടെസ്റ്റ് കൂടി ബാക്കി നിൽക്കെ പരമ്പരയിൽ 2-1ന് പിന്നിലാണ് ഇന്ത്യ. ഓവലിലെ അഞ്ചാം ടെസ്റ്റ് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സമനിലയോടെ അവസാനിപ്പിക്കാനാകും.
മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ 206 പന്തിൽ 101 റൺസെടുത്ത് വാഷിങ്ടൺ പുറത്താകാതെ നിന്നു. 2017ലാണ് ഈ സ്പിൻ ഓൾ റൗണ്ടർ ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിക്കുന്നത്. ഇതുവരെ 12 ടെസ്റ്റുകളും 23 ഏകദിനങ്ങളും 54 ട്വന്‍റി20 മത്സരങ്ങളുമാണ് 25കാരൻ കളിച്ചത്. വാഷിങ്ടണിന്‍റെ ഐതിഹാസിക ഇന്നിങ്സിനു പിന്നാലെ ബി.സി.സി.ഐയെ രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നിരിക്കുകയാണ് പിതാവ് എം. സുന്ദർ. മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും സെലക്ടർമാർ മകന് ടീമിൽ പതിവായി അവസരം നൽകുന്നില്ലെന്നാണ് അദ്ദേഹത്തിന്‍റെ പരാതി.
‘വാഷിങ്ടൺ പ്രകടനത്തിൽ സ്ഥിരത പുലർത്തുമ്പോഴും അവസരം ലഭിക്കാത്തതിനാൽ ആളുകൾ അദ്ദേഹത്തെ മറക്കുകയാണ്. മറ്റു താരങ്ങൾക്ക് പതിവായി അവസരം ലഭിക്കുന്നു, എന്‍റെ മകനെ മാത്രമാണ് അവർ തഴയുന്നത്.
നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ കാഴ്ചവെച്ചതുപോലെ വാഷിങ്ടൺ പതിവായി അഞ്ചാം നമ്പറിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ മകനെ കളിപ്പിക്കാത്തത് അതിശയിപ്പിച്ചു’ -താരത്തിന്‍റെ പിതാവ് എം. സുന്ദർ പറഞ്ഞു.
ഒന്നോ രണ്ടോ മത്സരത്തിൽ പരാജയപ്പെടുമ്പോഴേക്കും മകനെ ടീമിൽനിന്ന് ഒഴിവാക്കും. ഇത് അംഗീകരിക്കാനാകില്ല. 2021ൽ ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ വാഷിങ്ടൺ 85 റൺസും അതേ വർഷം തന്നെ അഹ്മദാബാദിൽ ഇതേ ടീമിനെതിരെ പുറത്താകാതെ 96 റൺസും നേടിയിരുന്നു. ആ രണ്ടു ഇന്നിങ്സുകൾ സെഞ്ച്വറിയിൽ അവസാനിച്ചിരുന്നെങ്കിലും മകനെ ടീമിൽനിന്ന് ഒഴിവാക്കുമായിരുന്നു. മറ്റു ഇന്ത്യൻ താരങ്ങളോട് ഇതേ സമീപനമാണോ തുടരുന്നത്? ഇതെല്ലാം അവനെ കൂടുതൽ കരുത്തനാക്കുക മാത്രമാണ് ചെയ്തത്. അതിന്‍റെ ഫലമാണ് ഓൾഡ് ട്രാഫോഡിലെ പ്രകടനമെന്നും വാഷിങ്ടണിന്‍റെ പിതാവ് കൂട്ടിച്ചേർത്തു.
ഈമാസം 31ന് ഓവലിലാണ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ്. ഇരു ടീമുകൾക്കും മത്സരം നിർണായകമാണ്. പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഗില്ലിനും സംഘത്തിനും ജയം അനിവാര്യമാണ്. ജയിച്ച് പരമ്പര 3-1ന് സ്വന്തമാക്കുകയാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

