‘അവർ അവധി ആഘോഷിക്കാൻ വന്നതാണ്’; ഐ.പി.എല്ലിലെ രണ്ടു വിദേശ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് സെവാഗ്
text_fieldsന്യൂഡൽഹി: ഐ.പി.എൽ സീസണിൽ മോശം ഫോമിലുള്ള രണ്ടു വിദേശ താരങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ബാറ്റർ വീരേന്ദർ സെവാഗ്.
ആസ്ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്സ് വെല്ലും ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റണുമാണ് മുൻ ഓപ്പണറുടെ വിമർശനം ഏറ്റുവാങ്ങിയത്. സീസണിൽ ഈ രണ്ടു താരങ്ങൾക്കും അവരവരുടെ ടീമുകൾക്കായി മികച്ച സംഭാവന നൽകാനായിട്ടില്ലെന്നും ടീമിനെ വിജയിപ്പിക്കണമെന്ന ആഗ്രഹമില്ലെന്നും സെവാഗ് കുറ്റപ്പെടുത്തി. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ മത്സരത്തിന്‍റെ ഗതി തന്നെ മാറ്റിമറിക്കുന്ന ഓസീസ് താരം പഞ്ചാബ് കിങ്സിനായി ഇതുവരെ ആറു മത്സരങ്ങളിൽനിന്ന് 41 റൺസ് മാത്രമാണ് നേടിയത്. 8.20 ആണ് ശരാശരി.
ലിവിങ്സ്റ്റണിന്‍റെ കാര്യവും സമാനമാണ്. വമ്പനടികൾക്കു പേരുകേട്ട താരത്തിന്‍റെ നിഴൽ മാത്രമാണ് ഈ ഐ.പി.എല്ലിൽ കണ്ടത്. ഏഴു മത്സരങ്ങളിൽനിന്ന് 87 റൺസ് മാത്രമാണ് താരത്തിന്‍റെ സമ്പാദ്യം. 17.40 ആണ് ശരാശരി. ഇത്തവണ 8.75 കോടി രൂപക്കാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരത്തെ ടീമിലെടുത്തത്.
‘മാക്സ് വെല്ലിന്‍റെയും ലിവിങ്സ്റ്റണിന്‍റെയും വിജയദാഹമൊന്നും ഇന്ന് കാണാനില്ല. ഇരുവരും അവധി ആഘോഷിക്കാൻ വന്നതാണെന്ന് തോന്നുന്നു. അവർ വരുന്നു, ആസ്വദിക്കുന്നു, പോകുന്നു. ടീമിനുവേണ്ടി പോരാടാനുള്ള ഒരു ആഗ്രഹവും അവർക്കില്ല’ -സെഗാവ് അഭിമുഖത്തിൽ പറഞ്ഞു.
ഐ.പി.എല്ലിൽ ഞായറാഴ്ച നടക്കുന്ന പഞ്ചാബ്-ബംഗളൂരു മത്സരത്തിൽ ഇരുതാരങ്ങളും കളിക്കുന്നില്ല. വിദേശ താരങ്ങൾക്കായി ഫ്രാഞ്ചൈസികൾ കോടികൾ മുടക്കുമ്പോൾ, അവരുടെ പ്രതീക്ഷകളും വലുതാകും. ഇത്തരം താരങ്ങൾ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുത്തില്ലെങ്കിൽ കാര്യങ്ങൾ പ്രതികൂലമാകുമെന്നും സെവാഗ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

