ചെന്നൈ സൂപ്പർ കിങ്സിന് ഇടമില്ല! ഐ.പി.എൽ പ്ലേ ഓഫ് ടീമുകളെ പ്രവചിച്ച് ഡിവില്ലിയേഴ്സും സെവാഗും
text_fieldsമുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 18ാം സീസണ് ശനിയാഴ്ച ഗ്രാൻഡ് കിക്കോഫ്. കൊൽക്കത്ത ഈഡൻ ഗാർഡനിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും (കെ.കെ.ആർ) റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും (ആർ.സി.ബി) തമ്മിലാണ് ഉദ്ഘാടന മത്സരം.
മെഗാ ലേലത്തിനു പിന്നാലെ വലിയ മാറ്റങ്ങളോടെയാണ് ടീമുകൾ കളത്തിലിറങ്ങുന്നത്. പുതിയ സീസണിൽ ഏഴു ടീമുകൾ പുതിയ നായകന്മാർക്ക് കീഴിലാണ് ഇറങ്ങുന്നതെന്ന സവിശേഷതയുണ്ട്. ശരിക്കും ഞെട്ടലാകുക മെഗാ സ്റ്റാർ വിരാട് കോഹ്‍ലിയുടെ സ്വന്തം ടീമായ ബംഗളൂരുവിനെ നയിക്കുന്നത് ഇനിയും ട്വന്റി20 ദേശീയ ടീമിൽ ഇടം ലഭിക്കാത്ത രജത് പട്ടീദാർ ആണെന്നതുതന്നെ.
അതുകൊണ്ടു തന്നെ കിരീട പ്രവചനവും അസാധ്യമാണ്. ഇതിനിടെയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗും ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റർ എബി ഡിവില്ലിയേഴ്സും ഇത്തവണ ഐ.പി.എൽ പ്ലേ ഓഫ് കളിക്കുന്ന ടീമുകളെ പ്രവചിച്ചിരിക്കുന്നത്.
ചെന്നൈ സൂപ്പർ കിങ്സ് ആരാധകരെ ഞെട്ടിക്കുന്നതാണ് ഡിവില്ലിയേഴ്സിന്‍റെ പ്രവചനം. ചെന്നൈ ഇത്തവണ പ്ലേ ഓഫ് യോഗ്യത നേടില്ലെന്ന് താരം പറയുന്നു. ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമുകളാണ് പ്ലേ ഓഫ് കളിക്കുക. സെവാഗിന്‍റെ പ്രവചനത്തിലും അവസാന നാലു ടീമുകളിൽ ചെന്നൈയില്ലെന്നതാണ് ശ്രദ്ധേയം. മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്സ് ഹൈദരാബാദ്, പഞ്ചാബ് കിങ്സ്, ലഖ്നോ സൂപ്പർ ജയന്‍റ്സ് ടീമുകൾ പ്ലേ ഓഫിലെത്തുമെന്ന് സെവാഗ് പ്രവചിക്കുന്നു.
മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണിന്‍റെ പ്രവചനത്തിൽ ഗുജറാത്ത്, മുംബൈ, കൊൽക്കത്ത, പഞ്ചാബ് കിങ്സ് എന്നീ ടീമുകളാണ് പ്ലേ ഓഫ് കളിക്കുക. ഐ.പി.എല്ലിൽ ഇത്തവണ പുതുമകളേറെയാണ്. കോവിഡ് കാലത്ത് നിലവിൽവന്ന ഉമിനീര് വിലക്ക് എടുത്തുകളഞ്ഞതാണ് ഏറ്റവും പ്രധാനം. പന്ത് വരുതിയിൽ നിർത്താൻ ഉമിനീര് പുരട്ടുന്നത് അനുവദിച്ച് ബി.സി.സി.ഐയാണ് വിലക്ക് എടുത്തുകളഞ്ഞത്. മഞ്ഞ് കളിയെ ബാധിക്കാതിരിക്കാൻ രാത്രികാല കളികളിൽ 11ാം ഓവറിൽ പുതിയ പന്ത് ഉപയോഗിക്കാൻ അമ്പയർക്ക് അനുമതി നൽകാം. ഉച്ചക്കു ശേഷം തുടങ്ങുന്നവയെങ്കിൽ ബാധകമാകില്ല. ഡി.ആർ.എസ് നിയമം ഓഫ്സൈഡ് വൈഡുകൾ, ഹൈറ്റ് വൈഡുകൾ എന്നിവക്കും ബാധകമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.