കോഹ്ലി ടെസ്റ്റിൽനിന്ന് പടിയിറങ്ങിയാൽ പകരം ആര്? ഈ സൂപ്പർ താരം വീണ്ടും ടീമിലെത്തുമോ...
text_fieldsമുംബൈ: ടെസ്റ്റിൽനിന്ന് വിരമിക്കാനുള്ള തീരുമാനത്തിൽനിന്ന് സൂപ്പർതാരം വിരാട് കോഹ്ലിയെ പിന്തിരിപ്പിക്കാനുള്ള ബി.സി.സി.ഐ ശ്രമങ്ങളൊന്നും ഫലംകണ്ടിട്ടില്ല. തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് താരം.
കോഹ്ലി ടെസ്റ്റിൽനിന്ന് പടിയിറങ്ങിയാൽ പകരം ആര് എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. ജൂണിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് ഏറെ നിർണായകമാണ്. പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിലെ ആദ്യ പരമ്പരയാണിത്. നാട്ടിൽ ന്യൂസിലൻഡിനു മുന്നിലും ബോർഡർ ഗവാസ്കർ ട്രോഫിയിൽ ആസ്ട്രേലിയയോടും തോറ്റമ്പിയ ഇന്ത്യക്ക് ടെസ്റ്റിൽ തിരിച്ചുവരവിനുള്ള അവസരം കൂടിയാണ് ഇംഗ്ലണ്ട് പര്യടനം. രോഹിത് ശർമയുടെ അപ്രതീക്ഷിത വിരമിക്കലിനു പിന്നാലെ, കോഹ്ലി കൂടി കളമൊഴിയുന്നത് ടീമിന് വലിയ തിരിച്ചടിയാകും.
മധ്യനിരയിൽ പരിചയസമ്പന്നരായ താരങ്ങളുടെ അഭാവം ടീമിന്‍റെ പ്രകടനത്തിലും നിഴലിക്കുമെന്ന വിലയിരുത്തലിലാണ് സെലക്ടർമാർ. കോഹ്ലിക്കു പകരക്കാരനായി ശ്രേയസ് അയ്യർ ടീമിൽ മടങ്ങിയെത്താനുള്ള സാധ്യത ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ബി.സി.സി.ഐയുടെ വാർഷിക കരാറിൽ താരം ഇത്തവണ ഉൾപ്പെട്ടിരുന്നു. 30കാരൻ 16 ടെസ്റ്റുകൾ മാത്രമാണ് ഇന്ത്യക്കുവേണ്ടി കളിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അവസാനമായി ഇന്ത്യക്കുവേണ്ടി ടെസ്റ്റ് കളിച്ചത്.
നിലവിൽ സെലക്ടർമാരുടെ ഇന്ത്യ എ അല്ലെങ്കിൽ ഇന്ത്യ സ്ക്വാഡിൽ താരത്തിന് സ്ഥാനമില്ല. എന്നാൽ, കോഹ്ലി വിരമിച്ചാൽ കാര്യങ്ങൾ മാറിമറിഞ്ഞേക്കുമെന്നാണ് ഇവരുടെ വാദം. ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സ് നായകനായ ശ്രേയസ് ബാറ്റിങ്ങിൽ തകർപ്പൻ ഫോമിലാണ്. കോഹ്ലി തീരുമാനത്തിൽ ഉറച്ചുനിന്നാൽ താരത്തിന്‍റെ 14 വർഷം നീണ്ട ഐതിഹാസിക കരിയറിനാകും കർട്ടൻ വീഴുക
36കാരനായ കോഹ്‌ലി ഇന്ത്യക്കായി 123 ടെസ്റ്റുകളിൽ പാഡണിഞ്ഞപ്പോൾ 68ഉം ക്യാപ്റ്റനായാണ്. അതിൽ വിജയം വരിച്ചത് 40 തവണ. ലോക ക്രിക്കറ്റിൽ ഗ്രെയിം സ്മിത്ത് (109ൽ 53), റിക്കി പോണ്ടിങ് 77ൽ 48, സ്റ്റീവ് വോ 57ൽ 41 എന്നിവർക്കുശേഷം ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങളുള്ള നായകൻ കൂടിയാണ് കോഹ്‍ലി. ധോണി 60 കളികളിൽ നയിച്ചപ്പോൾ 27ൽ മാത്രമായിരുന്നു ജയം. ടെസ്റ്റ് കരിയറിൽ 46.85 ശരാശരിയിൽ 9230 റൺസാണ് കോഹ്‍ലിയുടെ സമ്പാദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

