ബി.സി.സി.ഐ നീക്കം ഫലം കാണുന്നില്ല, വിരമിക്കൽ തീരുമാനത്തിൽ ഉറച്ച് കോഹ്ലി; ഇനിയെന്ത്?
text_fieldsമുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കാനുള്ള തീരുമാനത്തിൽനിന്ന് സൂപ്പർതാരം വിരാട് കോഹ്ലിയെ പിന്തിരിപ്പിക്കാനുള്ള ബി.സി.സി.ഐ ശ്രമം ഫലംകണ്ടില്ല. താരം തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതിനാൽ ഇനി എന്തു ചെയ്യുമെന്ന ആശയക്കുഴപ്പത്തിലാണ് ബി.സി.സി.ഐ.
രോഹിത് ശർമക്കു പിന്നാലെ സീനിയർ താരമായ കോഹ്ലി കൂടി വിരമിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. കോഹ്ലിയോട് തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പല താരങ്ങളും രംഗത്തുവന്നിരുന്നു. ഒടുവിൽ ബി.സി.സി.ഐ തന്നെ മുന്നിട്ടിറങ്ങി, ഇതിനായി പ്രമുഖ താരങ്ങളുടെ സഹായം വരെ തേടിയെങ്കിലും താരം തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്.
ടെസ്റ്റിൽനിന്ന് വിരമിക്കാനുള്ള തീരുമാനം രണ്ടാഴ്ച മുമ്പാണ് സെലക്ഷൻ കമ്മിറ്റിയെ കോഹ്ലി അറിയിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കാൻ താരത്തോട് ആവശ്യപ്പെട്ടെങ്കിലും താരം ഇല്ലെന്ന മറുപടിയാണ് നൽകിയത്. അടുത്തയാഴ്ച നടക്കുന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിലാകും ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടാകുക. ഇതിനിടയിൽ താരത്തെ അനുനയിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി.സി.സി.ഐയും സെലക്ഷൻ കമ്മിറ്റിയും.
തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ കോഹ്ലിയുടെ 14 വർഷം നീണ്ട ഐതിഹാസിക കരിയറിനാകും കർട്ടൻ വീഴുക. കഴിഞ്ഞ ദിവസം അപ്രതീക്ഷിത പ്രഖ്യാപനവുമായി രോഹിതും ടെസ്റ്റിൽനിന്ന് പാഡഴിച്ചിരുന്നു. ട്വന്റി20യിൽ നേരത്തെ ഇരുവരും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇതോടെ, ഇരുവരും ദേശീയ ടീമിനൊപ്പം ഏകദിനത്തിൽ മാത്രമായി ചുരുങ്ങും.
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര അടുത്ത മാസം 20ന് തുടങ്ങുകയാണ്. ഈ വർഷമാദ്യം ആസ്ട്രേലിയയിൽ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലാണ് കോഹ്‌ലിയും രോഹിത്തും ഇന്ത്യക്കായി ഒടുവിൽ വെള്ളക്കുപ്പായമണിഞ്ഞത്. ടൂർണമെന്‍റിൽ ഇരുവരും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ടെസ്റ്റിൽ നേടിയ സെഞ്ച്വറി മാത്രമാണ് കോഹ്‌ലിക്ക് ആശ്വസിക്കാനുള്ളത്. ഇതോടെ സീനിയർ താരങ്ങൾക്കുനേരെ വൻ വിമർശനമുയർന്നു. ഇരുവരും ടീമിന് ബാധ്യതയാണെന്നും പുതിയ താരങ്ങളുടെ അവസരം മുടക്കുന്നുവെന്നും വിമർശിച്ച് മുൻ താരങ്ങളടക്കം രംഗത്തുവന്നു.
36കാരനായ കോഹ്‌ലി ഇന്ത്യക്കായി 123 ടെസ്റ്റുകളിൽ പാഡണിഞ്ഞപ്പോൾ 68ഉം ക്യാപ്റ്റനായാണ്. അതിൽ വിജയം വരിച്ചത് 40 തവണ. ലോക ക്രിക്കറ്റിൽ ഗ്രെയിം സ്മിത്ത് (109ൽ 53), റിക്കി പോണ്ടിങ് 77ൽ 48, സ്റ്റീവ് വോ 57ൽ 41 എന്നിവർക്കുശേഷം ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങളുള്ള നായകൻ കൂടിയാണ് കോഹ്‍ലി. ധോണി 60 കളികളിൽ നയിച്ചപ്പോൾ 27ൽ മാത്രമായിരുന്നു ജയം. ടെസ്റ്റ് കരിയറിൽ 46.85 ശരാശരിയിൽ 9230 റൺസാണ് കോഹ്‍ലിയുടെ സമ്പാദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

