VIDEO - ലോങ് ഓണിലേക്ക് പറത്തിവിട്ട ആ സിക്സർ; കോഹ്‌ലി കളിയുടെ ഗതിമാറ്റിയ നിമിഷം
text_fieldsപാകിസ്താനെതിരെ ഇന്ത്യ ത്രസിപ്പിക്കുന്ന വിജയം നേടിയ മെൽബൺ ട്വന്‍റി20യിൽ വിരാട് കോഹ്‌ലി കളിയുടെ ഗതിമാറ്റിയത് ഹാരിസ് റഊഫ് എറിഞ്ഞ 19ാം ഓവറിലെ അവസാന പന്തുകളിൽ നേടിയ കൂറ്റൻ രണ്ട് സിക്സറുകളിലൂടെ. അതിൽ അഞ്ചാം പന്തിൽ ലോങ് ഓണിന് മുകളിലൂടെ പറത്തിയ കൂറ്റൻ സിക്സർ ഇന്നലത്തെ കോഹ്‌ലിയുടെ ഏറ്റവും മികച്ച ഷോട്ടുകളിലൊന്നായിരുന്നു.
18 ഓവർ പൂർത്തിയായപ്പോൾ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 12 പന്തിൽ 31 റൺസ് ആയിരുന്നു. എന്നാൽ, ഹാർദിക് പാണ്ഡ്യ താളംകണ്ടെത്താൻ വിഷമിച്ചതോടെ ആദ്യ നാല് പന്തുകളിൽ നേടാനായത് മൂന്ന് റൺ മാത്രം. അഞ്ചാം പന്ത് നേരിട്ടത് കോഹ്‌ലി. റഊഫ് എറിഞ്ഞ ഷോർട് പിച്ച് പന്ത് കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ മനോഹരമായൊരു ഷോട്ടിലൂടെ കോഹ്‌ലി ലോങ് ഓണിൽ ആകാശത്തേക്ക് പറത്തി. സിക്സർ.
മെൽബൺ ഗ്രൗണ്ടിലെ തണുത്ത കാലാവസ്ഥയിൽ, പന്ത് കുത്തിത്തിരിയുന്ന പിച്ചിൽ, സമ്മർദത്തിനടിപ്പെടാതെ മുൻ നായകൻ പറത്തിയ സിക്സർ ഇന്ത്യക്ക് വീണ്ടും ജീവൻ നൽകി. കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു ആ ഷോട്ട് എന്നാണ് സചിൻ ടെണ്ടുൽകർ വിശേഷിപ്പിച്ചത്.
അടുത്ത പന്തിലും കൂറ്റനൊരു സിക്സർ നേടി കോഹ്‌ലി മാജിക്. ഇതോടെ ഇന്ത്യൻ വിജയപ്രതീക്ഷകൾ വാനോളമായി. അവസാന ഓവറിൽ വേണ്ടിയിരുന്നത് 16 റൺസ്. അവസാന ഓവറിലെ ആദ്യ പന്തിൽ പാണ്ഡ്യ പുറത്തേക്ക്. ഇന്ത്യൻ ക്യാമ്പിൽ വീണ്ടും സമ്മർദം. തൊട്ടടുത്ത പന്തിൽ ദിനേശ് കാർത്തിക്കിന്റെ സിംഗിൾ. മൂന്നാം പന്തിൽ കോഹ്‌ലി രണ്ട് റൺസ് കുറിച്ചു. നാലാം പന്തിൽ ഡീപ് സ്‌ക്വയർ ലെഗ്ഗിലേക്ക് കോഹ്‌ലിയുടെ മനോഹര സിക്‌സർ. അമ്പയർ നോബോൾ വിളിച്ചതോടെ ഫ്രീഹിറ്റ്. ഫ്രീഹിറ്റ് പന്തിൽ കുറ്റിതെറിച്ചിട്ടും ഓടിയെടുത്തത് മൂന്ന് റൺസ്. അഞ്ചാം പന്തിൽ ദിനേശ് കാർത്തിക്ക് പുറത്തായതോടെ വീണ്ടും നെഞ്ചിടിപ്പ്. ക്രീസിലെത്തിയ അശ്വിൻ അടുത്ത പന്ത് ഒഴിഞ്ഞുമാറിയതോടെ വൈഡ്. അവസാന പന്തിൽ വിജയറൺ നേടി ഇന്ത്യക്ക് പാകിസ്താനെതിരെ എക്കാലത്തെയും ത്രസിപ്പിക്കുന്ന മറ്റൊരു ജയം കൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

