കോഹ്‌ലി വീണ്ടും റെഡ് ബാൾ ക്രിക്കറ്റിൽ കളിക്കുമോ? ഇംഗ്ലണ്ടിലേക്ക് ക്ഷണം
text_fieldsലണ്ടൻ: ടെസ്റ്റിൽനിന്ന് വിരമിച്ചെങ്കിലും ബാറ്റിങ്ങിന്‍റെ മൂർച്ച കുറയാത്ത വിരാട് കോഹ്‌ലി റെഡ് ബാൾ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇംഗ്ലിഷ് കൗണ്ടി ടീമായ മിഡിൽസെക്സ് കോഹ്‌ലിയെ ടീമിൽ എത്തിക്കാൻ ശ്രമം തുടങ്ങി. എക്കാലത്തേയും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളായ കോഹ്‌ലി ടീമിൽ ഉണ്ടാവണമെന്ന് മിഡിൽസെക്സിന് ആഗ്രഹം ഉണ്ടെന്ന് ടീമിന്റെ ഡയറക്ടർ അലൻ കോൾമാൻ പറഞ്ഞു.
കൗണ്ടി ചാമ്പ്യൻഷിപ്പിലോ വൺ ഡേ കപ്പിലോ കോഹ്‌ലിയെ കളിപ്പിക്കാനാണ് മിഡിൽസെക്സിന്‍റെ ശ്രമം. ഇന്ത്യയുടെ ഇതിഹാസതാരങ്ങളടക്കം നിരവധി പേര്‍ കൗണ്ടി ക്രിക്കറ്റില്‍ കളിച്ചിട്ടുണ്ടെങ്കിലും കോഹ്‌ലി ഇതുവരെ കൗണ്ടിയില്‍ കളിച്ചിട്ടില്ല. 2018ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് കോഹ്‌ലി കൗണ്ടി ക്ലബ്ബായ സറേക്ക് വേണ്ടി കളിക്കാന്‍ തയാറായിരുന്നെങ്കിലും മത്സരത്തിന് മുമ്പ് പരിക്കിനെത്തുടര്‍ന്ന് വിട്ടുനിന്നു.
2019ൽ എബി ഡിവിലിയേഴ്സും കെയ്ൻ വില്യംസണും മിഡിൽസെക്സിൽ കളിച്ചിരുന്നു. മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബാണ് അന്ന് ഇരുവരെയും കൗണ്ടിയിലെത്തിച്ചത്. വിരാട് കോഹ്‌ലിയെ ഇംഗ്ലണ്ടില്‍ കളിപ്പിക്കുകയാണെങ്കിലും സമാനമായി മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് തന്നെ മുന്‍കൈയെടുക്കേണ്ടിവരുമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഈ മാസം 12നാണ് കോഹ്‌ലി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. രണ്ടാഴ്ച മുമ്പ് ടെസ്റ്റില്‍നിന്ന് വിരമിക്കാനുള്ള സന്നദ്ധത ബി.സി.സി.ഐയെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന് ബി.സി.സി.ഐ അഭ്യര്‍ത്ഥിച്ചെങ്കിലും താരം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
ടെസ്റ്റ് കരിയറിൽ 123 മത്സരങ്ങളിലെ 210 ഇന്നിംഗ്‌സുകളില്‍ നിന്ന് 46.85 റണ്‍സ് ശരാശരിയില്‍ 9230 റണ്‍സാണ് കോഹ്‌ലി സ്വന്തമാക്കിയത്. ഏഴ് ഇരട്ട സെഞ്ചുറികളുള്‍പ്പെടെ 30 സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളും നേടി. ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 254* റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. ടെസ്റ്റില്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച നായകന്‍ കൂടിയാണ് കോഹ്‌ലി. 68 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച കോഹ്‌ലി 40 വിജയങ്ങള്‍ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

