ബി.സി.സി.ഐ കണ്ണുരുട്ടി! രഞ്ജി ട്രോഫി കളിക്കാൻ കോഹ്ലിയും? ഡൽഹി സാധ്യത ടീമിൽ താരത്തിന്‍റെ പേരും
text_fieldsമുംബൈ: ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോഹ്ലി രഞ്ജി ട്രോഫി ക്രിക്കറ്റ് കളിക്കുമെന്ന അഭ്യൂഹം ശക്തമാക്കി, ടൂർണമെന്‍റിന്‍റെ രണ്ടാം റൗണ്ടിനുള്ള ഡൽഹി സാധ്യത ടീമിൽ താരത്തിന്‍റെ പേരും. 12 വർഷം മുമ്പാണ് താരം അവസാനമായി രഞ്ജി കളിച്ചത്.
ഝാർഖണ്ഡിനെതിരെയാണ് ഡൽഹിയുടെ ആദ്യ മത്സരം. എന്നാൽ, മത്സരത്തിൽ കോഹ്ലി കളിക്കാനിറങ്ങുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. കോഹ്ലിയെ കൂടാതെ, ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്‍റെയും ഹർഷിത് റാണയുടെയും പേരുകളും സാധ്യത സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ ടീമിനൊപ്പം കളിക്കാത്ത അവസരങ്ങളിൽ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് അടുത്തിടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ നിർദേശം നൽകിയിരുന്നു.
ബി.സി.സി.ഐ അവലോകന യോഗവും സമാന നിർദേശമാണ് മുന്നോട്ടുവെച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കു മുന്നോടിയായി കോഹ്ലിക്ക് രഞ്ജി ട്രോഫി മത്സരം കളിക്കാൻ അവസരമുണ്ട്. ജനുവരി 23 മുതൽ 26 വരെ സൗരാഷ്ട്രക്കെതിരെ എവേ മത്സരമാണ് ഡൽഹിക്ക്. 30 മുതൽ ഫെബ്രുവരി രണ്ടുവരെ റെയിൽവേസിനെതിരെയും മത്സരമുണ്ട്. ഫെബ്രുവരി ആറിനാണ് ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. 2012നുശേഷം കോഹ്ലി രഞ്ജി കളിച്ചിട്ടില്ല. 2013ലാണ് താരം അവസാനമായി ആഭ്യന്തര ക്രിക്കറ്റ് കളിച്ചത്.
താരം രഞ്ജി കളിക്കുമോ എന്ന ചോദ്യത്തിന് വരുംദിവസങ്ങളിൽ വ്യക്തമായ ഉത്തരം ലഭിക്കും. ബോർഡർ ഗവാസ്കർ ട്രോഫിയിൽ പെർത്തിലെ രണ്ടാം ഇന്നിങ്സിൽ നേടിയ സെഞ്ച്വറിയടക്കം അഞ്ചു ടെസ്റ്റുകളിൽ 190 റൺസാണ് താരം ആകെ നേടിയത്. ഭൂരിപക്ഷം ഇന്നിങ്സുകളിലും ഓഫ് സൈഡ് ട്രാപ്പിൽ കുരുങ്ങിയാണ് താരം പുറത്തായത്. ഇന്ത്യൻ നായകൻ രോഹിത് ശർമയും രഞ്ജി കളിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ജമ്മു കശ്മീരിനെതിരായ അടുത്ത മത്സരത്തിൽ താരം മുംബൈക്കു വേണ്ടി കളിക്കുമെന്നാണ് സൂചന. 2015ലാണ് താരം അവസാനമായി രഞ്ജി കളിച്ചത്. 2018ൽ മുംബൈക്കായി വിജയ് ഹസാരെ ട്രോഫിയിലും കളിച്ചു.
ബോർഡർ ഗവാസ്കർ ട്രോഫിയിൽ രോഹിത് തീർത്തും നിറംമങ്ങിയിരുന്നു. 3,9,10,3,6 എന്നിങ്ങനെയാണ് അഞ്ചു ഇന്നിങ്സുകളിലായി താരത്തിന്‍റെ സ്കോർ. വിമർശനങ്ങൾക്കിടെ അവസാന ടെസ്റ്റിൽനിന്ന് താരം സ്വയം മാറി നിന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

