റൺമെഷീൻ ഇനി ഏകദിനത്തിൽ മാത്രം; സിംഹാസനം ഒഴിച്ചിട്ട് കിങ് കോഹ്‌ലി പടിയിറങ്ങുമ്പോൾ...
text_fieldsവിരാട് കോഹ്ലി
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് ഹിറ്റ്മാൻ രോഹിത് ശർമക്ക് പിന്നാലെ സൂപ്പർ താരം വിരാട് കോഹ്‌ലി കൂടി പടിയിറങ്ങുമ്പോൾ, ഇന്ത്യൻ ക്രിക്കറ്റ് സാക്ഷ്യം വഹിക്കുന്നത് തലമുറമാറ്റം കൂടിയാണ്. രോഹിത് സൗമ്യനായ ക്യാപ്റ്റനാണെങ്കിൽ രൗദ്രഭാവമായിരുന്നു മിക്കപ്പോഴും കോഹ്‌ലിയുടേത്. തുടക്കകാലത്ത് കളിക്കളത്തിലെ പെരുമാറ്റത്തിന്‍റെ പേരിൽ വിമർശനമേറ്റ കോഹ്‌ലി പിന്നീട് അതേ വിമർശകരുടെ കൈയടികൾ ഏറ്റുവാങ്ങിയത് അദ്ദേഹത്തിന്‍റെ പ്രതിഭയൊന്നുകൊണ്ടു മാത്രമാണ്. ടെസ്റ്റിൽ ടീം ഇന്ത്യയെ ഔന്നത്യത്തിൽ എത്തിച്ച ക്യാപ്റ്റൻ, ക്രിക്കറ്റ് ആരാധകർക്ക് ഓർത്തുവെക്കാൻ ഒരുപാട് നിമിഷങ്ങൾ സമ്മാനിച്ചാണ് വെള്ളക്കുപ്പായം അഴിച്ചുവെക്കുന്നത്.
ടോപ് ഓർഡറിൽ ഒന്നരപ്പതിറ്റാണ്ടായി ടീം ഇന്ത്യയുടെ നെടും തൂണാണ് വിരാട് കോഹ്‌ലിയെന്ന പോരാളി. ഇതിഹാസ താരമായ സചിൻ തെൻഡുൽക്കർ വിരമിച്ചതോടെ അദ്ദേഹത്തിന്‍റെ ബാറ്റിങ് പൊസിഷനിലേക്ക് ടീം മാനേജ്മെന്‍റ് കോഹ്‌ലിയെ പ്രതിഷ്ഠിച്ചു. ഈ പ്രതീക്ഷക്ക് മങ്ങലേൽപ്പിക്കാൻ ഒരിക്കലും കോഹ്‌ലി തയാറായിരുന്നില്ല. സചിൻ പടുത്തുയർത്തിയ റെക്കോഡുകളോരോന്നും കോഹ്‌ലി തിരുത്തിക്കുറിക്കുന്ന കാഴ്ച അദ്ഭുതത്തോടെയാണ് ക്രിക്കറ്റ് ലോകം നോക്കിനിന്നത്. റെക്കോഡ് പുസ്തകത്തിൽ സച്ചിന് എത്തിപ്പിടിക്കാനാകാത്ത ഇടങ്ങളും കോഹ്‌ലി മറികടന്നു. സാങ്കേതിക തികവാർന്ന ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിച്ച താരം പടിയിറങ്ങുമ്പോൾ പകരം കിങ് കോഹ്‌ലി സ്ഥാനം ഇനി ആരെ ഏൽപ്പിക്കാനാകുമെന്നത് കാലം തെളിയിക്കേണ്ടിയിരിക്കുന്നു.
36കാരനായ കോഹ്‌ലിയെ പുതുതലമുറ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമായാണ് വിലയിരുത്തുന്നത്. ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൻ എന്നിവർക്കൊപ്പം ഫാബ് ഫോറിൾ ഉൾപ്പെട്ട താരമാണ് കോഹ്‌ലി. 123 ടെസ്റ്റിൽനിന്ന് 30 സെഞ്ച്വറികൾ ഉൾപ്പെടെ 46.85 ശരാശരിയിൽ 9230 റൺസാണ് ടെസ്റ്റ് കരിയറിൽ കോഹ്‌ലിയുടെ സമ്പാദ്യം. 2011ൽ വെസ്റ്റിൻഡീസിനെതിരെ അരങ്ങേറിയാണ് ഒന്നരപ്പതിറ്റാണ്ട് നീണ്ട ടെസ്റ്റ് കരിയറിന് കോഹ്‌ലി തുടക്കമിട്ടത്. തൊട്ടടുത്ത വർഷം തന്നെ കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസടിക്കുന്ന ഇന്ത്യൻ താരമായി.
2015ലും 2016ലും തുടർച്ചയായി റൺവേട്ടയിൽ ഒന്നാമനായ കോഹ്‌ലിക്ക് ‘റൺ മെഷീനെ’ന്ന വിശേഷണം ആരാധകർ ചാർത്തിനൽകി. ഇതിനിടെ എം.എസ്. ധോണിയിൽനിന്ന് ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റൻസി ഏറ്റെടുത്ത കോഹ്‌ലി, ഉത്തരവാദിത്തത്തിനിടയിലും ബാറ്റിങ്ങിലെ മികവ് തുടർന്നു. ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവുമധികം റൺസ് (5864), സെഞ്ച്വറി (20), ഉയർന്ന സ്കോർ (254*) എന്നിവയെല്ലാം കോഹ്‌ലി സ്വന്തം പേരിലാക്കി. ഇന്ത്യക്കായി ഏഴ് ഇരട്ട ശതകം നേടിയ താരം ഇതിൽ ആറും ക്യാപ്റ്റനായിരിക്കെയാണ് അടിച്ചെടുത്തത്. തുടർച്ചയായ നാല് പരമ്പകളിൽ ഇരട്ട സെഞ്ച്വറികൾ നേടി. ക്യാപ്റ്റനായ 68ൽ 40 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചു.
കരിയറിന്‍റെ പീക്ക് പോയിന്‍റിൽ എത്തിനിൽക്കേ 2018ൽ 937 ആയിരുന്നു കോഹ്‌ലിയുടെ റേറ്റിങ് പോയിന്‍റ്. ഒരു ഇന്ത്യൻ താരം സ്വന്തമാക്കുന്ന ഏറ്റവുമുയർന്ന റേറ്റിങ് പോയന്റാണിത്. ആസ്ട്രേലിയൻ ഭൂഖണ്ഡത്തിൽ ഒരു ഏഷ്യൻ ക്യാപ്റ്റൻ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ അവസരം കോഹ്‌ലിക്ക് കീഴിലായിരുന്നു (2018-19). തുടർച്ചയായി ഒമ്പത് ടെസ്റ്റ് പരമ്പരകളിൽ ഇന്ത്യയെ ജയത്തിലേക്ക് നയിച്ച കോഹ്‌ലി, ആസ്ട്രേലിയയിൽ മാത്രം ഏഴ് സെഞ്ച്വറികളാണ് നേടിയത്. ഇതിഹാസ താരമായ സചിൻ ഉൾപ്പെടെ മറ്റൊരിന്ത്യൻ താരത്തിന് അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്.
രോഹിത്തിനു പിന്നാലെ കോഹ്‌ലി കൂടി ടെസ്റ്റിൽനിന്ന് വിരമിച്ചാൽ കളി കാണാൻ പോലും ആളുകുറയുമെന്ന് അറിയാവുന്ന ബി.സി.സി.ഐ, താരത്തെ തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ട്വന്‍റി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ കോഹ്‌ലിയും രോഹിത്തും കുട്ടിക്രിക്കറ്റിൽനിന്ന് വിരമിച്ചിരുന്നു. ഇപ്പോൾ ടെസ്റ്റിൽനിന്ന് കൂടി വിരമിക്കുമ്പോൾ, ഇരുവരെയും ഇനി ഏകദിനത്തിൽ മാത്രമാകും കാണാനാകുക. സാങ്കേതിക തികവ് നിറഞ്ഞ ക്ലാസ് ഷോട്ടുകൾകൊണ്ട് കോഹ്‌ലിയും വമ്പനടികളിലൂടെ ത്രസിപ്പിക്കാൻ ഹിറ്റ്മാനും ഏകദിനത്തിൽ തുടരുമെന്നത് ആരാധകർക്ക് ആശ്വാസമാണ്.
ഈ വർഷമാദ്യം ആസ്ട്രേലിയയിൽ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലാണ് കോഹ്‌ലിയും രോഹിത്തും ഇന്ത്യക്കായി ഒടുവിൽ വെള്ളക്കുപ്പായമണിഞ്ഞത്. ടൂർണമെന്‍റിൽ ഇരുവരും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ടെസ്റ്റിൽ നേടിയ സെഞ്ച്വറി മാത്രമാണ് കോഹ്‌ലിക്ക് ആശ്വസിക്കാനുള്ളത്. ഇതോടെ സീനിയർ താരങ്ങൾക്കുനേരെ വൻ വിമർശനമുയർന്നു. ഇരുവരും ടീമിന് ബാധ്യതയാണെന്നും പുതിയ താരങ്ങളുടെ അവസരം മുടക്കുന്നുവെന്നും വിമർശിച്ച് മുൻ താരങ്ങളടക്കം രംഗത്തുവന്നു.
സമീപകാലത്ത് വമ്പനടികൾക്കാകാതെ ഉഴറുകയാണെങ്കിലും ഐ.പി.എല്ലിൽ റണ്ണൊഴുക്കുന്നത് തുടരുകയാണ് കോഹ്‍ലി. ഇംഗ്ലീഷ് പരമ്പരയിലും വെറ്ററൻ താരത്തിന്റെ പരിചയ മികവ് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ബി.സി.സി.ഐ. പുതിയ കരാറിലും ഏറ്റവും മികച്ചവർക്കുള്ള എപ്ലസ് വിഭാഗത്തിലാണ് കോഹ്‍ലിയെ ബി.സി.സി.ഐ ഉൾപ്പെടുത്തിയത്. എന്നാൽ അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ വൈറ്റ്സിൽ ഇനിയില്ലെന്ന് വ്യക്തമാക്കി താരം വിരമിക്കൽ പ്രഖ്യാപിച്ചു.
ആദ്യം അശ്വിനും പിറകെ രോഹിതും ഒടുവിൽ കോഹ്‍ലിയും പിന്മാറുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിന്റെ താരമുദ്രകളായ വെറ്ററൻ നിരയിൽ ഇനി അവശേഷിക്കുന്നത് അപൂർവം ചിലർ മാത്രമാണ്. ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവർ ടീമിലില്ലാതിരിക്കുകയും മുഹമ്മദ് ഷമി പരിക്കുമാറി ഫോമിലെത്താൻ പ്രയാസപ്പെടുകയും ചെയ്യുന്ന ഘട്ടത്തിൽ ഇനി കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരാണ് ബാക്കിയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

