‘തുടങ്ങിവെച്ചത് കോഹ്ലി’; ഐ.പി.എൽ മത്സരത്തിലെ കൊമ്പുകോർക്കലിൽ വിശദീകരണവുമായി നവീനുൽ ഹഖ്
text_fieldsഐ.പി.എല്ലിനിടെ സൂപ്പർതാരം വിരാട് കോഹ്ലിയും അഫ്ഗാന്‍ പേസര്‍ നവീനുൽ ഹഖും തമ്മിലുള്ള വാക്കുതർക്കം വാർത്ത തലക്കെട്ടുകളിൽ നിറഞ്ഞിരുന്നു.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ലഖ്‌നോ സൂപ്പർ ജയന്‍റ്സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. ഇരുവരുടെയും വാക്കേറ്റം സമൂഹമാധ്യമങ്ങളിലും വൈറലായി. എന്നാൽ, തർക്കം തുടങ്ങിവെച്ചത് കോഹ്ലിയാണെന്നാണ് കഴിഞ്ഞദിവസം നവീനുൽ ഹഖ് വെളിപ്പെടുത്തിയത്. ‘വഴക്ക് തുടങ്ങിയത് ഞാനല്ല. മത്സരശേഷം പരസ്പരം കൈകൊടുത്തപ്പോൾ കോഹ്ലിയാണ് വഴക്കിട്ടത്. ഐ.പി.എൽ അധികൃതർ ഞങ്ങൾക്ക് ചുമത്തിയ പിഴ നോക്കിയാൽ വഴക്ക് തുടങ്ങിയത് ആരാണെന്ന് മനസ്സിലാകും’ -നവീനുൽ ഹഖ് ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഐ.പി.എൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാച്ച് ഫീയുടെ 100 ശതമാനം കോഹ്ലിക്കും 50 ശതമാനം നവീനുൽ ഹഖിനും പിഴ ചുമത്തിയിരുന്നു.
ഏതെങ്കിലും താരത്തിന്‍റെ പ്രേരണയില്ലാതെ താൻ സ്ലെഡ്ജ് ചെയ്യില്ലെന്നും അഫ്ഗാൻ താരം പറയുന്നു. അഥവാ സ്ലെഡ്‌ജ് ചെയ്‌താല്‍ തന്നെ അത് ക്രീസിലെ ബാറ്റര്‍മാരെയായിരിക്കും. കാരണം ഞാനൊരു ബൗളറാണ്. അവിടെയുണ്ടായിരുന്ന മറ്റ് താരങ്ങള്‍ക്ക് അറിയാം യാഥാര്‍ഥ്യം. മത്സരശേഷം ഞാനെന്താണ് ചെയ്‌തത് എന്ന് എല്ലാവരും കണ്ടതാണ്. ഞാന്‍ കൈകൊടുക്കുമ്പോള്‍ കോഹ്ലി എന്‍റെ കൈയില്‍ ബലമായി പിടിച്ചു. ഞാനൊരു മനുഷ്യനാണ്, അതുകൊണ്ടാണ് പ്രതികരിച്ചതെന്നും താരം പറയുന്നു.
മത്സരശേഷം ഇരുവരും തമ്മില്‍ വാക്കേറ്റമായതോടെ ലഖ്‌നോ നായകന്‍ കെ.എല്‍. രാഹുല്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.