ലണ്ടൻ തെരുവിലൂടെ ഏകനായി കോഹ്ലി; റോഡ് മുറിച്ചുകടക്കുന്ന വിഡിയോ വൈറൽ
text_fieldsലണ്ടൻ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുശേഷം ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോഹ്ലി നേരെ വിമാനം കയറിയത് ലണ്ടനിലേക്കായിരുന്നു.
അവിടെ നിന്നുള്ള താരത്തിന്‍റെ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ലണ്ടൻ തെരുവിൽ കോഹ്ലി ഏകനായി റോഡ് മുറിച്ചുകടക്കാൻ കാത്തുനിൽക്കുന്നതാണ് വിഡിയോ. ട്വന്‍റി20 ലോകകപ്പ് വിജയത്തിനു പിന്നാലെയും താരം കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് പോയിരുന്നു. ക്രിക്കറ്റിൽനിന്ന് വിരമിച്ചതിനുശേഷം കുടുംബത്തോടൊപ്പം താരം ലണ്ടനിൽ താമസമാക്കുമെന്ന അഭ്യൂഹം നേരത്തെ തന്നെയുണ്ട്. ഇതിനിടെയാണ് താരത്തിന്‍റെ അടിക്കടിയുള്ള ലണ്ടൻ യാത്ര.
നേരത്തെ യൂനിയൻ ചാപ്പലിൽ കോഹ്ലിക്കൊപ്പം പ്രാർഥിക്കുന്ന ചിത്രം അനുഷ്ക ശർമ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 15ന് രണ്ടാമത്തെ കുട്ടി അകായ്ക്ക് അനുഷ്ക ശർമ ജന്മം നൽകിയതും ലണ്ടനിലായിരുന്നു. ഈ സമയത്ത് കോഹ്ലി ക്രിക്കറ്റിൽനിന്ന് ഇടവേളയെടുത്ത് കുടുംബത്തിനൊപ്പമായിരുന്നു. അന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര താരത്തിന് നഷ്ടമായി.
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്. മൂന്നു മത്സരങ്ങളിൽനിന്ന് 30 റൺസ് പോലും താരത്തിന് നേടാനായില്ല. ഇന്ത്യ 2-0ത്തിന് പരമ്പര ലങ്കക്കു മുന്നിൽ അടിയറവെക്കുകയും ചെയ്തു. ദുലീപ് ട്രോഫിയിലൂടെ ആഭ്യന്തര ക്രിക്കറ്റിലേക്ക് താരം തിരിച്ചെത്തുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും താരം കളിക്കുന്നില്ല.
അടുത്തമാസം ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ താരം പങ്കെടുത്തേക്കും. പിന്നാലെ ആസ്ട്രേലിയക്കെതിരെ ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്.

