ഇന്ത്യൻ ക്രിക്കറ്റിന് കോഹ്‌ലി വലിയ സംഭാവന നൽകി; ഭാരതരത്ന നൽകണം -സുരേഷ് റെയ്ന
text_fieldsന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച വിരാട് കോഹ്‌ലിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകണമെന്ന ആവശ്യവുമായി ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി ഇന്ത്യൻ ക്രിക്കറ്റിന് കോഹ്‌ലി നൽകിയ സംഭാവന പരിഗണിച്ച് പുരസ്കാരം സമ്മാനിക്കണമെന്ന് ജിയോഹോട്ട്സ്റ്റാറിൽ സംസാരിക്കവെ റെയ്ന ആവശ്യപ്പെട്ടു.
ടെസ്റ്റ് കരിയറിൽ 10,000 റൺസെന്ന നാഴികക്കല്ലിലേക്ക് 770 റൺസ് മാത്രം മതിയെന്നിരിക്കെ, ഈ മാസം 12നാണ് കോഹ്‌ലി വിരമിക്കൽ പ്രഖ്യാപിച്ചത്. നേരത്തെ 2024ലെ ട്വന്‍റി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ കുട്ടിക്രിക്കറ്റിൽനിന്ന് താരം പടിയിറങ്ങിയിരുന്നു. കായിക രംഗത്തെ പുരസ്കാരമായ അർജുന അവാർഡ് 2013ലും പരമോന്നത കായിക പുരസ്കാരമായ ഖേൽരത്ന 2018ലും കോഹ്‌ലി സ്വന്തമാക്കിയിരുന്നു. 2017ൽ പദ്മശ്രീക്കും കോഹ്‌ലി അർഹനായി.
ഇതിഹാസ താരമായ സചിൻ തെൻഡുൽക്കർ മാത്രമാണ് ഭാരതരത്ന നേടിയ ഏക ക്രിക്കറ്റർ. അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചതിനു പിന്നാലെ 2014ൽ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയിൽനിന്നാണ് സചിൻ പുരസ്കാരമേറ്റുവാങ്ങിയത്. അതേസമയം ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ടുമുമ്പ് വിരമിക്കൽ പ്രഖ്യാപിച്ച കോഹ്‌ലി, ഏകദിനത്തിൽ തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു സീനിയർ താരമായ രോഹിത് ശർമ ടെസ്റ്റിൽനിന്ന് വിരമിച്ചതിനു പിന്നാലെയാണ് കോഹ്‌ലിയും പടിയിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

