‘എത്ര ട്രോഫി കിട്ടിയെന്ന് അറിയില്ല, എല്ലാം അമ്മക്ക് അയച്ചുകൊടുക്കും’; റെക്കോഡുകളെക്കുറിച്ച് ചിന്തിക്കാറില്ലെന്നും കോഹ്‌ലി
text_fieldsവിരാട് കോഹ്‌ലി
വഡോദര: തന്റെ പ്രിയപ്പെട്ട കായിക വിനോദത്തിലൂടെ ആളുകൾക്ക് സന്തോഷം നൽകാൻ കഴിയുന്നത് സ്വപ്നസാക്ഷാത്കാരം പോലെയാണെന്ന് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലി. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലുമായി ഏറ്റവും വേഗത്തിൽ 28,000 റൺസ് തികക്കുന്ന താരമെന്ന നേട്ടം 37കാരനായ കോഹ്‌ലി സ്വന്തമാക്കിയിരുന്നു. സചിൻ ടെണ്ടുൽക്കർക്ക് പിന്നിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമാണ് അദ്ദേഹം.
തന്റെ 624-ാം ഇന്നിങ്സിൽ ന്യൂസിലൻഡ് ലെഗ് സ്പിന്നർ ആദിത്യ അശോകിനെ ബൗണ്ടറി കടത്തിയാണ് കോഹ്‌ലി ഈ നാഴികക്കല്ല് പിന്നിട്ടത്. സചിൻ 644-ാം ഇന്നിങ്സിലും, ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാര 666-ാം ഇന്നിങ്സിലുമാണ് ഈ നേട്ടം കൈവരിച്ചത്.
“എന്റെ യാത്രയിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഇതൊരു സ്വപ്നസാക്ഷാത്കാരമാണ്. എന്റെ കഴിവിനെക്കുറിച്ച് എനിക്ക് എപ്പോഴും ബോധ്യമുണ്ടായിരുന്നു, ഇന്നത്തെ നിലയിലെത്താൻ എനിക്ക് വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടി വന്നു. ദൈവം എനിക്ക് അനുഗ്രഹം നൽകിയിട്ടുണ്ട്, അതിനാൽ പരാതിപ്പെടാൻ ഒന്നുമില്ല. എനിക്ക് എപ്പോഴും നന്ദി മാത്രമേയുള്ളൂ. കുട്ടിക്കാലം മുതൽ സ്നേഹിച്ച ഒരു കായിക വിനോദത്തിലൂടെ ഇത്രയധികം ആളുകൾക്ക് സന്തോഷം നൽകാൻ കഴിയുന്നത് ഒരു അനുഗ്രഹമാണ്” -കരിയറിൽ 45-ാം തവണയും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ കോഹ്‌ലി പ്രസന്‍റേഷൻ സെറിമണിയിൽ പറഞ്ഞു.
തനിക്ക് എത്ര ട്രോഫികൾ ലഭിച്ചെന്ന് അറിയില്ലെന്നും കിട്ടുന്നതെല്ലാം ഗുഡ്ഗാവിലുള്ള അമ്മയുടെ അടുത്തേക്കാണ് അയക്കുന്നതെന്നും, അവ സൂക്ഷിച്ചു വെക്കാൻ അമ്മക്ക് വലിയ ഇഷ്ടമാണെന്നും കോഹ്‌ലി പറഞ്ഞു. ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ട പ്രകടനത്തെക്കുറിച്ച് (91 പന്തിൽ 93) ചോദിച്ചപ്പോൾ, നിലവിൽ താൻ റെക്കോഡുകളെക്കുറിച്ച് ചിന്തിക്കുന്നേയില്ലെന്നാണ് കോഹ്‌ലി മറുപടി നൽകിയത്. തന്റെ ബാറ്റിംഗ് ശൈലിയിൽ വന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ചിലപ്പോൾ തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിക്കുന്നത് എതിരാളികളെ പ്രതിരോധത്തിലാക്കാൻ സഹായിക്കും. രോഹിത്തിന്റെ വിക്കറ്റ് വീണതിന് പിന്നാലെ ക്രീസിലെത്തിയപ്പോൾ ആദ്യ 20 പന്തുകളിൽ ബൗളർമാർക്കുമേൽ സമ്മർദം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. അത് മത്സരത്തിൽ വലിയ മാറ്റമുണ്ടാക്കി.
രോഹിത് ശർമ്മ പുറത്തായതിനു പിന്നാലെ കോഹ്‌ലി ക്രീസിലേക്ക് എത്തിയപ്പോൾ ഗാലറിയിൽനിന്ന് വലിയ ആരവമാണ് ഉയർന്നത്. എന്നാൽ ഒരു താരം പുറത്തായി പോകുമ്പോൾ കാണികൾ ഇത്തരത്തിൽ ആഘോഷിക്കുന്നത് ശരിയായ കാര്യമായി തനിക്ക് തോന്നുന്നില്ലെന്ന് കോഹ്‌ലി തുറന്നു പറഞ്ഞു. എം.എസ്. ധോണിയുടെ കാര്യത്തിലും ഇത് സംഭവിക്കുന്നത് കണ്ടിട്ടുണ്ട്. പുറത്തായി പോകുന്ന താരത്തിന് അത് നല്ലൊരു അനുഭവമാകില്ല. അതിനാൽ തനിക്ക് അതിൽ വിഷമമുണ്ടെന്നും കോഹ്‌ലി പറഞ്ഞു.
അതേസമയം ഒന്നാം ഏകദിനത്തിൽ ഇന്ത്യ നാലു വിക്കറ്റ് വിജയം സ്വന്തമാക്കി. വിരാട് കോഹ്ലിയുടെയും (93) നായകൻ ശുഭ്മൻ ഗില്ലിന്‍റെയും (56) അർധ സെഞ്ച്വറികളാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. പരിക്കിൽനിന്ന് മോചിതനായി തിരിച്ചെത്തിയ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ 49 റൺസ് നേടി. കിവീസ് ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം ആറു പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ മറികടന്നത്. സ്കോർ: ന്യൂസിലൻഡ് -50 ഓവറിൽ എട്ടു വിക്കറ്റിന് 300, ഇന്ത്യ -49 ഓവറിൽ ആറു വിക്കറ്റിന് 306. മൂന്നുമത്സര പരമ്പരയിലെ രണ്ടാം മത്സരം ബുധനാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

