300 ഏകദിനം, നൂറിലേറെ ടെസ്റ്റും ടി20യും; റെക്കോർഡ് പുസ്തകത്തിൽ കണക്കുകൾ ചേർത്ത് കിങ് കോഹ്‌ലി
text_fieldsദുബൈ: ചാമ്പ്യൻസ് ട്രോഫിയിൽ കഴിഞ്ഞ ദിവസം ന്യൂസിലൻഡിനെതിരെ വലിയ സ്കോർ നേടായില്ലെങ്കിലും 300-ാം ഏകദിനത്തിന് മൈതാനത്തിലിറങ്ങിയ സൂപ്പർ താരം വിരാട് കോഹ്‌ലി പുതിയ റെക്കോഡുകൾ സ്വന്തം പേരിലാക്കി. 300 ഏകദിനം കളിക്കുന്ന ഏഴാമത്തെ മാത്രം ഇന്ത്യൻ താരമാണ് കോഹ്‌ലി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നാഴികക്കല്ലു പിന്നിടുന്ന 18-ാമത്തെ താരം കൂടിയാണ് കോഹ്‌ലി. 300 ഏകദിനത്തിനൊപ്പം ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ 100 മത്സരത്തിലും കളിച്ചിട്ടുള്ള ആദ്യ താരമാകാനും കോഹ്‌ലിക്കായി.
മുഹമ്മദ് അസ്ഹറുദ്ദീൻ (334 മത്സരങ്ങൾ), സചിൻ തെണ്ടുൽക്കർ (463 മത്സരങ്ങൾ), രാഹുൽ ദ്രാവിഡ് (344 മത്സരങ്ങൾ), സൗരവ് ഗാംഗുലി (311 മത്സരങ്ങൾ), എം.എസ്. ധോണി (350 മത്സരങ്ങൾ), യുവരാജ് സിങ് (304 മത്സരങ്ങൾ) എന്നിവരാണ് കോഹ്‌ലിക്ക് മുമ്പ് 300 ഏകദിനമെന്ന നാഴികക്കല്ല് പിന്നിട്ടത്. ന്യൂസിലൻഡിനെതിരായ മത്സരത്തിന് മുമ്പ് 299 ഏകദിനങ്ങളിൽ 58.20 ശരാശരിയിലും 93.41 സ്ട്രൈക്ക് റേറ്റിലും 14,085 റൺസാണ് വിരാട് കോഹ്‌ലിയുടെ പേരിലുണ്ടായിരുന്നത്. 300-ാം മത്സരത്തിൽ 11 റൺസ് മാത്രമാണ് അദ്ദേഹത്തിന് കൂട്ടിച്ചേർക്കാനായത്.
ഏകദിനത്തിൽ 51 സെഞ്ച്വറികളും 73 അർധ സെഞ്ച്വറികളുമാണ് കോഹ്‌ലിയുടെ പേരിലുള്ളത്. 2008ൽ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച കോഹ്‌ലിയുടെ മികച്ച സ്കോർ 183 ആണ്. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 8,000 റൺസ് (175 ഇന്നിങ്സ്), 9,000 റൺസ് (194 ഇന്നിങ്സ്), 10,000 റൺസ് (205 ഇന്നിങ്സ്), 11,000 റൺസ് (222 ഇന്നിങ്സ്), 12,000 റൺസ് (242 ഇന്നിങ്സ്), 13,000 റൺസ് (287 ഇന്നിങ്സ്), 14,000 റൺസ് (299 ഇന്നിങ്സ്) എന്നിവ നേടിയതിന്‍റെ റെക്കോഡും അദ്ദേഹത്തിന്‍റെ പേരിലാണുള്ളത്.
2011–2020 വർഷങ്ങളിൽ ഐ.സി.സി ഏകദിന പ്ലെയർ ഓഫ് ദ ഡിക്കേഡ് അവാർഡും 2012, 2017, 2018, 2023 വർഷങ്ങളിൽ ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡും വിരാട് നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ഐ.സി.സി അവാർഡുകൾ താരത്തിന്‍റെ പേരിലാണ്. ക്യാപ്റ്റനെന്ന നിലയിൽ 95 ഏകദിനങ്ങളിൽ 65 എണ്ണത്തിലും കോഹ്‌ലി ടീം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചപ്പോൾ 27 മത്സരങ്ങളിൽ ഇന്ത്യ പരാജയം ഏറ്റുവാങ്ങി.
അതേസമയം ചാമ്പ്യൻസ് ട്രോഫിയിലെ തുടർച്ചയായ മൂന്നാം ജയത്തോടെയാണ് ഇന്ത്യ സെമി ഫൈനലിനെത്തുന്നത്. ഞായറാഴ്ചത്തെ മത്സരത്തിൽ കിവീസിനെതിരെ 44 റൺസിന്‍റെ ജയമാണ് ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 249 റൺസ് നേടിയപ്പോൾ, ന്യൂസിലൻഡ് 205ന് പുറത്തായി. ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യ ചൊവ്വാഴ്ച നടക്കുന്ന ആദ്യ സെമിയിൽ ആസ്ട്രേലിയയെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

