നാല് വർഷത്തെ ഇടവേള, കിങ് കോഹ്‌ലി വീണ്ടും നമ്പർ വൺ; മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഹിറ്റ്മാൻ രോഹിത്
text_fieldsവിരാട് കോഹ്‌ലി
ദുബൈ: ഐ.സി.സിയുടെ ഏകദിന ബാറ്റർമാരുടെ റാങ്കങ്ങിൽ ഇന്ത്യയുടെ സൂപ്പർതാരം വിരാട് കോഹ്‌ലി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. കരിയറിൽ 11-ാം തവണയാണ് കോഹ്‌ലി റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. കുറച്ചുനാളത്തെ മോശം ഫോമിന് ശേഷം ശക്തമായ തിരിച്ചുവരവാണ് കോഹ്‌ലി നടത്തിയിരിക്കുന്നത്. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ 93 റൺസ് നേടിയതോടെയാണ് കോഹ്‌ലി ഒന്നാം സ്ഥാനത്തെത്തിയത്. നാല് വർഷത്തെ ഇടവെളക്കു ശേഷമാണ് താരം വീണ്ടും ഒന്നാമനായത്. ഏകദിന ഫോർമാറ്റിൽ തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ 50ലധികം റൺസ് കണ്ടെത്തിയാണ് ബുധനാഴ്ച മത്സരത്തിനിറങ്ങുന്നത്.
ആസ്‌ട്രേലിയൻ പര്യടനം കോഹ്‌ലിയുടെ അവസാനത്തെ പരമ്പരയാകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, തകർപ്പൻ പ്രകടനത്തിലൂടെ താരം വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ്. 2027 ഏകദിന ലോകകപ്പിലും കോഹ്‌ലിയുടെ സാന്നിധ്യം ഇതോടെ ഏറെക്കുറെ ഉറപ്പായി. അതേസമയം ന്യൂസിലൻഡിനെതിരെ ആദ്യ ഏകദിനത്തിൽ 26 റൺസ് മാത്രം നേടിയ ഇന്ത്യൻ ഓപണർ രോഹിത് ശർമ ഒന്നാം സ്ഥാനത്തുനിന്ന് മൂന്നാമതേക്ക് പിന്തള്ളപ്പെട്ടു. വഡോദരയിൽ നടന്ന മത്സരത്തിൽ 84 റൺസ് നേടിയ ന്യൂസിലൻഡ് താരം ഡാരിൽ മിച്ചൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. നായകൻ ശുഭ്മൻ ഗില്ലാണ് ആദ്യ അഞ്ചിലുള്ള മറ്റൊരു ഇന്ത്യൻ താരം.
ഐ.സി.സി ഏകദിന ബാറ്റിങ് റാങ്കിങ് (ടോപ് ഫൈവ്)
- വിരാട് കോഹ്‌ലി (ഇന്ത്യ) – 785 പോയിന്റ്
- ഡാരിൽ മിച്ചൽ (ന്യൂസിലൻഡ്) – 784 പോയിന്റ്
- രോഹിത് ശർമ്മ (ഇന്ത്യ) – 775 പോയിന്റ്
- ഇബ്രാഹിം സദ്രാൻ (അഫ്ഗാനിസ്താൻ) – 764 പോയിന്റ്
- ശുഭ്മൻ ഗിൽ (ഇന്ത്യ) – 725 പോയിന്റ്
ശ്രേയസ് അയ്യർ പത്താമതും കെ.എൽ. രാഹുൽ 11-ാം സ്ഥാനത്തുമുണ്ട്. ഏകദിന ബൗളർമാരിൽ കുൽദീപ് യാദവ് മൂന്നാം സ്ഥാനം നിലനിർത്തി. അതേസമയം ന്യൂസിലൻഡിനെതിരെ ആദ്യ കളി ജയിച്ച ആതിഥേയർക്ക് സമാന ഫലം തുടർന്നാൽ മൂന്ന് മത്സര പരമ്പര ഇന്നേ സ്വന്തമാക്കാം. ന്യൂസിലൻഡിനെ സംബന്ധിച്ച് ഇത് നിലനിൽപ്പിന്റെ പോരാട്ടമാണ്. കോഹ്‌ലിയുടെ ഉജ്ജ്വല ഫോം മെൻ ഇൻ ബ്ലൂവിന് നൽകുന്ന ആവേശം ചെറുതല്ല. അന്താരാഷ്ട്ര, ആഭ്യന്തരതലങ്ങളിലായി കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ വിരാടിന്റെ ബാറ്റിൽനിന്ന് പിറന്നത് മൂന്ന് സെഞ്ച്വറികളും നാല് അർധ ശതകങ്ങളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

