ബാംഗളൂരു: ഒാരോ ദിനവും ഓരോ റെക്കോഡ് സ്വന്തം ചരിത്രത്തോടു ചേർത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലുർ നായകൻ വിരാട് കോഹ്ലി. റോയൽസിനെതിരെ സമാനതകളില്ലാത്ത വിജയത്തിന് അടിത്തറയിട്ട ഇന്നിങ്സിലാണ് ഐ.പി.എല്ലിൽ ആദ്യമായി 6,000 റൺസ് തികക്കുന്ന താരമെന്ന പുതിയ ചരിത്ര നേട്ടം തൊട്ടത്. വാങ്കഡെ സ്റ്റേഡിയത്തിൽ ഓപണർ ദേവ്ദത്ത് പടിക്കലിനെ കൂട്ടി കളി തുടങ്ങിയ കോഹ്ലി ഐ.പി.എല്ലിൽ 40ാം അർധ സെഞ്ച്വറിയും കണ്ടെത്തിയിരുന്നു. 196 ഇന്നിങ്സിലാണ് 6,000 റൺസ് പൂർത്തിയാക്കുന്നത്. ട്വൻറി20യിൽ അഞ്ചു സെഞ്ച്വറികളും നേടിയിട്ടുണ്ട്.
കളിയിൽ തുടക്കം മുതലേ പ്രകടന മികവുമായി കളി പിടിച്ച പടിക്കൽ മികച്ച ഷോട്ടുകളുമായി ജയത്തിലേക്ക് ബാറ്റുവീശിയപ്പോൾ വൈകി തുടങ്ങിയ കോഹ്ലി പിന്നീട് എല്ലാം എളുപ്പമാക്കി. കളി പാതിയെത്തിയതോടെ ഒരേ മികവിൽ ഇരുവരും മൈതാനത്തിന്‍റെ നാലു വശത്തേക്കും പന്ത് പായിക്കുന്നത് ആവേശക്കാഴ്ചയായി.
പതിവിൽനിന്ന് വിപരീതമായി ഓരോ കളിയിലും അപൂർവ മിടുക്കു പുറത്തെടുക്കുന്ന ബാംഗ്ലൂർ ടീം ഈ സീസണിൽ ഇതുവരെ തോറ്റിട്ടില്ല. മൂന്നു കളി കളിച്ചതിൽ മൂന്നും ജയിച്ചിട്ടുണ്ട്.