'കോഹ്‌ലി, വിരമിക്കുന്നതിനു മുമ്പ് പാകിസ്താനിൽ കളിക്കൂ'; പാക് ആരാധകന്‍റെ പോസ്റ്റർ വൈറൽ
text_fieldsഇന്ത്യൻ ടീം അവസാനമായി പാകിസ്താൻ മണ്ണിൽ ക്രിക്കറ്റ് കളിച്ചത് 2006ലാണ്. അന്ന് സൂപ്പർ താരം വിരാട് കോഹ്‌ലി ടീമിലുണ്ടായിരുന്നില്ല. പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ, നയതന്ത്ര ബന്ധം വഷളാകുകയും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പാകിസ്താൻ മണ്ണിലെ പരമ്പരകൾ ഒഴിവാക്കുകയുമായിരുന്നു.
അതിനുശേഷം ഐ.സി.സി ടൂർണമെന്‍റുകളിൽ മാത്രമാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ പാകിസ്താൻ താരങ്ങൾ കളിക്കുന്നില്ല. വെള്ളിയാഴ്ച ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന പാകിസ്താൻ-ഇംഗ്ലണ്ട് ട്വന്‍റി20 മത്സരത്തിനിടെ ഒരു ആരാധകൻ ഉയർത്തിക്കാട്ടിയ പോസ്റ്ററാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
നിമിഷങ്ങൾക്കുള്ളിലാണ് പോസ്റ്ററും ആരാധകനും ഇന്‍റർനെറ്റ് ലോകത്ത് ചർച്ചയായത്. നിരവധി പേർ ഇതിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. 'കോഹ്‌ലി, വിരമിക്കുന്നതിന് മുമ്പ് പാകിസ്താനിൽ കളിക്കു' എന്നായിരുന്നു പോസ്റ്ററിൽ എഴുതിയിരുന്നത്. കോഹ്‌ലിക്ക് പാകിസ്താനിൽ നിരവധി ആരാധകരുണ്ട്. ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറിനുശേഷം പാകിസ്താനിൽ കൂടുതൽ ആരാധകരുള്ള ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ധോണിയും കോഹ്‌ലിയുമാണ്.
കോഹ്‌ലിക്ക് ഇതുവരെ പാക് മണ്ണിൽ ക്രിക്കറ്റ് കളിക്കാനുള്ള അവസരമുണ്ടായിട്ടില്ല. താരം കരിയറിൽ ഇതുവരെ 102 ടെസ്റ്റ് മത്സരങ്ങളും 262 ഏകദിനങ്ങളും 108 ട്വന്‍റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 71 അന്താരാഷ്ട്ര സെഞ്ച്വറികളാണ് താരത്തിന്‍റെ പേരിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

