കോഹ്ലിയുടെ ട്വന്‍റി20 കരിയറിന് അവസാനമാകുന്നു? പകരക്കാരനായി മൂന്നാം നമ്പറിലേക്ക് വിക്കറ്റ് കീപ്പർ
text_fieldsലോകകപ്പിലെ റൺവേട്ടക്കാരനിൽ ഒന്നാമനായിരുന്ന സൂപ്പർബാറ്റർ വിരാട് കോഹ്ലിയുടെ ട്വന്‍റി20 കരിയറിന് അവസാനമാകുന്നു. ബി.സി.സി.ഐയുടെ ട്വന്‍റി20 പദ്ധതികളിൽ താരത്തിന്‍റെ പേര് പരിഗണിക്കുന്നില്ലെന്നാണ് പുറത്തുവരുന്നു വിവരം.
അടുത്ത വർഷം ജൂണിൽ ട്വന്‍റി20 ലോകകപ്പ് നടക്കാനിരിക്കെ, ഏകദിനം വിട്ട് ബി.സി.സി.ഐ ട്വന്‍റി20യിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. ലോകകപ്പ് ഫൈനലിൽ ഓസീസിനു മുന്നിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി കിരീടം കൈവിട്ടുകളഞ്ഞ ഇന്ത്യൻ സംഘത്തിന് മുന്നിലുള്ളത് മറ്റൊരു ഐ.സി.സി ലോകകപ്പായ ട്വന്‍റി20യാണ്. ഒരു ഐ.സി.സി കിരീടം ഇന്ത്യ നേടിയിട്ട് ഏറെ നാളായി.
ഡൽഹിയിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയും പരിശീലകൻ രാഹുൽ ദ്രാവിഡും മുഖ്യ സെലക്ടർ അജിത് അഗാർക്കറും നടത്തിയ അഞ്ചു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ വെസ്റ്റിൻഡീസിലും യു.എസിലുമായി നടക്കുന്ന ലോകകപ്പിനുള്ള തയാറെടുപ്പുകളാണ് പ്രധാനമായും ചർച്ച ചെയ്തത്. ലോകകപ്പിനുള്ള ഫൈനൽ സ്ക്വാഡിനെ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ആറു ട്വന്‍റി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെയും അഫ്ഗാനിസ്താനെതിരെയും മൂന്നെണ്ണം വീതം. ഇതിൽ കോഹ്ലിയും രോഹിത്തും ബുംറയും ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ട്വന്‍റി20, ഏകദിന പരമ്പരകളിൽ കളിക്കുന്നില്ല.
അഫ്ഗാനെതിരായ പരമ്പരയിലെ പ്രകടനം വിലയിരുത്തിയാകും ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിക്കുക. രോഹിത്, ബുംറ എന്നിവരെ ഏറെക്കുറെ പ്ലെയിങ് ഇലവനിലേക്ക് ബി.സി.സി.ഐ പരിഗണിക്കുന്നുണ്ട്. എന്നാൽ, കോഹ്ലിയുടെ കാര്യത്തിൽ ഉറപ്പില്ല. ട്വന്‍റി20 ലോകകപ്പിലും രോഹിത്ത് തന്നെയാകും ടീമിനെ നയിക്കുക. ഇക്കാര്യം ബി.സി.സി.ഐ അധികൃതർ രോഹിത്തിനെ അറിയിച്ചിട്ടുണ്ട്. 2022 ട്വന്‍റി20 ലോകകപ്പ് സെമിയിലെ തോൽവിക്കു പിന്നാലെ കോഹ്ലിയും രോഹിത്തും ഇതുവരെ ഇന്ത്യക്കായി കുട്ടിക്രിക്കറ്റിൽ ഇറങ്ങിയിട്ടില്ല.
എന്നാൽ, ഏകദിന ലോകകപ്പിലെ ടോപ് ഓർഡറിൽ ഹിറ്റ്മാന്‍റെ പ്രകടനം കണക്കിലെടുത്ത് ട്വന്‍റി20 ടീമിലും താരത്തെ ഉൾപ്പെടുത്താനാണ് തീരുമാനം. 11 മത്സരങ്ങളിൽനിന്നായി 597 റൺസാണ് താരം നേടിയത്. 125 ആണ് സ്ട്രൈക്ക് റേറ്റ്. ഒരു ഐ.സി.സി ടൂർണമെന്‍റിൽ കൂടി ബാറ്റിങ് മികവ് തെളിയിക്കാൻ രോഹിത്തിന് അവസരം നൽകണമെന്നാണ് സെലക്ടർമാരുടെ പൊതുവികാരം. അതേസമയം, കോഹ്ലിയുടെ കാര്യത്തിൽ സെലക്ടർമാർക്ക് ഈയൊരു അഭിപ്രായമില്ല.
ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ കോഹ്ലി, ട്വന്‍റി20 ഫോർമാറ്റിൽ മൂന്നാം നമ്പറിലേക്ക് യോഗ്യനല്ലെന്നാണ് ഭൂരിഭാഗത്തിന്‍റെയും അഭിപ്രായം. ഒരു ലോകകപ്പിൽ 700 റൺസിലധികം നേടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കിയ കോഹ്ലി, ഏകദിനത്തിൽ സചിന്‍റെ സെഞ്ച്വറി റെക്കോഡും മറികടന്നിരുന്നു. എന്നാൽ, ട്വന്‍റി20 ഫോർമാറ്റിൽ തുടക്കം മുതൽ തന്നെ ആക്രമണ ബാറ്റിങ് കാഴ്ചവെക്കുന്ന ഒരു താരത്തെയാണ് ബി.സി.സി.ഐ പരിഗണിക്കുന്നത്.
വിക്കറ്റ് കീപ്പർ ഇഷാൻ കിഷനാണ് മൂന്നാം നമ്പറിലേക്ക് പരിഗണിക്കുന്നവരിൽ പ്രധാനി. ആസ്ട്രേലിയക്കെതിരായ ട്വന്‍റി20 പരമ്പരയിലെ താരത്തിന്‍റെ പ്രകടനമാണ് ഇതിന് മുതൽക്കൂട്ടായത്. ട്വന്‍റിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് കോഹ്ലി. ഐ.പി.എല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്‍റെ ഓപ്പണറാണെങ്കിലും ഇന്ത്യൻ ടീമിൽ ഓപ്പണിങ് സ്ലോട്ടിൽ ഒഴിവില്ല. രോഹിത്തിനൊപ്പം ശുഭ്മൻ ഗില്ലോ, യശസ്വി ജയ്സാളോ ഓപ്പണിങ് ഇറങ്ങട്ടേയെന്നാണ് സെലക്ടർമാരുടെ അഭിപ്രായം. അതുകൊണ്ടുതന്നെ കോഹ്ലിക്ക് ട്വന്‍റി20 ടീമിലേക്ക് ഇനിയൊരു മടങ്ങിവരവ് ഏറെക്കുറെ അടഞ്ഞ അധ്യായമാണെന്ന് പറയേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

