കോഹ്ലി നേരിട്ടതിൽ ഏറ്റവും അപകടകാരികളായ ബൗളർമാർ ഇവരാണ്...
text_fieldsബംഗളൂരു: ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും താൻ നേരിട്ട അപകടകാരികളായ ബൗളർമാരെ വെളിപ്പെടുത്തി സൂപ്പർ താരം വിരാട് കോഹ്ലി.
ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കാൻ ഏറെ പ്രയാസപ്പെട്ടത് മുൻ ഇംഗ്ലീഷ് താരം ജെയിംസ് ആൻഡേഴ്സന്‍റെ പന്തുകളാണെന്ന് കോഹ്ലി പറയുന്നു. പന്ത് ഇരുവശത്തേക്കും സ്വിങ് ചെയ്യാനുള്ള കഴിവും റിവേഴ്‌സ് സ്വിങ്ങിലുള്ള വൈദഗ്ധ്യവും കാരണം ആൻഡേഴ്സൺ ഏതൊരു ബാറ്റർക്കും ഒരു ശക്തനായ എതിരാളിയാണ്. പ്രത്യേകിച്ച്, ഇംഗ്ലണ്ടിലെ പിച്ചുകളിൽ അദ്ദേഹത്തിന്‍റെ പന്തുകൾ നേരിടുക ഏറെ പ്രയാസമാണ്. അദ്ദേഹത്തിന്‍റെ കഴിവും അനുഭവപരിചയവും ബാറ്റർമാർക്കു കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നതായും കോഹ്ലി പറഞ്ഞു.
ട്വന്‍റി20 ക്രിക്കറ്റിൽ സുനിൽ നരെയ്ന്‍റെ പന്തുകളാണ് കോഹ്ലി നേരിടാൻ ഏറെ പ്രയാസപ്പെട്ടത്. വെസ്റ്റിൻഡീസ് താരത്തിന്‍റെ സ്ഥിരതയും കൃത്യതയുമുള്ള പന്തുകൾ അദ്ദേഹത്തെ അപകടകാരിയായ ബൗളറാക്കുന്നു. പന്തിന്‍റെ വേഗതയിലും ദിശയിലും വ്യത്യാസം വരുത്താനുള്ള നരെയ്ന്‍റെ കഴിവിനെ അഭിനന്ദിച്ച കോഹ്ലി, അദ്ദേഹത്തിന്‍റെ പന്തുകൾ മുൻകൂട്ടി മനസ്സിലാക്കാനും കളിക്കാനും ഏറെ പ്രയാസമാണെന്നും കൂട്ടിച്ചേർത്തു.
ഏകദിനത്തിൽ കോഹ്ലിക്ക് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തിയത് ശ്രീലങ്കൻ പേസർ ലസിത് മലിംഗയാണ്. താരത്തിന്‍റെ അസാധാരണമായ ആക്ഷനും ഉയർന്ന വേഗതയിലും പന്തുകൾ സ്വിങ് ചെയ്യിക്കാനുള്ള കഴിവും ഏതൊരു ബാറ്റർക്കും പേടിസ്വപ്നമാണ്. ഏകദിനത്തിൽ കളിക്കാൻ ഏറെ പ്രയാസപ്പെട്ട സ്പിന്നർ ആദിൽ റഷീദാണെന്നും കോഹ്ലി വെളിപ്പെടുത്തി. ലൈനിലും ലെങ്ത്തിലും കൃത്യതയുള്ള പന്തിൽ സ്കോർ നേടാൻ ഏറെ ബുദ്ധിമുട്ടാണെന്നും ഒരു സ്വകാര്യ പരിപാടിയിൽ കോഹ്ലി പറഞ്ഞു.
അതേസമയം, ഐ.പി.എൽ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ഇന്ന് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ജയിക്കാനായാൽ പ്ലേ ഓഫ് ഉറപ്പിക്കാനാകും. നിലവിൽ 10 മത്സരങ്ങളിൽനിന്ന് ഏഴു ജയവുമായി 14 പോയന്‍റുള്ള രജദ് പാട്ടീദാറും സംഘവും മൂന്നാമതാണ്. ബൗളിങ്ങിലും ബാറ്റിങ്ങിലും സ്ഥിരതയാർന്ന പ്രകടനം നടത്തുന്നതാണ് ആരാധകർക്ക് പ്രതീക്ഷ നൽകുന്നത്.
എം.എസ്. ധോണിയും വിരാട് കോഹ്ലിയും തമ്മിലുള്ള പോരാട്ടത്തിന് കൂടിയാണ് ചിന്നസ്വാമി സ്റ്റേഡിയം വേദിയാകുന്നത്. ആർ.സി.ബി പ്ലേ ഓഫ് പ്രതീക്ഷയുമായാണ് കളത്തിലിറങ്ങുന്നതെങ്കിൽ, ഇനിയുള്ള മത്സരങ്ങൾ ജയിച്ച് ആരാധകരെ തൃപ്തിപ്പെടുത്തുകയാണ് ചെന്നൈയുടെ ലക്ഷ്യം. മോശം ഫോമിലുള്ള ചെന്നൈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമാണ്. അഞ്ചു തവണ കിരീടം നേടിയ ടീമിന് ഇത്തവണ തൊട്ടതെല്ലാം പിഴക്കുന്നതാണ് കണ്ടത്. 10 കളിയിൽനിന്ന് രണ്ടെണ്ണത്തിൽ മാത്രമാണ് ടീമിന് ജയിക്കാനായത്. എട്ടിലും തോറ്റു. നാലു പോയന്‍റുമായി ഏറ്റവും പിന്നിലായി 10ാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

