ക്രിസ്റ്റ്യാനോ, മെസ്സി സൂപ്പർതാരങ്ങൾക്കൊപ്പം ഇനി കോഹ്ലിയും; ഇൻസ്റ്റഗ്രാമിൽ 25 കോടി ഫോളോവേഴ്സുള്ള മൂന്നാമത്തെ കായിക താരം
text_fieldsഇൻസ്റ്റഗ്രാമിൽ 25 കോടി ഫോളോവേഴ്സുള്ള മൂന്നാമത്തെ കായിക താരമായി ഇന്ത്യൻ ക്രിക്കറ്റിലെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി. നിലവിൽ ഫുട്ബാൾ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കും മാത്രമാണ് ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ 25 കോടിയിലധികം ഫോളോവേഴ്സുള്ളത്.
ഈ നേട്ടത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാണ് കോഹ്ലി. ഐ.പി.എല്ലിൽ മികച്ച ബാറ്റിങ് കാഴ്ചവെച്ചിട്ടും സ്വന്തം ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. 14 മത്സരങ്ങളിൽനിന്നായി രണ്ടു തുടർച്ചയായ സെഞ്ച്വറികളും ആറു അർധ സെഞ്ച്വറികളും ഉൾപ്പെടെ 639 റൺസാണ് താരം നേടിയത്. 53.25 ആണ് ശരാശരി. ഏതാനും റെക്കോഡുകളും ഈ സീസണിൽ താരം സ്വന്തം പേരിലാക്കിയിട്ടുണ്ട്.
ഐ.പി.എൽ ചരിത്രത്തിൽ 7000 റൺസ് നേടുന്ന ആദ്യ താരമായി കോഹ്ലി. ഏറ്റവും കൂടുതൽ സെഞ്ച്വറികളെന്ന നേട്ടവും താരം സ്വന്തമാക്കി. ഏഴു സെഞ്ച്വറികൾ. വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയിലിനെയാണ് താരം മറികടന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി താരം ഇംഗ്ലണ്ടിലാണ്. ജൂൺ ഏഴിന് ആരംഭിക്കുന്ന മത്സരത്തിൽ ആസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ.