‘കോഹ്ലി 2027 ഏകദിന ലോകകപ്പ് കളിക്കാൻ പൂർണ സജ്ജം...’; പിന്തുണയുമായി താരത്തിന്‍റെ ബാല്യകാല പരിശീലകൻ
text_fieldsന്യൂഡൽഹി: പതിനഞ്ച് വർഷത്തെ ഇടവേളക്കുശേഷം വിജയ് ഹസാരെ ട്രോഫിയിലേക്ക് തിരിച്ചെത്തിയ സൂപ്പർ താരം വിരാട് കോഹ്ലി സെഞ്ച്വറി കൊണ്ടാണ് ആരാധകരെ സന്തോഷിപ്പിച്ചത്. ബംഗളൂരുവിലെ ബി.സി.സി.ഐ സെന്‍റർ ഓഫ് എക്സലൻസിൽ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം.
സുരക്ഷ കാരണങ്ങളാലാണ് കാണികളെ പ്രവേശിപ്പിക്കാതിരുന്നത്. ആന്ധ്രപ്രദേശിനെതിരായ മത്സരത്തിൽ 131 റൺസാണ് താരം നേടിയത്. പിന്നാലെ കോഹ്ലി 2027 ഏകദിന ലോകകപ്പിന് പൂർണ സജ്ജനാണെന്ന വാദവുമായി താരത്തിന്‍റെ ബാല്യകാല പരിശീലകൻ രാജ്കുമാർ ശർമ രംഗത്തെത്തി. ‘കോഹ്ലി മികച്ച ഫോമിലാണ്. നന്നായി ബാറ്റ് ചെയ്തു, ഡൽഹിയുടെ വിജയം ഉറപ്പാക്കി. വലിയൊരു ഇടവേളക്കുശേഷമാണ് താരം ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത്, എന്നിട്ടും മികച്ച പ്രകടനം നടത്താനായി. ഇന്ത്യൻ ടീമിലെ ഏറ്റവും സ്ഥിരതയുള്ള താരമാണ്. ലോകകപ്പ് കളിക്കാൻ പൂർണ സജ്ജനാണ്’ -ശർമ പറഞ്ഞു.
ആന്ധ്രപ്രദേശ് ഉയർത്തിയ 299 റൺസ് വിജയലക്ഷ്യ പിന്തുടര്‍ന്ന ഡൽഹിക്ക് കോഹ്‌ലിയുടെ സെഞ്ച്വറിയും പ്രിയാൻഷ് ആര്യ, നിതീഷ് റാണ എന്നിവരുടെ അർധ സെഞ്ച്വറിയുമാണ് കരുത്തായത്. 101 പന്തുകൾ നേരിട്ട കോഹ്‌ലി 14 ഫോറും മൂന്നു സിക്സും ഉൾപ്പടെ 131 റൺസെടുത്താണ് പുറത്തായത്. 55 പന്തുകൾ നേരിട്ട റാണ 77 റണ്‍സാണെടുത്തത്. 44 പന്തിൽ 74 റൺസെടുത്ത പ്രിയാൻഷ് ആര്യ പുറത്തായി. ആദ്യ ഓവറിൽ തന്നെ ഓപണർ അർപിത് റാണ സംപൂജ്യനായി പുറത്തായതോടെയാണ് മൂന്നാമനായി കോഹ്‌ലി ക്രീസിലെത്തിയത്.
രണ്ടാം വിക്കറ്റിൽ പ്രിയാൻഷും കോഹ്‌ലിയും ചേർന്ന് 113 റൺസ് കൂട്ടിച്ചേർത്തു. 39 പന്തിൽ അർധസെഞ്ചറി പിന്നിട്ട കോഹ്‌ലി, ലിസ്റ്റ് എ ക്രിക്കറ്റിൽ അതിവേഗം 16,000 റൺസ് പിന്നിടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി. 330-ാം ഇന്നിങ്സിൽ നാഴികക്കല്ലു പിന്നിട്ട താരം, ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറെയാണ് പിന്നിലാക്കിയത്. നാലാമനായി ഇറങ്ങിയ നിതീഷ് റാണയെ കൂട്ടുപിടിച്ച് കോഹ്‌ലി ബാറ്റിങ് തുടര്‍ന്നതോടെ ഡല്‍ഹി അനായാസം വിജയത്തിനടുത്തെത്തി. 37.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി വിജയിച്ചത്.
ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്ക് ശേഷമാണ് വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാനുള്ള കോഹ്‌ലിയുടെ തീരുമാനം വന്നത്. ടെസ്റ്റ്, ട്വന്‍റി20 ടീമിൽനിന്ന് വിരമിച്ച കോഹ്ലിയും രോഹിത് ശർമയും നിലവിൽ ഇന്ത്യക്കുവേണ്ടി ഏകദിന ഫോർമാറ്റിൽ മാത്രമാണ് കളിക്കുന്നത്. ജനുവരിയിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന മൂന്നു ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരക്കുള്ള തയാറെടുപ്പിലാണ് ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

