താര ജാഡയില്ല; വഴിപോക്കരോട് മിണ്ടിയും പറഞ്ഞും കോഹ്‍ലിയും അനുഷ്‍കയും ലണ്ടൻ തെരുവിൽ
text_fieldsലണ്ടൻ: ഇന്ത്യയിലെങ്ങും ആരാധകരുള്ള താരം ബഹളങ്ങളൊന്നുമില്ലാതെ, വഴിപോക്കരുമായി മിണ്ടിയും, നിരത്തിലെ കാഴ്ചകൾ കണ്ടും ലണ്ടൻ തെരുവിലൂടെ നടന്നു നീങ്ങുന്ന വീഡിയോ വൈറൽ. ടെസ്റ്റ്, ട്വന്റി20 ക്രിക്കറ്റ് കരിയറിനോട് വിടപറഞ്ഞ് ലണ്ടനിൽ സ്വസ്ഥ ജീവിതം നയിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‍ലിയുടെയും വീഡിയോയാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ഭാര്യ അനുഷ്‍ക ശർമക്കൊപ്പമാണ് ലണ്ടനിലെ തെരുവിലൂടെ ട്രൗസഷും ടീഷർട്ടും കൈയിൽ ഒരു നീളൻ കുടയുമായി കോഹ്‍ലി നടന്നു നീങ്ങുന്നത്. ഇതിനിടയിൽ വഴിപോക്കരായ ദമ്പതികളുമായി താരജോഡികൾ സംസാരിക്കുന്നതും, മറ്റു കാൽനടക്കാർ ഒന്നുമറിയാതെ കടന്നുപോകുന്നതും കാണാം. സെൽഫിയെടുക്കാനോ ഓട്ടോഗ്രാഫിനോ ബഹളമില്ല, ആരാധകരുടെ തിക്കും തിരക്കുമില്ല.
ഇന്ത്യയിൽ ആരാധക ശല്യം കാരണം എവിടെയും സ്വസ്ഥമായി പുറത്തിറങ്ങാൻ പോലും കഴിയാത്ത താരം ലണ്ടനിലെ തെരുവിൽ ആരാലും തിരിച്ചറിയാതെ, പാപ്പരാസി ശല്യങ്ങളില്ലാതെ സ്വാതന്ത്ര്യം ആസ്വദിച്ചാണ് നടന്നു നീങ്ങുന്നതെന്ന് ആരാധകർ കമന്റ് ചെയ്തു. അകലെ നിന്നും കോഹ്‍ലിയെ തിരിച്ചറിഞ്ഞ ഏതോ ആരാധകൻ സൂം ചെയ്ത് എടുത്ത വീഡിയോയാണ് ഇപ്പോൾ സാമുഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ടെസ്റ്റ്, ട്വന്റി20 ക്രിക്കറ്റിൽ നിന്നും വിരമിച്ച കോഹ്‍ലി കഴിഞ്ഞ വർഷം തന്നെ ഭാര്യ അനുഷ്‍ക, രണ്ട് മക്കൾ എന്നിവർക്കൊപ്പം കുടുംബ സമേതം ലണ്ടനിലേക്ക് താമസം മാറിയതായി വാർത്തയുണ്ടായിരുന്നു. എന്നാൽ, ലണ്ടനിൽ എവിടെയാണ് താമസമെന്നത് പരസ്യപ്പെടുത്തിയിട്ടില്ല.
ഏകദിനത്തിൽ നിന്നും കോഹ്‍ലിയുടെയും രോഹിതിന്റെയും വിരമിക്കൽ സംബന്ധിച്ചും വാർത്തകൾ പുറത്തുവരുന്നുണ്ട്. ഒക്ടോബറിൽ ആസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഇരുവരും കളിക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

