കണ്ണീരണിഞ്ഞ് കോഹ്‍ലി, എടുത്തുയർത്തി രോഹിത്; മെൽബൺ സാക്ഷിയായത് വൈകാരിക നിമിഷങ്ങൾക്ക്
text_fieldsമെൽബൺ: ഇഞ്ചോടിച്ച് പോരാട്ടത്തിൽ പാകിസ്താനെതിരെ എല്ലാ സമ്മർദങ്ങളെയും അതിജീവിച്ച് രവിചന്ദ്ര അശ്വിൻ ഇന്ത്യക്കായി വിജയറൺ നേടിയപ്പോൾ കണ്ണീരണിഞ്ഞ് വിരാട് കോഹ്‍ലി. ഹെൽമറ്റഴിച്ച് ബാറ്റ് ആകാശത്തേക്കുയർത്തി കണ്ണീരോടെ താരം അശ്വിനെ കെട്ടിപ്പിടിച്ചു. ഇതോടെ സ്റ്റേഡിയം വൈകാരിക രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. പിന്നാലെ മറ്റു താരങ്ങളെത്തി കോഹ്‍ലിയെ അഭിനന്ദനം കൊണ്ട് മൂടി. ക്യാപ്റ്റൻ രോഹിത് ശർമയെത്തി താരത്തെ എടുത്തുയർത്തിയാണ് ആഹ്ലാദം പ്രകടിപ്പിച്ചത്.
കോഹ്‍ലിയുടെ പോരാട്ട മികവിലാണ് കൈവിട്ടുപോയെന്നു കരുതിയ മത്സരത്തിൽ ഇന്ത്യ ജയം പിടിച്ചെടുത്തത്. അവസാന ഓവറുകളിൽ അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ പാകിസ്താന് മറുപടിയുണ്ടായിരുന്നില്ല. മത്സരത്തിൽ പുറത്താവാതെ 53 പന്തിൽ 82 റൺസാണ് താരം അടിച്ചെടുത്തത്. നാല് സിക്സും ആറ് ഫോറും അടങ്ങിയതായിരുന്നു മുൻ ക്യാപ്റ്റന്റെ ഇന്നിങ്സ്.
160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വൻ തകർച്ചയോടെയാണ് തുടങ്ങിയത്. 31 റൺസെടുക്കുന്നതിനിടെ വിലപ്പെട്ട നാല് വിക്കറ്റുകൾ നഷ്ടമായി. ഓപണർമാരായ കെ.എൽ രാഹുൽ, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർ നാല് റൺസ് വീതമെടുത്ത് പുറത്തായപ്പോൾ, സൂര്യകുമാർ യാദവ് 15ഉം അക്സർ പട്ടേൽ രണ്ടും റൺസെടുത്ത് മടങ്ങി. ഇതിന് ശേഷമാണ് കോഹ്‍ലി-പാണ്ഡ്യ കൂട്ടുകെട്ട് പിറന്നത്. പാണ്ഡ്യ 37 പന്തിൽ 40 റൺസുമായി കോഹ്‍ലിക്ക് മികച്ച പിന്തുണ നൽകി.
അവസാന ഓവറിൽ 16 റൺസായിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ഹാർദിക് സ്ട്രൈക്ക് എൻഡിൽ ഉള്ളപ്പോൾ ഇന്ത്യക്ക് പ്രതീക്ഷയേറെയായിരുന്നു. എന്നാൽ, കൂറ്റനടിക്കുള്ള ശ്രമം പാളി അദ്ദേഹം പുറത്തായതോടെ ഇന്ത്യ തോൽവി ഭയന്നു. രണ്ടാം പന്തില്‍ ദിനേശ് കാർത്തിക് സിംഗിളെടുത്ത് കോഹ്‍ലിക്ക് സ്ട്രൈക്ക് കൈമാറി. മൂന്നാം പന്തില്‍ അദ്ദേഹം രണ്ട് റണ്‍സ് നേടി. നാലാം പന്തില്‍ സിക്‌സ്. അരക്ക് മുകളിൽ പന്തെറിഞ്ഞതിന് നോബാളും ഫ്രീഹിറ്റും. സമ്മർദത്തിലായ നവാസ് തൊട്ടടുത്ത പന്തിൽ വൈഡെറിഞ്ഞു. ഫ്രീഹിറ്റ് പന്തിൽ കോലിയുടെ കുറ്റി താരം തെറിപ്പിച്ചെങ്കിലും മൂന്ന് റൺസ് ഓടിയെടുത്തു. കുറ്റി തെറിച്ചതോടെ ഡെഡ് ബോളെന്ന് പാക് താരങ്ങൾ വാദിച്ചെങ്കിലും ഫലിച്ചില്ല. തൊട്ടടുത്ത പന്തിൽ കാർത്തിക് സ്റ്റമ്പിങ്ങിലൂടെ പുറത്തായതോടെ പാകിസ്താൻ വീണ്ടും പ്രതീക്ഷയിലായി. എന്നാൽ, അടുത്ത പന്ത് നവാസ് ലെഗ്സൈഡിൽ വൈഡെറിഞ്ഞതോടെ ടൈയിലെത്തി. അവസാന പന്തിൽ മിഡ് ഓഫിലൂടെ ഫോറടിച്ച് അശ്വിൻ വിജയറൺ കുറിച്ചതോടെ കോഹ്‍ലി വികാരം നിയന്ത്രിക്കാനാവാതെ കണ്ണീരണിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

