കോഹ്‍ലിയും തലയിൽ കൈവെച്ചു.. ഗ്രാവിറ്റി തിയറികളെയും വെല്ലുവിളിച്ച് െഗ്ലൻ ഫിലിപ്സിന്റെ ‘മിസ്സ്ഡ് ക്യാച്ച്’
text_fieldsെഗ്ലൻ ഫിലിപ്സിന്റെ ക്യാച്ച് ശ്രമം, ഇന്ത്യൻ താരങ്ങളുടെ പ്രതികരണം
വഡോദര: ഗുരുത്വാകർഷണ സിദ്ധാന്തങ്ങളെയും ഊർജതന്ത്ര തിയറികളെയും തോൽപിക്കുന്ന അസാധ്യമായൊരു പ്രകടനം. കളത്തിൽ കണ്ട ആ അതുല്ല്യ കായികാഭ്യാസം കണ്ട് തലയിൽ കൈവെച്ച വിരാട് കോഹ്‍ലിയുടെ ഞെട്ടലിലുണ്ട് െഗ്ലൻ ഫിലിപ്സിന്റെ മാരക ഫീൽഡിങ്ങിന്റെ മനോഹാരിത. ഔട്ടിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടലിന്റെ ആശ്വാസവും, ഫീൽഡിങ് പ്രകടനത്തിന്റെ വിസ്മയവും ക്രീസിലുണ്ടായിരുന്ന ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന്റെയും രോഹിത് ശർമയുടെയും മുഖത്തെ ചിരിയിലും പ്രകടം.
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിനെ പുറത്താക്കാനുള്ള അവസരത്തിലായിരുന്നു ക്രിക്കറ്റ് ലോകം ഓർമകളുടെ ഫ്രെയിമിൽ ചില്ലിട്ടു സൂക്ഷിക്കുന്ന അത്ഭുതകരമായ പ്രകടനം െഗ്ലൻ ഫിലിപ്സ് കാഴ്ചവെച്ചത്.
കളിയുടെ എട്ടാം ഓവറിൽ സാക് ഫോക്സ് പന്തെറിയുമ്പോൾ ക്രീസിൽ എട്ട് റൺസുമായി ഗിൽ. ഓഫ് സ്റ്റംമ്പിന് പുറത്തേക്ക് എറിഞ്ഞ പന്തിനെ ഗിൽ ബാക്വാഡിലേക്കായിരുന്നു ഹിറ്റ് ചെയ്തത്. ഉയർന്ന പന്തിനു നേരെ െഗ്ലൻ ഫിലിപ്പിന്റെ അസാധ്യമായ ഡൈവിങ്. വായുവിലേക്ക് ഉയർന്നു ചാടി ഫുൾസ്ട്രെച്ച് ചെയ്ത് പന്ത് ഇടം കൈയിൽ ഒരു നിമിഷം കുരുക്കി. വില്ലുപോലെ ശരീരം വളച്ച് നിലത്തു വീഴുന്നതിനിടെ ഒരുനിമിഷം പന്ത് വഴുതി. ക്യാച്ച് കൈവിട്ടുവെങ്കിലും െഗ്ലൻ ഫിലിപ്സിന്റെ ഫീൽഡിങ് ഗാലറിയുടെ കൈയടി നേടി.
‘അദ്ദേഹത്തിന് അതൊരു മിസ്സിങ് ക്യാച്ചായിരിക്കും. പക്ഷേ, കാഴ്ചക്കാർക്ക് അതിശയകരമായൊരു ഫീൽഡിങ് ആണ്’ -കമന്ററി ബോക്സിൽ നിന്നുള്ള വാക്കുകൾ ഇങ്ങനെയായിരുന്നു.
ഡ്രസ്സിങ് റൂമിൽ ഫിലിപ്സിന്റെ ക്യാച്ച് ശ്രമം കണ്ട് വിരാട് കോഹ്‍ലി തലയിൽ കൈവെച്ച് അത്ഭുതപ്പെട്ടു. ഗാലറിയിലെ കാണികൾ ഓരോരുത്തരും അതിശയത്തോടെ എഴുന്നേറ്റ് നിന്ന് കൈയടിച്ചു. സ്ലോ മോഷനിൽ വീണ്ടും സ്ക്രീനിൽ തെളിഞ്ഞപ്പോൾ അവിശ്വസനീയമായ കാഴ്ചപോലെ അത്ഭുതംകൊണ്ടു. ക്രീസിൽ ലൈഫ് കിട്ടിയ ആശ്വാസത്തിലായിരുന്നു ഗില്ലും രോഹിതും.
ക്യാച്ച് നഷ്ടമായതിന്റെ നിരാശയിൽ ഫിലിപ്സ് മൂക്കത്ത് വിരൽ വെച്ച് ഇരുന്നപ്പോൾ സഹതാരങ്ങൾ കൈയടിച്ച് അഭിനന്ദിച്ചു. എട്ടാം റൺസിൽ ലൈഫ് ലഭിച്ച ഗിൽ സ്കോർ 56ലെത്തിയപ്പോഴാണ് പുറത്തായത്. ഇത്തവണയും ഗില്ലിനെ കൈപ്പിടിയിലൊതുക്കിയത് ഫിലിപ്സ് തന്നെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

