ഇത് കോഹ്ലി 2.0! കരിയറിലെ മികച്ച പ്രകടനവുമായി സൂപ്പർ ബാറ്റർ; ധോണിയുടെയും ഡിവില്ലിയേഴ്സിന്‍റെയും ലോക റെക്കോഡുകൾ മറികടന്നു
text_fieldsവിരാട് കോഹ്ലി
മുംബൈ: തന്‍റെ കാലം കഴിഞ്ഞെന്ന് വിമർശിച്ചവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് വെറ്ററൻ താരം വിരാട് കോഹ്ലി ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കാഴ്ചവെച്ചത്. മൂന്നു ഏകദിന മത്സരങ്ങളിൽനിന്നായി രണ്ടു സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയുമടക്കം 302 റൺസ് അടിച്ചെടുത്ത് പരമ്പരയിലെ റൺവേട്ടക്കാരനായി.
പരമ്പരയുടെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. 651 റണ്‍സുമായാണ് താരം 2025ലെ ഏകദിനം അവസാനിപ്പിക്കുന്നത്. 2017ലെ ലോകകപ്പിൽ രോഹിത് ശർമയെയും കോഹ്ലിയെയും കളിപ്പിക്കണോയെന്ന ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇരുവരും തകർപ്പൻ ഫോമിൽ ബാറ്റു വീശുന്നത്. ആസ്ട്രേലിയക്കെതിരായ പരമ്പരയിൽ രോഹിത് താരമായപ്പോൾ, പ്രോട്ടീസിനെതിരെ കോഹ്ലിയാണ് തിളങ്ങിയത്.
ടെസ്റ്റ്, ട്വന്‍റി20 ഫോർമാറ്റിൽനിന്ന് വിരമിച്ച കോഹ്ലിയും രോഹിത്തും നിലവിൽ ഇന്ത്യക്കുവേണ്ടി ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. ഏകദിനത്തിൽ ഇരുവരെയും മാറ്റി നിർത്തുക ഇനി ഇന്ത്യക്ക് അത്ര എളുപ്പമാകില്ല. ആഭ്യന്തര ക്രിക്കറ്റ് കളിക്കാനും ഇരുവരും താൽപര്യം അറിയിച്ചിട്ടുണ്ട്. ഈ ഫോം തുടരാനായാൽ അടുത്ത ലോകകപ്പിലും ഇന്ത്യൻ ടീമില്‍ രോഹിതും കോഹ്ലിയും ഉണ്ടാകുമെന്ന് ഉറപ്പാണ്.
മൂന്നോ അതിൽ കുറവോ മത്സരങ്ങളുള്ള ഒരു പരമ്പരയിൽ കോഹ്ലി നേടുന്ന ഏറ്റവും ഉയർന്ന റൺസാണ് പ്രോട്ടീസിനെതിരായ ഏകദിന പരമ്പരയിൽ നേടിയത്. 2023 ജനുവരിൽ ശ്രീലങ്കക്കെതിരായ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ നേടിയ 293 റൺസാണ് മുമ്പത്തെ ഏറ്റവും മികച്ച പ്രകടനം. ഒരു ഏകദിന പരമ്പരയിൽ പത്തിലധികം സിക്സുകൾ നേടുന്നതും ആദ്യമാണ്. ഈ പരമ്പരയിൽ 12 സിക്സുകളാണ് കോഹ്ലി നേടിയത്. ലങ്കക്കെതിരായ അന്നത്തെ പരമ്പരയിൽ നേടിയ ഒമ്പത് സിക്സുകളാണ് താരം ഇത്തവണ മറികടന്നത്.
വിശാഖപട്ടണത്തെ ഏകദിന മത്സരങ്ങളിൽ കോഹ്ലി 600 റൺസും പൂർത്തിയാക്കി. ഈ വേദിയിൽ എട്ടു മത്സരങ്ങളിൽനിന്നായി 652 റൺസാണ് ഇതുവരെ നേടിയത്. 108.66 ആണ് ശരാശരി. ഒരു വേദിയിൽ 100 ശരാശരിയിൽ 600നു മുകളിൽ റൺസ് നേടുന്ന ഒരേയൊരു താരം കൂടിയാണ് കോഹ്ലി. മുൻ പ്രോട്ടീസ് താരം എബി ഡിവില്ലിയേഴ്സാണ് തൊട്ടു പിന്നിലുള്ളത്. 91.50 ശരാശരിയിൽ ജൊഹാന്നസ്ബർഗിൽ 732 റൺസാണ് ഡിവില്ലിയേഴ്സിന്‍റെ നേട്ടം. കൂടാതെ, കരിയറിൽ 22ാം തവണയാണ് കോഹ്ലി പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. ഉഭയകക്ഷി പരമ്പരയിൽ 19 തവണയും 2014, 2016 ട്വന്‍റി ലോകകപ്പ്, 2023 ഏകദിന ലോകകപ്പ് എന്നിവയിൽ ഓരോ തവണയും കോഹ്ലി പരമ്പരയുടെ താരമായി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇത് റെക്കോഡാണ്.
ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർ 20 തവണ പുരസ്കാരം നേടിയിട്ടുണ്ട്. കോഹ്ലി കരിയറിൽ ഒരു വർഷം 60നു മുകളിൽ ശരാശരയിൽ 500ലധികം റൺസ് നേടുന്നത് ഇത് ആറാം തവണയാണ്. 2012, 2016, 2017, 2018, 2023, 2025 വർഷങ്ങളിലണ് താരം നേട്ടം കൈവരിച്ചത്. അഞ്ചു തവണ ഈ നേട്ടം കൈവരിച്ച മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയെയാണ് കോഹ്ലി പിന്നിലാക്കിയത്.
മൂന്നാം ഏകദിനത്തിൽ ഒമ്പത് വിക്കറ്റിന്‍റെ അനായാസ ജയത്തോടെ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. യശസ്വി ജയ്സ്വാളിന്‍റെ കന്നി ഏകദിന സെഞ്ച്വറിയുടെയും രോഹിത്, കോഹ്ലി എന്നിവരുടെ അർധ സെഞ്ച്വറിയുടെയും കരുത്തിലാണ് ഇന്ത്യയുടെ ജയം. ടെസ്റ്റ് പരമ്പര പ്രോട്ടീസിനു മുന്നിൽ അടിയറവെച്ച ഇന്ത്യ 2-1നാണ് ഏകദിന പരമ്പര സ്വന്തമാക്കിയത്.
ആദ്യ ഏകദിനം ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്കായിരുന്നു ജയം. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് 47.5 ഓവറിൽ 270 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ 39.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 271 റൺസെടുത്തു. 121 പന്തിൽ രണ്ടു സിക്സും 12 ഫോറുമടക്കം 116 റൺസുമായി ജയ്സ്വാളും 45 പന്തിൽ 65 റൺസുമായി കോഹ്ലിയുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

