‘അതിന് നിങ്ങൾ ദൈവത്തിന് നന്ദി പറയണം’; ക്യാച്ച് കൈവിട്ടത് രണ്ടുതവണ; ലക്കി ഇന്നിങ്സിനെ കുറിച്ച് കോഹ്ലി
text_fieldsഇടവേളക്കുശേഷം ടീമിലേക്കുള്ള തിരിച്ചുവരവ് കിടിലൻ സെഞ്ച്വറിയോടെ അവിസ്മരണീയമാക്കിയിരിക്കുകയാണ് സൂപ്പർ താരം വിരാട് കോഹ്ലി. ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ 80 പന്തുകളിൽനിന്നാണ് താരം ഏകദിന കരിയറിലെ 45ാം സെഞ്ച്വറി കുറിച്ചത്.
മൂന്നു ഫോർമാറ്റുകളിലുമായി രാജ്യാന്തര ക്രിക്കറ്റിൽ താരത്തിന്‍റെ 73ാം സെഞ്ച്വറിയാണിത്. ടെസ്റ്റിൽ 27 സെഞ്ച്വറിയും ട്വന്‍റി20യിൽ ഒന്നും താരത്തിന്‍റെ പേരിലുണ്ട്. മത്സരത്തിൽ 87 പന്തുകൾ നേരിട്ട താരം 113 റൺസ് നേടിയാണ് പുറത്തായത്. 12 ഫോറുകളും ഒരു സിക്സും അടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. എന്നാൽ, താരത്തിന്‍റെ കരിയറിലെ ലക്കിയായ ഇന്നിങ്സുകളിലൊന്നായിരുന്നു ഗുവാഹത്തിയിൽ ലങ്കക്കെതിരെ അരങ്ങേറിയത്.
സെഞ്ച്വറി നേടുന്നതിനു മുമ്പ് രണ്ടു തവണയാണ് താരത്തിന്‍റെ ക്യാച്ച് ലങ്കൻ താരങ്ങൾ നഷ്ടപ്പെടുത്തിയത്. 52 റൺസിൽ എത്തി നിൽക്കെ കസുൻ രജിത എറിഞ്ഞ പന്തിൽ കോഹ്ലിയെ പുറത്താക്കാനുള്ള സുവർണാവസരം വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസ് നഷ്ടപ്പെടുത്തി. താരത്തിന്‍റെ ബാറ്റിൽ തട്ടി വന്ന പന്ത് കൈയിലൊതുക്കാൻ മെൻഡിസിനായില്ല. പിന്നാലെ കോഹ്ലി 81 റൺസിൽ നിൽക്കെ മറ്റൊരു അവസരം കൂടി ലങ്ക നഷ്ടപ്പെടുത്തി. ഇത്തവണയും പന്തെറിഞ്ഞത് പേസർ കസുൻ രജിത തന്നെ. ക്യാച്ച് കൈവിട്ടത് നായകൻ ദസുൻ ഷനകയും.
ലഭിച്ച അവസരങ്ങൾക്ക് ദൈവത്തോട് നന്ദിയുണ്ടെന്ന് കോഹ്ലി പിന്നീട് പ്രതികരിക്കുകയും ചെയ്തു. ‘മത്സരത്തിൽ ഭാഗ്യം ഒരു വലിയ പങ്ക് വഹിക്കുന്നു, അത്തരം അവസരങ്ങളിൽ നിങ്ങൾ ദൈവത്തിന് നന്ദി പറയേണ്ടതുണ്ട്. അതിന് ഞാൻ നന്ദിയുള്ളവനാണ്, തല കുനിച്ച് അത് സ്വീകരിക്കുന്നു. ഈ സായാഹ്നം പ്രധാനമാണ്, അത് നന്നായി അറിയാം. എനിക്ക് സമ്മാനിച്ച ആ ഭാഗ്യം ഞാൻ പരമാവധി ഉപയോഗിച്ചു, നന്ദിയുണ്ട്’ -ഇന്ത്യൻ ബാറ്റിങ്ങിനുശേഷം കോഹ്ലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.