ആദ്യം ക്യാപ്റ്റനാക്കാമെന്ന് പറഞ്ഞു, പിന്നെ സ്വരംമാറി; കോഹ്‌ലിയുടെ വിരമിക്കലിനു പിന്നിൽ ബോർഡുമായുള്ള അസ്വാരസ്യം?
text_fieldsഇന്ത്യൻ ടെസ്റ്റ് ടീമിൽ വലിയ ശൂന്യത ബാക്കിയാണ് സൂപ്പർ താരം വിരാട് കോഹ്‌ലി തിങ്കളാഴ്ച വിരമിക്കൽ പ്രഖ്യാപിച്ചത്. സീനിയർ താരങ്ങളായ രവിചന്ദ്രൻ അശ്വിനും രോഹിത് ശർമയും പടിയിറങ്ങിയതിനു പിന്നാലെ കോഹ്‌ലി കൂടി ടെസ്റ്റ് ഫോർമാറ്റ് മതിയാക്കിയത് ഇന്ത്യൻ സംഘത്തിന് വലിയ വെല്ലുവിളിയാകും. ഇംഗ്ലണ്ട് പര്യടനത്തിന് തയാറെടുക്കുന്ന ടീമിലേക്ക് പരിഗണിച്ച കോഹ്‌ലിയോട് ഇപ്പോൾ വിരമിക്കരുതെന്ന് ബി.സി.സി.ഐയും മുൻ താരങ്ങളുമുൾപ്പെടെ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
താരത്തിന്‍റെ നേരത്തെയുള്ള വിടവാങ്ങലിനു പിന്നിൽ ക്യാപ്റ്റൻസിയെ ചൊല്ലിയുള്ള തർക്കവുമുണ്ടെന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു. ഇത്തരത്തിലൊരു സംസാരം നേരത്തെ തന്നെ ടീം ക്യാമ്പിൽ ഉയർന്നിരുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഡിസംബർ -ജനുവരി മാസങ്ങളിലുണ്ടായ ആസ്ട്രേലിയൻ പര്യടനത്തിനിടെ ഇത്തരത്തിലൊരു ചർച്ച നടന്നിരുന്നതായി സ്പോർട്സ് ടുഡേ റിപ്പോർട്ട് ചെയ്തു. രോഹിത് ശർമക്കു കീഴിലിറങ്ങിയ ടീം അഡ്ലെയ്ഡിലെ രണ്ടാം ടെസ്റ്റിൽ തോറ്റതോടെ ക്യാപ്റ്റൻസി വീണ്ടും കോഹ്‌ലിയെ ഏൽപ്പിക്കണമെന്ന് ബോർഡുമായി അടുത്ത ബന്ധമുള്ള ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ പിന്നീട് ടീം മാനേജ്മെന്‍റ് ‘ചെറുപ്പക്കാരനായ’ ക്യാപ്റ്റനെ തേടുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ബോർഡർ ഗവാസ്കർ ട്രോഫി പരമ്പര കൈവിട്ടാണ് ഇന്ത്യൻ സംഘം തിരികെ നാട്ടിലെത്തിയത്. ക്യാപ്റ്റൻ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാനുള്ള സാധ്യത ഇനിയും അവശേഷിക്കുന്നുണ്ടെന്ന ധാരണയിൽ ഫെബ്രുവരിയിൽ ഡൽഹിക്കായി രഞ്ജി ട്രോഫിയിലും കോഹ്‌ലി കളിച്ചു. എന്നാൽ ബി.സി.സി.ഐ പരിഗണിക്കുന്നില്ലെന്ന് മനസിലാക്കിയ താരം വിരമിക്കൽ തീരുമാനത്തിലെത്തുകയായിരുന്നു. ഐ.പി.എല്ലിൽ മികച്ച ഫോമിൽ കളിക്കുന്ന കോഹ്‌ലി, ഒരിക്കൽപോലും വിരമിക്കൽ സൂചന നൽകിയിരുന്നില്ലെന്ന് ഇന്ത്യയുടെ മുൻ സെലക്ടറും ഡൽഹി ടീമിന്‍റെ പരിശീലകനുമായ ശരൺദീപ് സിങ് പറഞ്ഞു.
“വിരമിക്കലിന്‍റെ ഒരു സൂചനയുമുണ്ടായിരുന്നില്ല. ആരെങ്കിലും അത്തരത്തിൽ പറഞ്ഞുകേട്ടുമില്ല. ഏതാനും ദിവസങ്ങൾക്കുമുമ്പ് അദ്ദേഹത്തോട് സംസാരിച്ചിരുന്നു. ഐ.പി.എല്ലിൽ മികച്ച ഫോമിലാണ് കളിക്കുന്നത്. ഇംഗ്ലണ്ട് ടെസ്റ്റിന് മുമ്പ് ഇന്ത്യ എക്കൊപ്പം കളിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് പെട്ടെന്നാണ് വിരമിക്കൽ പ്രഖ്യാപനം വന്നത്. ഫിറ്റ്നസ് ആശങ്കകളോ ഫോം ഇല്ലായ്മയോ ഇല്ല. ആസ്ട്രേലിയയിൽ ഒരു സെഞ്ച്വറി നേടിയെങ്കിലും അദ്ദേഹം തൃപ്തനല്ലായിരുന്നു. ഇംഗ്ലണ്ട് പരമ്പരയിൽ മൂന്നോ നാലോ സെഞ്ച്വറി നേടണമെന്ന് അദ്ദേഹം രഞ്ജി ട്രോഫിക്കിടെ പറഞ്ഞിരുന്നു” -ശരൺദീപ് സിങ് വ്യക്തമാക്കി.
അതേസമയം വിദേശ പരമ്പരകൾക്ക് കുടുംബാംഗങ്ങളെ ഉൾപ്പെടെ കൂടെകൂട്ടുന്നതിന് ബി.സി.സി.ഐ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിലും കോഹ്‌ലിക്ക് എതിപ്പുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. മിക്ക മത്സരങ്ങൾക്കും സാക്ഷിയാകാൻ പങ്കാളി അനുഷ്ക ശർമയെ കോഹ്‌ലി ഒപ്പം കൊണ്ടുപോയിരുന്നു. ഓസീസ് പര്യടനത്തിനു ശേഷമാണ് ബി.സി.സി.ഐ പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിച്ചത്. ഇതോടൊപ്പം ഡ്രസ്സിങ് റൂമിലെ സാഹചര്യവും മോശമായെന്ന് സൂചനയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.