ഓസീസിനെതിരെ അർധ സെഞ്ച്വറി; കോഹ്ലി ഇനി സംഗക്കാരയുടെ ലോക റെക്കോഡിനൊപ്പം!
text_fieldsരാജ്കോട്ട്: മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യയെ 66 റൺസിന് തോൽപിച്ച ആസ്ട്രേലിയ പരമ്പരയിൽ ആശ്വാസ ജയമാണ് സ്വന്തമാക്കിയത്. ഓസീസിനെതിരെ ഒരു സമ്പൂർണ പരമ്പര ജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക്, സന്ദർശകരുടെ കൂറ്റൻ സ്കോറിനു മുന്നിൽ കാലിടറി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സന്ദർശകർ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 352 റൺസെടുത്തു. ഇന്ത്യയുടെ മറുപടി 49.4 ഓവറിൽ 286ൽ അവസാനിച്ചു. വിശ്രമത്തിനുശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ നായകൻ രോഹിത്ത് ശർമയും വിരാട് കോഹ്ലിയും നേടിയ അർധ സെഞ്ച്വറികളാണ് ഇന്ത്യയുടെ തോൽവി ഭാരം കുറച്ചത്. 57 പന്തിൽ 81 റൺസെടുത്ത രോഹിത്താണ് ആതിഥേയരുടെ ടോപ് സ്കോറർ.
കോഹ്ലി 61 പന്തിൽ 56 റൺസെടുത്ത് പുറത്തായി. എന്നാലും അർധ സെഞ്ച്വറി പ്രകടനത്തോടെ കോഹ്ലിക്ക് മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാരയുടെ ലോക റെക്കോഡിനൊപ്പമെത്താനായി. ഓപ്പണറല്ലാതെ ബാറ്റിങ്ങിനിറങ്ങി ഏറ്റവും കൂടുതൽ 50 പ്ലസ് റൺസ് നേടുന്ന സംഗക്കാരയുടെ റെക്കോഡിനൊപ്പമാണ് കോഹ്ലി എത്തിയത്. ഇരുവരും 112 തവണയാണ് ഓപ്പണിങ്ങിൽ ഇറങ്ങാതെ 50 പ്ലസ് റൺസ് നേടിയത്.
മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ് 109 തവണ 50 പ്ലസ് റൺസ് നേടി ഇരുവർക്കും പിന്നിലുണ്ട്. എന്നാൽ, ഏകദിനത്തിൽ ഏറ്റവും കൂടുതൽ 50 പ്ലസ് റൺസ് നേടിയ താരങ്ങളിൽ ഇതിഹാസ താരം സചിൻ തെണ്ടുൽക്കർക്കും സംഗക്കാരക്കും പിന്നിൽ മൂന്നാമനാണ് കോഹ്ലി. ഓപ്പണറായി ഇറങ്ങി ലങ്കൻ താരം ആറു തവണ 50 പ്ലസ് നേട്ടം കൈവരിച്ചിട്ടുണ്ട്.
കരിയറിൽ ഭൂരിഭാഗവും മൂന്നാം നമ്പറിൽ ഇറങ്ങിയ കോഹ്ലി, അപൂർവം അവസരങ്ങളിൽ മാത്രമാണ് ഓപ്പണറായി ഇറങ്ങിയത്. ഒറ്റ തവണ മാത്രമാണ് ഓപ്പണറായി ഇറങ്ങിയ കോഹ്ലി 50 പ്ലസ് നേട്ടം കൈവരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

