ഇൻസ്റ്റഗ്രാമിൽ പണംവാരി വിരാട് കോഹ്ലി! സമ്പന്നനായ ക്രിക്കറ്ററുടെ ആസ്തി കണ്ട് ഞെട്ടി ആരാധകർ
text_fieldsലോകത്തിലെ അതിസമ്പന്നരായ കായിക താരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള താരം കൂടിയാണ് കോഹ്ലി.
252 ദശലക്ഷം ആളുകളാണ് ഇൻസ്റ്റഗ്രാമിൽ താരത്തെ പിന്തുടരുന്നത്. ട്വിറ്ററിൽ 56.4 ദശലക്ഷം പേരും താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അടുത്തിടെ താരത്തിന്‍റെ ആസ്തി റോക്കറ്റുപോലെയാണ് കുതിച്ചുയർന്നത്. കോഹ്ലിയുടെ ആസ്തി ആയിരം കോടിക്കു മുകളിലാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 1,050 കോടി രൂപ. ബംഗളൂരു ആസ്ഥാനമായ സ്റ്റോക് ഗ്രോ എന്ന സ്ഥാപനമാണ് താരത്തിന്‍റെ ആസ്തിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.
നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളിൽ തന്നെ ഏറ്റവും സമ്പന്നൻ കോഹ്ലിയാണ്. ബി.സി.സി.ഐയുടെ എ പ്ലസ് കരാർ പ്രകാരം ഏഴു കോടിയാണ് താരത്തിന്‍റെ വാർഷിക വരുമാനം. കൂടാതെ, ഓരോ ടെസ്റ്റ് മത്സരത്തിനും മാച്ച് ഫീ ഇനത്തിൽ 15 ലക്ഷവും ഏകദിനത്തിൽ ആറു ലക്ഷവും ട്വന്‍റി20യിൽ മൂന്നുലക്ഷം രൂപയും താരത്തിന് ലഭിക്കുന്നുണ്ട്. ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള കരാറിൽനിന്ന് പ്രതിവർഷം 15 കോടി രൂപയും ലഭിക്കുന്നു. പരസ്യവരുമാനം വേറെയും.
നിലവിൽ 18ഓളം ബ്രാൻഡുകൾക്കൊപ്പം കോഹ്ലി സഹകരിക്കുന്നുണ്ട്. പരസ്യ ചിത്രീകരണത്തിൽ 7.50 മുതൽ 10 കോടി രൂപ വരെയാണ് താരം ഈടാക്കുന്നത്. ബ്രാൻഡ് പ്രമോഷനിലൂടെ മാത്രം വർഷത്തിൽ 175 കോടിയാണ് താരം സമ്പാദിക്കുന്നത്. നിരവധി സ്റ്റാർട്ട് അപ്പുകളിലും താരം നിക്ഷേപം നടത്തിയിട്ടുണ്ട്. കായിക ലോകത്ത് മാത്രമല്ല, പരസ്യത്തിലൂടെ ഇത്രയധികം പണം സമ്പാദിക്കുന്ന താരങ്ങൾ അപൂർവമാണ്. ഇതിനു പുറമെയാണ് സമൂഹമാധ്യമങ്ങളിൽനിന്നുള്ള വരുമാനം. ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിന് 8.9 കോടി രൂപയും ട്വിറ്ററിൽ 2.5 കോടിയുമാണ് താരത്തിന് ലഭിക്കുന്നത്.
സമൂഹമാധ്യമ പോസ്റ്റുകളിൽനിന്ന് കൂടുതൽ പണം സമ്പാദിക്കുന്ന ആദ്യ 20 പേരിൽ കോഹ്ലിയുമുണ്ട്. ഏഷ്യയിൽനിന്ന് കോഹ്ലി മാത്രമാണ് പട്ടികയിലുള്ളത്. ക്രിക്കറ്റിനു പുറത്ത്, ഐ.എസ്.എൽ ക്ലബായ എഫ്.സി ഗോവ, ഒരു ടെന്നീസ് ടീം, പ്രോ-ഗുസ്തി ടീം എന്നിവയുടെ ഉടമ കൂടിയാണ്. മുംബൈയിൽ 34 കോടി രൂപയുടെ വസതിയും ഗുരുഗ്രാമിൽ 80 കോടി മൂല്യമുള്ള വീടും താരത്തിന്‍റെ പേരിലുണ്ട്. 31 കോടിയോളം വില മതിക്കുന്ന ആഢംബര കാറുകളുടെ ശേഖരവും താരത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

