വാട്ടർ ബോയ്! ആദ്യ ഐ.പി.എൽ മത്സരം കളിക്കാനിറങ്ങിയ യുവതാരത്തെ അധിക്ഷേപിച്ച് കോഹ്ലി? സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം -വിഡിയോ
text_fieldsമുല്ലൻപുർ (പഞ്ചാബ്): ഒന്നാം സ്ഥാനക്കാരെന്ന തലയെടുപ്പോടെ ഒന്നാം ക്വാളിഫയർ കളിക്കാനെത്തിയ പഞ്ചാബ് കിങ്സിനെ ഓൾ റൗണ്ട് പ്രകടനത്തിലൂടെ തരിപ്പണമാക്കിയാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഐ.പി.എൽ ഫൈനലിൽ എത്തിയത്.
ആർ.സി.ബിയുടെ നാലാം ഐ.പി.എൽ ഫൈനലാണിത്, ലക്ഷ്യം ആദ്യ കിരീടവും. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനെ 101 റൺസിൽ ബംഗളൂരു എറിഞ്ഞിട്ടു. മറുപടി ബാറ്റിങ്ങിൽ 10 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ കളി തീർത്ത് ഫൈനലിലേക്ക് വിരാട് കോഹ്ലിയുടെയും സംഘത്തിന്‍റെയും മാസ് എൻട്രി. ജൂൺ മൂന്നിനാണ് കലാശപ്പോര്. രണ്ടാം ക്വാളിഫയർ ജയിച്ചെത്തുന്നവരുമായി ഏറ്റുമുട്ടും. മത്സരത്തിനിടെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന കോഹ്ലിയുടെ രംഗങ്ങൾ പലതും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഇതിനിടെ കോഹ്ലി ഐ.പി.എല്ലിൽ അരങ്ങേറ്റ മത്സരം കളിക്കുന്ന യുവതാരം മുഷീർ ഖാനെ അധിക്ഷേപിച്ചെന്ന വിവാദവും കളംപിടിക്കുന്നുണ്ട്. പഞ്ചാബ് ഇന്നിങ്സിലെ ഒമ്പതാം ഓവറിലാണ് സർഫറാസ് ഖാന്‍റെ സഹോദരനായ മുഷീർ ബാറ്റിങ്ങിനിറങ്ങുന്നത്. മുഷീർ ക്രീസിലെത്തി ബാറ്റിങ്ങിന് തയാറെടുക്കുന്ന സമയം ഒന്നാം സ്ലിപ്പിലുണ്ടായിരുന്ന കോഹ്ലി സഹതാരങ്ങളെ നോക്കി കൈ കൊണ്ട് ആംഗ്യം കാട്ടി സംസാരിക്കുന്നുണ്ട്. ഇതിന്‍റെ വിഡിയോ പുറത്തുവന്നിരുന്നു.
മുഷീർ ഖാനെ വാട്ടർ ബോയിയോട് ഉപമിക്കുകയാണ് കോഹ്ലി ചെയ്തതെന്നാണ് ആരാധകർ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ താരത്തിന്‍റെ നടപടിയെ വിമർശിച്ച് നിരവധി പേരാണ് രംഗത്തുവന്നത്. ആദ്യ ഐ.പി.എൽ മത്സരം കളിക്കുന്ന യുവതാരത്തോട് കോഹ്ലി അനാദരവ് കാണിച്ചെന്നും അധിക്ഷേപിച്ചെന്നുമാണ് ആരാധകരുടെ വിമർശനം. സമൂഹമാധ്യമങ്ങളിൽ കോഹ്ലിയെ അനുകൂലിച്ചും വിമർശിച്ചും ചർച്ചകൾ ചൂടുപിടിക്കുകയാണ്. മത്സരത്തിൽ ഇംപാക്ട് പ്ലെയറായാണ് മുഷീർ കളിക്കാനിറങ്ങിയത്.
മൂന്നു പന്തുകൾ നേരിട്ട താരം റണ്ണൊന്നും എടുക്കാതെ പുറത്തായി. സുയാഷ് ശർമയുടെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങിയാണ് താരം ഔട്ടായത്. മെഗാ ലേലത്തിൽ 30 ലക്ഷം രൂപക്കാണ് മുഷീറിനെ പഞ്ചാബ് ടീമിലെടുത്തത്. തോറ്റെങ്കിലും പഞ്ചാബിന് ഫൈനലിലെത്താൻ ഇനിയും അവസരമുണ്ട്. ഞായറാഴ്ചത്തെ രണ്ടാം ക്വാളിഫയർ ജയിച്ചാൽ മതി.
മൂന്നും നാലും സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും വെള്ളിയാഴ്ച എലിമിനേറ്ററിൽ ഏറ്റുമുട്ടും. എലിമിനേറ്റർ വിജയികളും പഞ്ചാബും തമ്മിലാണ് രണ്ടാം ക്വാളിഫയർ. കോഹ്ലി ഐ.പി.എൽ കിരീടം നേടുന്നതു കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

