‘വാക്കുകൾ കിട്ടുന്നില്ല, അതീവ ദുഖിതനാണ്’; ബംഗളൂരു ദുരന്തത്തിൽ പ്രതികരിച്ച് കോഹ്ലിയും ആർ.സി.ബിയും
text_fieldsബംഗളൂരു: ഐ.പി.എൽ കിരീട നേട്ടത്തിന്‍റെ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിൽ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച ദുരന്തത്തിൽ പ്രതികരിച്ച് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു ടീമും സൂപ്പർതാരം വിരാട് കോഹ്ലിയും. വാക്കുകൾ കിട്ടുന്നില്ലെന്നും അതീവ ദുഖതിനാണെന്നും കോഹ്ലി സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു. ഇതോടൊപ്പം ആർ.സി.ബിയുടെ ഔദ്യോഗിക അനുശോചന കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.
ബുധനാഴ്ച വൈകീട്ട് കർണാടക ക്രിക്കറ്റ് അസോസിയേഷൻ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടീമിന് നൽകിയ സ്വീകരണ ചടങ്ങിനിടെയാണ് നാടിനെ നടുക്കിയ ദുരന്തം. 35,000 പേർക്ക് മാത്രം കയറാവുന്ന സ്റ്റേഡിയമാണ്. എന്നാൽ, വിജയം ആഘോഷിക്കാനായി രണ്ടു ലക്ഷത്തിലധികം ആരാധകർ എത്തിയത്. സുരക്ഷ ബാരിക്കേഡുകൾ മറികടന്ന് ആൾക്കൂട്ടം സ്റ്റേഡിയത്തിനുള്ളിലേക്ക് കയറാൻ ശ്രമിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചത്. അപകടം നടക്കുമ്പോഴും സ്റ്റേഡിയത്തിനുള്ളിൽ വിജയാഘോഷം തുടർന്നത് വലിയ വിമർശനത്തിനിടയാക്കി. പിന്നാലെ ആഘോഷങ്ങൾ വെട്ടിച്ചുരുക്കി.
‘ബംഗളൂരുവിൽ ടീമിന്‍റെ സ്വീകരണ ചടങ്ങിനിടെയുണ്ടായ നിർഭാഗ്യകരമായ സംഭവങ്ങളിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്. എല്ലാവരുടെയും സുരക്ഷയും ക്ഷേമവും ഞങ്ങൾക്ക് വളരെ പ്രധാനമാണ്’ -ആർ.സി.ബി പത്രക്കുറിപ്പിൽ അറിയിച്ചു. കോഹ്ലിയുടെ ഭാര്യയും നടിയുമായ അനുഷ്ക ഷർമ ഉൾപ്പെടെയുള്ളവർ ആർ.സി.ബിയുടെ അനുശോചന കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ചിന്നസ്വാമി സ്റ്റേഡിയത്തിനു സമീപമുണ്ടായ ദാരുണമായ സംഭവങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കൊപ്പമാണ് തന്‍റെ പ്രാർഥനയെന്ന് മുൻ ആർ.സി.ബി താരം എബി ഡിവില്ലിയേഴ്സ് അനുശോചിച്ചു.
18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആർ.സി.ബി കന്നിക്കിരീടമുയർത്തിയതിന്റെ ആവേശത്തിൽ അണപൊട്ടിയൊഴുകിയെത്തിയ ആരാധക വൃന്ദത്തിന്റെ തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്. ആറുവയസ്സുകാരിയടക്കം 47 പേർക്ക് പരിക്കേറ്റു. 15 േപരുടെ നില ഗുരുതരമാണ്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ മൂന്നാം കവാടത്തിന് സമീപത്താണ് ദാരുണാപകടം.
വൈകീട്ട് മൂന്നരയോടെ വിധാൻ സൗധ പരിസരത്തു നിന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് തുറന്ന ബസിൽ ആർ.സി.ബി ടീമിന്റെ വിക്ടറി പരേഡ് നിശ്ചയിച്ചിരുന്നു.
എന്നാൽ, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബംഗളൂരു പൊലീസ് പരേഡിന് അനുമതി നൽകിയില്ല. പിന്നീട് സ്റ്റേഡിയത്തിന് മുന്നിലെ റോഡിൽ 10 മിനിറ്റ് മാത്രം പരേഡിന് അനുമതി നൽകി. ഇതോടെ ആരാധകർ താരങ്ങളെ കാണാൻ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ മുന്നിലെ പ്രധാന കവാടത്തിന് സമീപത്തെ റോഡിലേക്ക് തിരിച്ചു. തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തിവീശി. തിരക്കിൽ നിലത്തു വീണ പലർക്കും ആളുകളുടെ ചവിട്ടേറ്റ് ഗുരുതര പരിക്കേൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

