പരിക്കേറ്റ ഹാർദിക്കിന്‍റെ ഓവർ പൂർത്തിയാക്കി കോഹ്ലി; മൂന്നു പന്തിൽ വഴങ്ങിയത്...
text_fieldsലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ പന്തെറിഞ്ഞ് സൂപ്പർതാരം വിരാട് കോഹ്ലി. കാലിന് പരിക്കേറ്റ് ഹാർദിക് പാണ്ഡ്യ പിന്മാറിയതോടെ താരത്തിന്‍റെ ഓവർ പൂർത്തിയാക്കാനാണ് കോഹ്ലി പന്തെടുത്തത്.
ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ തൻസീദ് ഹസനും ലിറ്റൺ ദാസും 14.3 ഓവറിൽ 93 റൺസാണ് അടിച്ചുകൂട്ടിയത്. നിലവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 26.4 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് 135 റൺസെടുത്തിട്ടുണ്ട്. ഒമ്പതാമത്തെ ഓവറിലെ മൂന്നാമത്തെ പന്തിലാണ് ഹാർദികിന് പരിക്കേൽക്കുന്നത്. ലിറ്റൺ ദാസിന്‍റെ ഷോട്ട് വലതു കാലുകൊണ്ട് തടുക്കാൻ ശ്രമിക്കുന്നതിനിടെ വഴുതി വീഴുകയായിരുന്നു. ഇടതുകാലിന് പരിക്കേറ്റ് ഗ്രൗണ്ടിൽ വേദന കൊണ്ട് പുളഞ്ഞ താരത്തിന് ഉടൻ തന്നെ മെഡിക്കൽ ടീം എത്തി പ്രാഥമിക ചികിത്സ നൽകി.
എന്നാൽ, നടക്കാൻ പ്രയാസപ്പെട്ട താരം ഗ്രൗണ്ട് വിട്ടതോടെ ബാക്കിയുള്ള മൂന്നു പന്തുകൾ എറിയാനെത്തിയത് മുൻ നായകൻ കോഹ്ലി. മൂന്നു പന്തുകളിൽനിന്ന് രണ്ട് റൺസാണ് താരം വിട്ടുകൊടുത്തത്. ആറു വർഷത്തിനിടെ ആദ്യമായാണ് കോഹ്ലി ഏകദിനത്തിൽ ഇന്ത്യക്കായി പന്തെറിയുന്നത്. ഹാർദിക്കിന്‍റെ പരിക്ക് വിലയിരുത്തി വരികയാണെന്നും സ്‌കാനിങ്ങിനായി കൊണ്ടുപോകുകയാണെന്നും ബി.സി.സി.ഐ അറിയിച്ചു.
പരിക്കേറ്റ ബംഗ്ലാദേശ് നായകൻ ഷാക്കിബുൽ ഹസൻ കളിക്കുന്നില്ല. പകരം നസും അഹമ്മദ് ടീമിലുണ്ട്. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് ഇന്ത്യ നിലനിർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

