അതിവേഗം 28,000 റൺസ്, സചിന്‍റെ ആ റെക്കോഡും തകർത്ത് കോഹ്ലി; റൺ വേട്ടക്കാരിൽ ഇനി രണ്ടാമൻ
text_fieldsവഡോദര: അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗം 28,000 റൺസ് പിന്നിടുന്ന ബാറ്ററെന്ന റെക്കോഡ് സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി. വഡോദരയിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന ഏകദിന മത്സരത്തിലാണ് താരം നേട്ടം കൈവരിച്ചത്. ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറുടെ റെക്കോഡാണ് താരം മറികടന്നത്.
രാജ്യാന്തര ക്രിക്കറ്റിൽ 624 ഇന്നിങ്സുകളിൽനിന്നാണ് കോഹ്ലി 28,000 റണ്‍സിലെത്തിയത്. 644 ഇന്നിങ്സുകളിൽനിന്നാണ് സചിൻ 28,000 റൺസിലെത്തിയത്. രാജ്യാന്തര ക്രിക്കറ്റിൽ 28,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ മാത്രം താരമാണു കോഹ്ലി. സചിനെ കൂടാതെ, മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാരയാണ് ഈ നേട്ടത്തിലെത്തിയത്. കരിയറിലെ 666 ഇന്നിങ്സുകൾ എടുത്താണ് സംഗക്കാര 28,000 റണ്‍സ് നേട്ടം പിന്നിട്ടത്.
കൂടാതെ, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളിൽ കോഹ്ലി രണ്ടാമതെത്തി. സംഗക്കാരയെയാണ് പിന്നിലാക്കിയത്. സംഗക്കാരയുടെ 28,016 റൺസാണ് താരം മറികടന്നത്. 34,357 റൺസുമായി സചിനാണ് ഒന്നാമതുള്ളത്. 2023 ഫെബ്രുവരിയിലാണ് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗം 25,000 റൺസ് പിന്നിടുന്ന താരമെന്ന നേട്ടത്തിലെത്തിയത്, 549 ഇന്നിങ്സുകൾ. സചിനേക്കാൾ 28 ഇന്നിങ്സുകളുടെ കുറവ്. അതേ വർഷം ഒക്ടോബറിൽ 26,000 റൺസും 2024 സെപ്റ്റംബറിൽ 27,000 റൺസും പിന്നിട്ടു.
ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്നു വിരമിച്ച 37 വയസ്സുകാരനായ കോഹ്ലി നിലവിൽ ഏകദിനത്തിൽ മാത്രമാണ് ഇന്ത്യക്കുവേണ്ടി കളിക്കുന്നത്. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ് വരെ ടീമിനൊപ്പം ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കോഹ്ലി ഏകദിനത്തിൽ 309ഉം ട്വന്റി20യിൽ 125ഉം ടെസ്റ്റിൽ 12 ഉം മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ തുടർച്ചയായി സെഞ്ച്വറികൾ നേടിയ കോഹ്ലി, ഇടവേളക്കുശേഷം വിജയ് ഹസാരെ ട്രോഫിയിലും കളിക്കാനിറങ്ങി. ഡൽഹിക്കായി കളത്തിലിറങ്ങിയ താരം ആന്ധ്രപ്രദേശിനെതിരെ സെഞ്ച്വറിയും ഗുജറാത്തിനെതിരെ അർധ സെഞ്ച്വറിയും നേടി.
മത്സരത്തിലേക്ക് വന്നാൽ, ഇന്ത്യക്ക് 301 റൺസ് വിജയ ലക്ഷ്യമാണ് കീവീസ് മുന്നോട്ടുവെച്ചത്. ആദ്യം ബാറ്റുചെയ്ത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 300 റൺസെടുത്തു. ഓപണർമാരായ ഡെവോൺ കോൺവെയും (56), ഹെന്റി നികോൾസും (62) നൽകിയ തുടക്കവും, മധ്യനിരയിൽ ഡാരിൽ മിച്ചലിന്റെ (84) വെടിക്കെട്ട് ഇന്നിങ്സുമാണ് ന്യൂസിലൻഡിനെ മികച്ച ടോട്ടലിലേക്ക് നയിച്ചത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ്, ഹർഷിദ് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

