കോഹ്ലി വീണ്ടും ഇന്ത്യൻ ക്യാപ്റ്റൻ? എന്തുകൊണ്ട് താരത്തിന് അതായിക്കൂട! ബി.സി.സി.ഐയോട് മുൻ ചീഫ് സെലക്ടർ
text_fieldsരോഹിത് ശർമക്കു പകരം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ നായക പദവിയിലേക്ക് സൂപ്പർതാരം വിരാട് കോഹ്ലിയെ പരിഗണിക്കണമെന്ന് മുന്‍ ചീഫ് സെലക്ടര്‍ എം.എസ്.കെ. പ്രസാദ്. 2022ൽ കോഹ്ലിക്ക് പകരക്കാരനായാണ് രോഹിത്ത് നായകനാകുന്നത്. എന്നാൽ, ട്വന്‍റി20 ലോകകപ്പിലെയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെയും ടീമിന്‍റെ മോശം പ്രകടത്തിനു പിന്നാലെയാണ് രോഹിത്തിന്‍റെ ക്യാപ്റ്റൻസിയെ ചൊല്ലി പലവിധ ചോദ്യങ്ങൾ ഉയർന്നത്.
രോഹിത്തിനെ ക്യാപ്റ്റൻസി സ്ഥാനത്തുനിന്ന് മാറ്റണമെന്നുവരെ പലരും പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു. വെസ്റ്റിൻഡീസ് പര്യടനത്തിനു പിന്നാലെ താരത്തെ മാറ്റുമെന്ന അഭ്യൂഹവും ശക്തമാണ്. രോഹിത്തിനു പകരക്കാരനെ തേടുന്നുണ്ടെങ്കിൽ ആ സ്ഥാനത്തേക്ക് കോഹ്ലിയെ പരിഗണിക്കണമെന്നാണ് പ്രസാദിന്‍റെ ആവശ്യം. കഴിഞ്ഞദിവസം ഒരു അഭിമുഖത്തിനിടെ ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റന്‍സി ഏറ്റെടുത്തതിനെ കുറിച്ചും ടെസ്റ്റില്‍ രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിയെ കുറിച്ചുമുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘എന്തുകൊണ്ട് കോഹ്ലിക്ക് ആയിക്കൂടാ? അജിങ്ക്യ രഹാനെക്ക് തിരിച്ചുവരവ് നടത്തി ടീമിന്റെ വൈസ് ക്യാപ്റ്റനാകാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് വിരാടിനും ആയിക്കൂടാ? ക്യാപ്റ്റൻസിയെ കുറിച്ച് വിരാടിന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയില്ല. സെലക്ടർമാർ രോഹിതിന് അപ്പുറം ചിന്തിക്കുന്നുണ്ടെങ്കിൽ, അവർ ചിന്തിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല, പക്ഷേ അവർ രോഹിത്തിനപ്പുറം ചിന്തിക്കുകയാണെങ്കിൽ, വിരാടും ഒരു ഓപ്ഷനാകുമെന്ന് ഞാൻ കരുതുന്നു’ -പ്രസാദ് പറഞ്ഞു.
വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഇനിയും കാത്തിരിക്കട്ടെയെന്നും തന്‍റെ കളി മെച്ചപ്പെടുത്തുന്നതിലാകണം താരം ഇപ്പോൾ ശ്രദ്ധിക്കേണ്ടതെന്നും പ്രസാദ് അഭിപ്രായപ്പെട്ടു. പന്ത് ഭാവിയിൽ ഇന്ത്യയുടെ ക്യാപ്റ്റനാകാനുള്ള സാധ്യതകളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

