അമ്പയറോട് തർക്കിച്ച് ഗ്രൗണ്ട് വിട്ട് കോഹ്ലി; അരിശം തീരാഞ്ഞിട്ട് ചവറ്റുകൊട്ടയും തട്ടിത്തെറിപ്പിച്ചു -വിഡിയോ വൈറൽ
text_fieldsകൊല്‍ക്കത്ത: ഐ.പി.എല്ലിലെ ത്രില്ലർ പോരിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് അവസാന പന്തിൽ ഒരു റണ്ണിനാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പൊരുതിതോറ്റത്. സീസണിലെ ബംഗളൂരുവിന്‍റെ ഏഴാം തോൽവിയാണിത്. എട്ടു മത്സരങ്ങളിൽ ഒരു ജയവുമായി ടീം അവസാന സ്ഥാനത്താണ്.
മത്സരത്തിൽ സൂപ്പർതാരം വിരാട് കോഹ്ലിയുടെ പുറത്താകൽ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. മികച്ച രീതിയിൽ തുടങ്ങിയ കോഹ്ലി ഹര്‍ഷിത് റാണ എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ നാടകീയമായാണ് പുറത്തായത്. അരപ്പൊക്കത്തിൽ എറിഞ്ഞ റാണയുടെ ഹൈ-ഫുള്‍ടോസ് സ്ലോ ബോളിലാണ് താരം ഔട്ടാകുന്നത്. പന്തിന് ബാറ്റ് വെച്ച കോഹ്ലി റിട്ടേൺ ക്യാച്ചായി. അമ്പയർ ഔട്ട് വിധിച്ചു. അത് നോബാളാണെന്ന് ഉറച്ചുവിശ്വസിച്ച കോഹ്ലി റിവ്യൂ എടുത്തു.
ഈ സമയം നോൺ സ്ട്രൈക്കിങ് എൻഡിലുണ്ടായിരുന്ന നായകൻ ഫാഫ് ഡുപ്ലെസിസും അമ്പയറോട് നോബാൾ അല്ലെ എന്ന് ചോദിക്കുന്നുണ്ട്. ഡി.ആർ.എസ് പരിശോധനയിൽ കോഹ്ലി ക്രീസിന് പുറത്താണെന്നും സ്ലോ ബാളായതിനാൽ പന്ത് ഡിപ് ചെയ്യുന്നുണ്ട് എന്നും ബോള്‍ ട്രാക്കിങ്ങിലൂടെ ഉറപ്പിച്ച മൂന്നാം അമ്പയർ, ഔട്ട് തന്നെയാണെന്ന് വിധിക്കുകയും ചെയ്തു. തീരുമാനം വിശ്വസിക്കാനാകാതെ നോബാളാണെന്ന് പറഞ്ഞ് ഫീൽഡ് അമ്പയർമാരോട് കോഹ്ലി തർക്കിച്ചെങ്കിലും ഫലമുണ്ടായില്ല.
രോഷാകുലനായാണ് കോഹ്ലി ഗ്രൗണ്ട് വിട്ടത്. പോകുന്ന വഴി ബൗണ്ടറി ലൈനിന് പുറത്ത് വെച്ചിരുന്ന ചവറ്റുകൊട്ടയും കൈകൊണ്ട് തട്ടിത്തെറിപ്പിക്കുന്നത് വിഡിയോയിൽ കാണാം. ഹര്‍ഷിത് റാണയുടെയും മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെയും പന്തിൽ കോഹ്ലി സിക്സുകൾ നേടിയിരുന്നു. പിന്നീട് ഡഗ് ഔട്ടിലിരിക്കുമ്പോഴും കോഹ്ലിയുടെ മുഖത്ത് നിരാശ പ്രകടമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. ബംഗളൂരുവിന്‍റെ മറുപടി ബാറ്റിങ് 20 ഓവറിൽ 221 റൺസിൽ അവസാനിച്ചു.
സ്റ്റാർക്ക് എറിഞ്ഞ അവസനാ ഓവറിൽ 21 റൺസാണ് ജയിക്കാൻ വേണ്ടിയിരുന്നത്. ഓവറിലെ ആദ്യ പന്ത് കരൺ ശർമ ഗാലറിയിലെത്തിച്ചു. രണ്ടാം പന്ത് ഡോട്ട് ബാളായി. മൂന്നാം പന്തിൽ വീണ്ടും സിക്സ്. ഇതോടെ മൂന്നു പന്തിൽ ഒമ്പത് റൺസായി ലക്ഷ്യം. നാലാം പന്ത് വീണ്ടും സിക്സ്. അഞ്ചാം പന്തിൽ കരൺ സ്റ്റാർക്കിന് ക്യാച്ച് നൽകി മടങ്ങി. ജയിക്കാൻ ഒരു പന്തിൽ മൂന്നു റൺസ്. ആറാം പന്തിൽ ഡബ്ളിനായി ഓടിയെങ്കിലും ഫെർഗൂസൺ റണ്ണൗട്ടായി. കൊൽക്കത്തക്ക് ഒരു റൺസ് ജയം.

