‘എളുപ്പമല്ല, പക്ഷേ ഇതാണ് ശരി’; കോഹ്ലിയുടെ വിരമിക്കൽ പ്രഖ്യാപനം വൈകാരിക കുറിപ്പിലൂടെ...
text_fieldsമുംബൈ: 14 വർഷം നീണ്ട ഐതിഹാസിക ടെസ്റ്റ് കരിയറിനാണ് വിരാട് കോഹ്ലി വിരമിക്കുന്നതോടെ അവസാനമാകുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വൈകാരിക കുറിപ്പിലൂടെയായിരുന്നു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് താരം പ്രഖ്യാപനം നടത്തിയത്.
എളുപ്പമല്ലെങ്കിലും ഇതാണ് ഉചിതമെന്ന് പറഞ്ഞാണ് താരം ക്രിക്കറ്റിന്‍റെ ദീർഘഫോർമാറ്റിൽനിന്ന് പടിയിറങ്ങിയത്. ‘ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി ബാഗി ബ്ലൂ ധരിച്ചിട്ട് 14 വർഷമായി. സത്യം പറഞ്ഞാൽ, ഈ ഫോർമാറ്റിൽ ഇതുപോലൊരു യാത്ര ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അത് എന്നെ പരീക്ഷിച്ചു, രൂപപ്പെടുത്തി, ജീവിതകാലം മുഴുവൻ ഓർത്തുവെക്കുന്ന പാഠങ്ങൾ എന്നെ പഠിപ്പിച്ചു.
വെള്ള വസ്ത്രത്തിൽ കളിക്കുമ്പോൾ ആഴത്തിലുള്ള വ്യക്തിപരമായ എന്തോ ഒന്ന് അതിലുണ്ട്. നിശബ്ദമായ കഠിനാധ്വാനം, നീണ്ട ദിവസങ്ങൾ, ആരും കാണാത്തതും എന്നേക്കും നിങ്ങളോടൊപ്പം നിലനിൽക്കുന്നതുമായ ചെറിയ നിമിഷങ്ങൾ.
ഈ ഫോർമാറ്റിൽനിന്ന് പടിയിറങ്ങുമ്പോൾ, അത് എളുപ്പമുള്ള ഒന്നല്ല - പക്ഷേ അത് ശരിയാണെന്ന് തോന്നുന്നു. എന്‍റെ കഴിവിന്‍റെ പരാമാവധി ഞാൻ നൽകി, എനിക്ക് പ്രതീക്ഷിക്കാവുന്നതിലും കൂടുതൽ അത് എനിക്ക് തിരികെ നൽകി.
കളിയോടും, കളിക്കളത്തില്‍ ഒപ്പമുണ്ടായിരുന്നവരോടും, ഈ യാത്രയില്‍ എന്നെ ശ്രദ്ധിച്ച ഓരോരുത്തരോടും നന്ദി നിറഞ്ഞ ഹൃദയത്തോടെയാണ് ഞാന്‍ പടിയിറങ്ങുന്നത്. എന്റെ ടെസ്റ്റ് കരിയറിലേക്ക് ഞാന്‍ എപ്പോഴും ഒരു പുഞ്ചിരിയോടെ തിരിഞ്ഞുനോക്കും’ -കോഹ്ലി കുറിച്ചു.
താരത്തെ തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാനുള്ള ബി.സി.സി.ഐ ഇടപെടൽ ഫലംകണ്ടില്ല. ഏതാനും ദിവസങ്ങളായി ടെസ്റ്റിൽനിന്ന് വിരമിച്ചേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. പിന്നാലെ മുതിർന്ന താരങ്ങൾ വഴി ബി.സി.സി.ഐ പിന്തിരിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും താരം ഉറച്ചുനിൽക്കുകയായിരുന്നു. ഇന്ത്യയുടെ ഏറ്റവും വിജയിച്ച ടെസ്റ്റ് നായകനാണ് ക്രിക്കറ്റിലെ അഞ്ചുനാൾ ഫോർമാറ്റിൽനിന്ന് പാഡഴിച്ചത്. കഴിഞ്ഞ ദിവസം അപ്രതീക്ഷിത പ്രഖ്യാപനവുമായി രോഹിതും ടെസ്റ്റിൽനിന്ന് വിരമിച്ചിരുന്നു.
36കാരനായ കോഹ്‌ലി ഇന്ത്യക്കായി 123 ടെസ്റ്റുകളിൽ പാഡണിഞ്ഞപ്പോൾ 68ഉം ക്യാപ്റ്റനായാണ്. അതിൽ വിജയം വരിച്ചത് 40 തവണ. ലോക ക്രിക്കറ്റിൽ ഗ്രെയിം സ്മിത്ത് (109ൽ 53), റിക്കി പോണ്ടിങ് 77ൽ 48, സ്റ്റീവ് വോ 57ൽ 41 എന്നിവർക്കുശേഷം ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങളുള്ള നായകൻ കൂടിയാണ് കോഹ്‍ലി.
ധോണി 60 കളികളിൽ നയിച്ചപ്പോൾ 27ൽ മാത്രമായിരുന്നു ജയം. ടെസ്റ്റ് കരിയറിൽ 46.85 ശരാശരിയിൽ 9230 റൺസാണ് കോഹ്‍ലിയുടെ സമ്പാദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

