‘ഞാൻ വലിയ സമ്മർദത്തിലാണ് കളിച്ചത്’; സെഞ്ച്വറി നേട്ടത്തിനു പിന്നാലെ വിരാട് കോഹ്ലി; ക്രിസ് ഗെയ്‍ലിന്‍റെ റെക്കോഡിനൊപ്പം
text_fieldsഹൈദരാബാദ്: വെടിക്കെട്ട് സെഞ്ച്വറിയുമായി സൂപ്പർതാരം വിരാട് കോഹ്ലി കളം നിറഞ്ഞ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തോൽപിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേ ഓഫ് സാധ്യത സജീവമാക്കി.
ജയത്തോടെ ബാംഗ്ലൂർ നാലാം സ്ഥാനത്തെത്തി. 63 പന്തിൽ 100 റൺസെടുത്താണ് കോഹ്ലി പുറത്തായത്. ഇതോടെ ഐ.പി.എല്ലിൽ താരത്തിന്‍റെ സെഞ്ച്വറി നേട്ടം ആറായി. ആർ.സി.ബിയുടെ മുൻ വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയ്‍ലും ഐ.പി.എല്ലിൽ ആറു തവണ സെഞ്ച്വറി നേടിയിട്ടുണ്ട്. മത്സരത്തിലെ മികച്ച കളിക്കാരനായും കോഹ്ലിയെ തെരഞ്ഞെടുത്തു.
എനിക്ക് വലിയ ക്രെഡിറ്റ് നൽകുന്നില്ലെന്നും കാരണം ഞാൻ വലിയ സമ്മർദത്തിലാണ് കളിച്ചതെന്നും കോഹ്ലി മത്സരശേഷം പ്രതികരിച്ചു. ‘ഒരു ഐ.പി.എൽ കളിക്കാരനെന്ന നിലയിൽ എന്നെ വീക്ഷിക്കുന്ന ഒരാൾക്ക് ഞാൻ സുഖമായിരിക്കുന്നുവെന്നാണ് തോന്നുക. ഇത് എന്റെ ആറാമത്തെ ഐ.പി.എൽ സെഞ്ച്വറിയാണ്. എനിക്ക് മതിയായ ക്രെഡിറ്റ് നൽകുന്നില്ല, കാരണം ഞാൻ വലിയ സമ്മർദത്തിലാണ് കളിച്ചത്. പുറത്തുള്ളവർ എന്നെ കുറിച്ച് പറയുന്നത് ഞാൻ കാര്യമാക്കുന്നില്ല. അത് അവരുടെ അഭിപ്രായം’ -കോഹ്ലി പറഞ്ഞു.
എന്നെ സംബന്ധിച്ചിടത്തോളം ഇത് ഫാൻസി ഷോട്ടുകൾ കളിക്കുന്നതിനും വിക്കറ്റ് വലിച്ചെറിയുന്നതിനും വേണ്ടിയല്ല. ഐ.പി.എല്ലിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നടക്കാനുണ്ട്. എനിക്കെന്‍റെ ബാറ്റിങ് കഴിവുകളിൽ ഉറച്ചുനിൽക്കണമായിരുന്നുവെന്നും കോഹ്ലി കൂട്ടിച്ചേർത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 51 പന്തിൽ 104 റൺസടിച്ച ഹെയ്ൻറിച്ച് ക്ലാസെന്റെ മികവിൽ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 186 റൺസെടുത്തിരുന്നു.
മറുപടിയിൽ ബാംഗ്ലൂർ നാല് പന്ത് ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു. ഓപണർമാരായ കോഹ് ലിയുടെസെഞ്ച്വറിയും ഫാഫ് ഡു പ്ലെസിസിന്റെ (47 പന്തിൽ 71) പ്രകടനവുമാണ് ബാംഗ്ലൂരിന്റെ ജയം അനായാസമാക്കിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 107 പന്തിൽ 172 റൺസാണ് അടിച്ചെടുത്തത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ അവസാന മത്സരം ജയിച്ചാൽ പ്ലേ ഓഫിൽ കടക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ. എങ്കിലും മറ്റു ചില മത്സരങ്ങളുടെ ഫലവും നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

