''നീ വേരണ്ട, രാജ്യത്തിനായി കളിക്കൂവെന്ന് ഉമ്മ പറഞ്ഞു, പിതാവിൻെറ മരണത്തിൽ കോഹ്ലി ധൈര്യം തന്നു''
text_fieldsസിഡ്നി: ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ പ്രിയപ്പെട്ട പിതാവിെൻറ മരണമേൽപിച്ച ആഘാതത്തിൽനിന്നും തിരിച്ചുവരുകയാണ് ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജ്. ശ്വാസകോശ അസുഖങ്ങളെ തുടർന്ന് വെള്ളിയാഴ്ച പിതാവ് മുഹമ്മദ് ഗൗസ് മരണപ്പെടുേമ്പാൾ ഇന്ത്യൻ ടീമിനൊപ്പം ആസ്ട്രേലിയയിലാണ് സിറാജ്.
പിതാവിെൻറ സ്വപ്നസാക്ഷാത്കാരത്തിനായി ടീമിനൊപ്പം തന്നെ തുടരാൻ തീരുമാനിച്ച താരം, കഴിഞ്ഞ ദിവസം വിഡിയോയിൽ ആരാധകർക്ക് മുമ്പാകെയെത്തി. തകർന്നുപോയ സമയങ്ങളിൽ ഒപ്പംനിന്ന് ധൈര്യം പകർന്ന ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കുറിച്ചായിരുന്നു സിറാജിന് പറയാനുണ്ടായിരുന്നത്. സ്വന്തം ജീവിതത്തിൽ സാമന സാഹചര്യം കടന്നുപോയ വിരാട് സിറാജിനെ ചേർത്തുപിടിച്ചു. 'വിഷമിക്കരുത്, കരുത്തോടെ നിൽക്കുക' -വിരാട് ഭായ് പറയുമായിരുന്നു. നീ ഇന്ത്യക്ക് കളിക്കുന്നതാണ് പിതാവിെൻറ വലിയ ആഗ്രഹം. അതിനാൽ, പതറരുത്' -കോഹ്ലി നൽകിയ പിന്തുണയെ കുറിച്ച് സിറാജ് പറയുന്നു.
ടീമിനൊപ്പം തുടരാനും പരമ്പര മുടക്കി നാട്ടിലേക്ക് വരേണ്ടെന്നും ഉമ്മയും പറഞ്ഞതായി സിറാജ് പറഞ്ഞു. 'എല്ലാവരും ഒരു ദിവസം മരിക്കും. ഇപ്പോൾ ഡാഡി പോയി. നാളെ ഞാനാവും. പിതാവ് ആഗ്രഹിച്ചതുപോലെ ചെയ്യുക. ഇന്ത്യക്കായി നന്നായി കളിക്കുക' -ഉമ്മയുടെ വാക്കുകൾ സിറാജ് ഒാർക്കുന്നു. നിർണാക സമയത്ത് ഒപ്പം നിന്ന സഹതാരങ്ങൾക്കും ടീം മാനേജ്മെൻറിനുമുള്ള നന്ദി പറഞ്ഞാണ് സിറാജ് ബി.സി.സി.ഐ പുറത്തുവിട്ട വിഡിയോ അവസാനിപ്പിക്കുന്നത്.
താരത്തിെൻറ ബൗളിങ് പരിശീലനം വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2007ൽ കൗമാരക്കാരനായ കോഹ്ലി രഞ്ജി ട്രോഫിയിൽ ഡൽഹി ടീമിനായി കളിക്കുേമ്പാഴായിരുന്നു അദ്ദേഹത്തിെൻറ പിതാവിെൻറ മരണം. അടുത്ത ദിവസം കോഹ്ലി 97 റൺസെടുക്കുകയും ചെയ്തു.
2017ൽ സിറാജ് ഇന്ത്യൻ ടീമിൽ ഇടം പിടിച്ചതോടെ ഹൈദരാബാദ് നഗരത്തിലെ ഓട്ടോ തൊഴിലാളിയായിരുന്ന ഗൗസ് വാർത്തകളിലിടം നേടിയിരുന്നു. ഐ.പി.എൽ താരലേലത്തിൽ ഉൾപ്പെട്ടതോടെ സിറാജിന് ലഭിച്ച പണംകൊണ്ട് കുടുംബം പുതിയ വീട്ടിലേക്ക് മാറിയിരുന്നു. കഴിഞ്ഞ ഐ.പി.എൽ സീസണിലെ ഉജ്ജ്വല പ്രകടനമാണ് സിറാജിന് ആസ്ട്രേലിയൻ പര്യടനത്തിൽ ഇടം നൽകിയത്.