വി.ഐ.പി ടിക്കറ്റ് വിവാദം; ഐ.പി.എൽ ഉദ്ഘാടന മത്സരത്തിന് എം.എൽ.എമാർക്ക് രണ്ട് ടിക്കറ്റുകൾ വീതം
text_fieldsബംഗളൂരു: ശനിയാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കർണാടകയിലെ എം.എൽ.എമാർക്കും എം.പിമാർക്കും മന്ത്രിമാർക്കും രണ്ട് ടിക്കറ്റുകൾ വീതം ലഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
നാല് വി.ഐ.പി പാസുകൾ വേണമെന്ന ആവശ്യം നേരത്തേ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. നാല് ടിക്കറ്റുകൾ നൽകാൻ കഴിയില്ല. എല്ലാ എം.എൽ.എമാർക്കും എം.പിമാർക്കും മന്ത്രിമാർക്കും ഓരോ സീറ്റ് വീതം ലഭിക്കുമായിരുന്നു.
കുടുംബാംഗങ്ങൾ കൂടെയുണ്ടെങ്കില്‍ രണ്ട് ടിക്കറ്റുകൾ നൽകാൻ സംഘാടകരോട് നിര്‍ദേശിച്ചിട്ടുണ്ട് . ശനിയാഴ്ചത്തെ ആദ്യ മത്സരത്തിന് അവർക്ക് രണ്ട് ടിക്കറ്റുകൾ ലഭിക്കും. നടക്കാനിരിക്കുന്ന മത്സരങ്ങളുടെ ക്രമീകരണങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (കെ.എസ്.സി.എ) പ്രസിഡന്‍റ് വെങ്കിടേഷ് പ്രസാദിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശിവകുമാര്‍. ബംഗളൂരുവിലെ വികസനത്തെക്കുറിച്ചുള്ള ചർച്ചക്കിടെ പ്രതിപക്ഷ നേതാവ് ആർ. അശോക ഈ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതോടെ നിയമസഭയിൽ വിഷയം കൂടുതൽ വഷളായി.
ചിന്നസ്വാമി സ്റ്റേഡിയത്തിനായി സർക്കാർ 16.32 ഏക്കർ സ്ഥലം 1,600 രൂപ പ്രതിമാസ വാടകക്ക് പാട്ടത്തിന് നൽകിയെന്നും നിയമസഭാംഗങ്ങൾക്ക് ഒരു ടിക്കറ്റ് പോലും ലഭിക്കാതെ ബുദ്ധിമുട്ടേണ്ടി വന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു ടിക്കറ്റിന് 20,000 രൂപ വരെ ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഒരു ടിക്കറ്റിനായി നമ്മള്‍ യാചിക്കേണ്ട സ്ഥിതിയാണ്. ആയിരക്കണക്കിന് കോടി സംഘാടകരുടെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എം.എൽ.എ വിജയാനന്ദ കാശപ്പണവർ ഈ അഭിപ്രായത്തെ പിന്തുണച്ചു.
ഓരോ എം.എൽ.എക്കും കുറഞ്ഞത് അഞ്ച് ടിക്കറ്റുകൾ വേണമെന്നും മെച്ചപ്പെട്ട ഇരിപ്പിടങ്ങള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൗജന്യ വി.ഐ.പി ടിക്കറ്റുകൾക്കായുള്ള ജനപ്രതിനിധികളുടെ ആവശ്യത്തെ ബി.ജെ.പി എം.പി തേജസ്വി സൂര്യ രൂക്ഷമായി വിമർശിച്ചു.
ഇത് ഫ്യൂഡല്‍ ചിന്താഗതിയാണെന്നും സാധാരണക്കാർ പണം നൽകി ടിക്കറ്റ് എടുക്കുമ്പോൾ ജനപ്രതിനിധികൾ സൗജന്യ ടിക്കറ്റിനായി നിയമസഭയിൽ വാദിക്കുന്നത് വിധാൻ സൗധയുടെ അന്തസ്സിന് ചേർന്നതല്ലെന്നും അദ്ദേഹം എക്സിൽ സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു.
ചർച്ചകൾക്കൊടുവിൽ ഓരോ എം.എൽ.എക്കും നാല് ടിക്കറ്റുകൾ വീതം നല്‍കാന്‍ സ്പീക്കർ യു.ടി. ഖാദർ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആദ്യ മത്സരത്തിന് രണ്ട് ടിക്കറ്റുകൾ മാത്രമെ നൽകൂ എന്ന നിലപാടിൽ ഉപമുഖ്യമന്ത്രി ഉറച്ചുനിൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

